10:41pm 27 June 2026
NEWS
നാല്പത് കോടിയുടെ ഹവാല ഡീൽ, കടത്തിയത് 49 കിലോ സ്വർണ്ണം ; രന്യറാവു ചെറിയ മീനല്ല
04/04/2025  11:58 AM IST
വിഷ്ണുമംഗലം കുമാർ
നാല്പത് കോടിയുടെ ഹവാല ഡീൽ, കടത്തിയത് 49 കിലോ സ്വർണ്ണം ; രന്യറാവു ചെറിയ മീനല്ല

കർണാടകം:  ദുബായിൽ നിന്ന് സ്വർണ്ണം കടത്തവെ ബംഗളുരു എയർപോർട്ടിൽ വെച്ച് മാർച്ച്‌ മൂന്നിന് പിടിയിലായ സിനിമാനടി രന്യറാവു ഒരു മാസമായി ജയിലിലാണ്. പിറ്റേന്നാണ് അവരുടെ കൂട്ടാളി തെലുഗു നടനും വ്യവസായിയുമായ തരുൺ രാജു അറസ്റ്റ് ചെയ്യപ്പെട്ടത്. രന്യയുടെയും തരുണിന്റെയും പ്രധാന സഹായിയായ സ്വർണ്ണ വ്യാപാരി സാഹിൽ സക്കറിയ ജയിനും പിടിയിലായതോടെയാണ് സ്വർണ്ണക്കടത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മാർച്ച് 27 ന് അറസ്റ്റിലായ സാഹിൽ ഈ മാസം ഏഴുവരെ കസ്റ്റഡിയിലാണ്. കടത്തിക്കൊണ്ടുവന്ന സ്വർണ്ണം വിറ്റുകൊടുക്കുക മാത്രമല്ല സ്വർണ്ണം വാങ്ങാനുള്ള പണം ഹവാല വഴി ദുബായിൽ എത്തിക്കാൻ സഹായിച്ചതും സാഹിൽ ആണെന്ന് ഡി ആർ ഐയുടെ റിമാണ്ട് റിപ്പോർട്ടിൽ പറയുന്നു. ജനവരിയിലും ഫെബ്രവരിയിലുമായി രന്യ കടത്തിയ 49.6 കിലോ സ്വർണ്ണം സാഹിൽ വിറ്റു കൊടുത്തിട്ടുണ്ട്. സ്വർണ്ണം വാങ്ങാനായി രന്യ സ്വരൂപിച്ച 40 കോടി സാഹിൽ ഹവാല വഴി ദുബായിൽ എത്തിച്ചു. ജനവരി 25 ന് 14.568 കിലോ സ്വർണ്ണമാണ് രന്യ കടത്തിയത്. അതിനായി 11.01 കോടി ഹവാലയിലൂടെ തരുണും സാഹിലും ദുബായിൽ എത്തിച്ചു. ഫെബ്രുവരിയിൽ 13.433 കിലോ സ്വർണ്ണം കടത്തി. അതിനായി 11.25 കോടി ഹവാല വഴി ദുബായിൽ എത്തിച്ചു. 55.81 ലക്ഷം രന്യയ്ക്ക് നൽകിയതായും സാഹിൽ ഡി ആർ ഐ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. അതിന്റെ തെളിവുകൾ രന്യയുടെയും സാഹിലിന്റെയും ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചതിൽ നിന്നും ഡി ആർ ഐയ്ക്ക് ലഭിച്ചിരുന്നു.അറസ്റ്റ് ചെയ്ത ദിവസം രന്യയുടെ വസതി റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത 2.67 കോടി ഹവാല പണമാണെന്ന് ഡി ആർ ഐ വ്യക്തമാക്കുന്നു. ഹവാല, സ്വർണ്ണവില്പന ഇടപാടുകൾ കമ്മീഷൻ അടിസ്ഥാനത്തിലാണ് രന്യയ്ക്ക് സാഹിൽ ചെയ്തുകൊടുത്തത്. കഴിഞ്ഞ നവംബറിലാണ് പ്രശസ്ത ആർക്കിടെക് ജതിൻ ഹുക്കേരിയും രന്യറാവുവും തമ്മിലുള്ള വിവാഹം നടന്നത്. തരുൺ രാജുവുമായി രന്യയ്ക്കുള്ള അതിരുവിട്ട ബന്ധത്തിന്റെ പേരിൽ ജതിൻ വഴക്കിടുകയും ഡിസംബറിൽ തന്നെ ഇരുവരും മാനസികമായി അകലുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്തിൽ രന്യ അറസ്റ്റുചെയ്യപ്പെട്ടത് ജതിന് നാണക്കേടായി. സ്വർണ്ണക്കടത്തിൽ അയാൾക്ക് പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കാര്യങ്ങൾ വഷളായതോടെ വിവാഹമോചനത്തിന് കോടതിയിൽ ഹരജി നൽകിയിരിക്കുകയാണ് ജതിൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img