02:55pm 25 June 2026
NEWS
തിരുപ്പറൻകുണ്ഡ്രത്തെ ​ഹിന്ദു - മുസ്ലീം തർക്കത്തിൽ സമാധാനത്തിനും സൗഹാർദത്തിനും വിഘാതം ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി
15/02/2025  01:54 PM IST
nila
തിരുപ്പറൻകുണ്ഡ്രത്തെ ​ഹിന്ദു - മുസ്ലീം തർക്കത്തിൽ സമാധാനത്തിനും സൗഹാർദത്തിനും വിഘാതം ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി

ചെന്നൈ: തീർത്ഥാടന പട്ടണമായ തിരുപ്പറൻകുണ്ഡ്രത്തിൻ്റെ സമാധാനത്തിനും സൗഹാർദത്തിനും വിഘാതം ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി മദ്രാസ് ഹൈക്കോടതി. തലമുറകളായി ഹിന്ദുക്കളും മുസ്ലീങ്ങളും ജൈനരും ഒരുമിച്ച് ആരാധന നടത്തുന്ന പ്രദേശമാണ് തമിഴ്‌നാട്ടിലെ മധുര നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന  തിരുപ്പറൻകുണ്ഡ്രം. തിരുപ്പറൻകുണ്ഡ്രം കുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫെബ്രുവരി 18ന് ചെന്നൈയിൽ ഘോഷയാത്ര നടത്താൻ അനുമതി തേടി വലതുപക്ഷ സംഘടനയായ ഭാരത് ഹിന്ദു മുന്നണി സമർപ്പിച്ച ഹർജി തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. 

ക്ഷേത്രവും ദർഗയും സ്ഥിതി ചെയ്യുന്ന തിരുപ്പരൻകുണ്ഡ്രത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുസ്ലീം സമുദായാംഗങ്ങൾ സ്ഥലത്തിൻ്റെ പേര് മാറ്റാൻ ശ്രമിക്കുന്നതായി ഹർജിക്കാർ ആരോപിക്കുന്നു. തിരുപ്പരൻകുന്ദ്രം കുന്നിൻ്റെ മറ്റൊരു പേരായ "ശ്രീ കണ്ഠർ ഹിൽ" മാറ്റി "സിക്കന്തർ ഹിൽ" എന്ന് പുനർനാമകരണം ചെയ്യാൻ ശ്രമം നടക്കുന്നു എന്നാണ് ഭാരത് ഹിന്ദു മുന്നണി പ്രവർത്തകരുടെ ആരോപണം. ഇതിനെതിരെ വേലുമായി റാലി നടത്താൻ അനുമതി വേണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. 

തിരുപ്പറൻകുണ്ഡ്രത്തെ മുരുകൻ ക്ഷേത്രത്തെ ഇസ്ലാമികവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആരോപണവുമായാണ് ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുന്നത്. ഇവിടെ  മുരുകൻ ക്ഷേത്രത്തിന് പുറമേ ഇസ്ലാംമത വിശ്വാസികളുടെ ഒരു ദർ​ഗയുമുണ്ട്. ​ദർ​ഗയിൽ ആടിനെയും കോഴികളെയും ബലിനൽകാൻ അനുവദിക്കില്ലെന്നാണ് ഹിന്ദു വിഭാ​ഗത്തിന്റെ നിലപാട്. ദർ​ഗയിൽ മൃ​ഗബലി നടത്തിയാൽ ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്. 

ഫെബ്രുവരി 18ന് ​ദർ​ഗയിൽ മൃ​ഗബലി നടത്തുമെന്ന പോസ്റ്റർ വ്യാപകമായി പ്രചരിച്ചിരുന്നു. ദർഗയിൽ ആരാധന നടത്താനുള്ള അവകാശം സംരക്ഷിക്കാൻ മൃഗബലി നടത്തുമെന്നായിരുന്നു പോസ്റ്റർ. ഇതിന് പിന്നാലെ വേലുമായി റാലി നടത്താൻ ഹിന്ദു മുന്നണിയും ആഹ്വാനം ചെയ്തു. അധികൃതർ റാലിക്ക് അനുമതി നിഷേധിച്ചതോടെയാണ് ഭാരവാ​ഹികൾ കോടതിയെ സമീപിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img