
കേരളത്തിൽ ആരോഗ്യരംഗം വലിയ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും വീട്ടിൽ പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം നിയന്ത്രിക്കാനാകുന്നില്ല. കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിനിയായ കാർത്തിക എന്ന മുപ്പത്താറുകാരി വീട്ടിൽ പ്രസവിക്കുകയും നവജാത ശിശു മരിക്കുകയും ചെയ്തതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടുപ്രസവങ്ങൾ ഒഴിവാക്കാൻ വ്യക്തമായ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് സാമൂഹിക പ്രവർത്തകയും ഡോക്ടറുമായ ഡോ. കെ. പ്രതിഭ അഭിപ്രായപ്പെട്ടു. വിഷയത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അവർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. വീട്ടുപ്രസവത്തിൽ ദുരന്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും, അതിനെ ഗൗരവകരമായ കുറ്റമായി കാണണമെന്നും ഡോ. പ്രതിഭ ആവശ്യപ്പെട്ടു.
2026 ജനുവരിയിൽ മാത്രം സംസ്ഥാനത്ത് 14 വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മൂന്ന് ശിശുമരണങ്ങളും രേഖപ്പെടുത്തി. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ടുപ്രസവങ്ങളിൽ ഒൻപത് നവജാത ശിശുക്കൾ മരിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
വീട്ടുപ്രസവങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്താൻ മുൻപ് സർക്കുലർ ഇറങ്ങിയിരുന്നെങ്കിലും, അത് ഫലപ്രദമായി നടപ്പിലാകുന്നില്ലെന്ന വിമർശനമുണ്ട്. ഗർഭിണികൾ ആരോഗ്യസ്ഥാപനങ്ങളെ ഒഴിവാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി തടയുന്നതിലും വീഴ്ചയുണ്ടെന്നാണ് ആരോപണം.










