10:29pm 12 November 2026
NEWS
എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്
08/02/2026  05:09 AM IST
nila
എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.  ഗ്രാമീണമേഖലകളിൽ യാത്രാസൗകര്യം പരിമിതമായതിനാൽ നഴ്‌സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പുതിയ നിർദ്ദേശം. യുവജനക്ഷേമ–യുവജനകാര്യ നിയമസഭാസമിതിയുടെ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാത്രി ഷിഫ്റ്റ് വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയായി ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പകൽ ഷിഫ്റ്റുകൾ എട്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ആഴ്ചയിൽ ഒരു നഴ്‌സ് പരമാവധി 48 മണിക്കൂർ മാത്രം ജോലി ചെയ്യണമെന്നതാണ് മാനദണ്ഡം.

നഴ്‌സുമാർക്ക് അമിത ജോലിഭാരം ഉണ്ടാകാതിരിക്കാൻ അധികസമയം ചെയ്യുന്ന ജോലി കർശനമായി നിയന്ത്രിക്കണമെന്നുമുണ്ട്. ഒരുദിവസം അധികമായി ജോലി ചെയ്യാവുന്ന സമയം പരമാവധി മൂന്ന് മണിക്കൂറായി നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്തിന് ഓവർടൈം വേതനം നൽകുകയോ അല്ലെങ്കിൽ പകരം അവധി അനുവദിക്കുകയോ വേണം.

വയസ്സ് പരിഗണിച്ചുള്ള ജോലിക്രമീകരണങ്ങളും നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 വയസ് കഴിഞ്ഞ നഴ്‌സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും, അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഗ്രാമീണമേഖലകളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് യാത്രാസൗകര്യമോ താമസസൗകര്യമോ ഉറപ്പാക്കാൻ ആശുപത്രി മാനേജ്മെന്റുകൾ ബാധ്യസ്ഥരായിരിക്കുമെന്നും നിർദേശത്തിൽ പറയുന്നു. ഇതിനായി വാഹന സൗകര്യമോ ഹോസ്റ്റൽ സംവിധാനമോ ഏർപ്പെടുത്തണം.

അതേസമയം, ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരെതിരെ പ്രതികാര നടപടികൾ സ്വീകരിക്കരുതെന്നും, അവരുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ആശുപത്രികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img