
ദോഹ: കായിക മത്സരങ്ങളിലേക്ക് കായികപ്രേമികളെ കൂടുതൽ ആകർഷിക്കുന്നതിനും അവരെ പങ്കാളികളാക്കുന്നതിനുമായി 'ഹയ്യോ' (Hayyoh) എന്ന പുതിയ ദേശീയ പദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ഹയ്യോ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം വിശദീകരിച്ചത്.
അംഗീകൃത കായിക മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തുന്നവർക്ക് പോയിന്റുകൾ നൽകുകയും, അതിലൂടെ അംഗത്വ ടയറുകൾ (Membership Tiers) ഉയർത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതി. പങ്കാളിത്ത ശൃംഖല വഴിയുള്ള ഓഫറുകളും റിവാർഡുകളും അനുഭവങ്ങളും സ്വന്തമാക്കാൻ ഈ പോയിന്റുകൾ ഉപയോഗിക്കാം.ഓരോ കായിക മത്സരം കാണാൻ എത്തുമ്പോഴും 1,000 ഹയ്യോ പോയിന്റുകൾ ലഭിക്കും.ഉപഭോക്താക്കളുടെ പങ്കാളിത്തം അനുസരിച്ച് മെമ്പർ, ബ്രോൺസ്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് ടയറുകളിലായി പ്ലാറ്റ്‌ഫോം തരംതിരിച്ചിരിക്കുന്നു.ഖത്തറി പൗരന്മാർക്കും സാധുവായ ഖത്തർ ഐഡി (QID) ഉള്ള പ്രവാസികൾക്കും ഹയ്യോയിൽ രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്.രക്ഷിതാക്കളുടെ സമ്മതത്തോടെ 12 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കും പ്രത്യേക അക്കൗണ്ട് വഴി ഇതിൽ പങ്കാളികളാകാം.
ഡിജിറ്റൽ രീതിയിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റ അക്കൗണ്ടിലൂടെ അനുയോജ്യമായ മത്സരങ്ങൾ കണ്ടെത്താനും, പോയിന്റ് ബാലൻസ്, മെമ്പർഷിപ്പ് ലെവൽ എന്നിവ പരിശോധിക്കാനും, ഓഫറുകൾ റിഡീം ചെയ്യാനും സാധിക്കും. കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വിപുലീകരിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.










