08:12am 03 November 2026
NEWS
ജിം ജിഞ്ചിനാക്കടീ..
02/11/2026  09:08 PM IST
മുരളി തിരുവഴി
ജിം ജിഞ്ചിനാക്കടീ..

 

കെട്ടിയോനോട് വഴക്കു കൂടി..! മുതുകത്ത് ഒറ്റ ഇടി കൊടുത്തിട്ട് ഓടാനാണ് തോന്നിയത്.
പക്ഷേ...
ദേഹത്ത് തൊടാൻ ധൈര്യം പോരാ. കുന്താലികൊണ്ട് വെട്ടിക്കിളക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു…മുതുകാലന്റെ മസിലൊക്കെ വെട്ടിത്തിളങ്ങുന്നു.
ചില സമയത്ത് അങ്ങേരുടെ തൊലിഞ്ഞ സ്വഭാവം കാണുമ്പോൾ തീക്കൊള്ളി എടുത്ത് മോന്തയ്ക്ക് കുത്താൻ തോന്നും.
…പക്ഷേ കൈയിലെ മസിലുകൾ കാണുമ്പോൾ ദേഷ്യം    അങ്ങിറങ്ങും...
'ഇങ്ങേരെപ്പോലെ മസിൽ ഉണ്ടാക്കണം. നാളെ മുതൽ ജിം!'
ഇത് കേട്ടപാടെ എല്ലാത്തിനും എതിരുപറയുന്ന കെട്ടിയോൻ ഇടപെട്ടു:
'എടീ… നീ, ജിമ്മിൽ പോയാൽ ആദ്യം എല്ലാം കണ്ടു മനസ്സിലാക്കണം. പതുക്കെ തുടങ്ങണം.'
മനസ്സിൽ പറഞ്ഞു 'പോ.. പോ.. ദൂരെപ്പോ... നെഗറ്റീവേ ..'
അടുത്ത ദിവസം ജിമ്മിൽ.
ഒന്നാം നിലയിലാണു ജിം.. കുത്തനെയുള്ള പടികൾ...
പടിയുടെ ആദ്യ പടി… ഓക്കേ.
രണ്ടാം പടി… വോക്കേ.
മൂന്നാം പടി… ഹോക്കേ ...
നാലാം പടി… ഇവിടെ അടുത്ത് ആംബുലൻസ് കിട്ടുവോ എന്തോ..?
പടിയുടെ പകുതിയിൽ ശ്വാസം പോയി. എന്നാലും മാനക്കേട് പേടിച്ച് ഒരു വിധത്തിൽ ബാക്കി പടികൾ ചാടിക്കയറി മുകളിൽ എത്തി. ഒരു ഭിത്തി കണ്ടു. ഭിത്തിയിൽ ചാരി നിന്നു.
സത്യത്തിൽ ചാരി നിൽക്കാൻ വേണ്ടി മാത്രമാണ് ഭിത്തികൾ കെട്ടുന്നത്..!
ജിം ട്രെയിനർ വന്നു. 'മാഡം, ആദ്യം ബോഡി വാം അപ്പ് വേണം. ലഘു വ്യായാമങ്ങൾ…'

ദേ തുടങ്ങി ഉപദേശം!
അപ്പുറത്ത് ഒരു ജിമ്മർ ആന്റി ട്രെഡ്മില്ലിൽ പറക്കുന്നത് കണ്ടു.
അടുത്തു ചെന്നു.
'മാഡം… തുടക്കക്കാർക്ക് ട്രെഡ്മില്ലിൽ കയറാമോ?'
ഓൾ കേരള പുലിപ്പെണ്ണ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായ ആന്റി ചിരിച്ചു:
'ഹേ കൊച്ചേ… നമ്മൾ പെണ്ണുങ്ങൾ അബലയല്ല.. ശക്തിയാണ്... ഒന്നിലും അമാന്തിച്ചു നിൽക്കരുത.്  ചാടിയങ്ങ് കയറി ഞാൻ ചെയ്യുന്നതുപോലെ ചെയ്യൂ...!'
ആന്റി ട്രെഡ്മില്ലിൽ കയറി വീണ്ടും സ്റ്റാർട്ട് ചെയ്തു. ഞാനും അടുത്ത മില്ലിൽ കയറി.
ആദ്യ പത്ത് മിനിറ്റ്…'അയ്യോ… ജിം ഇത്ര രസമായിരുന്നോ?'
അരമണിക്കൂർ കഴിഞ്ഞപ്പോ… ആന്റി ഓടുന്നു!
കെട്ടിയോനേ ഓർത്തപ്പോൾ ഞാനും വിട്ടില്ല.
ഒന്നര മണിക്കൂർ കഴിഞ്ഞ്… ആന്റി സിംപിളായി ടവൽ എടുത്തു, ഡ്രസ്സ് മാറി, ലിപ്സ്റ്റിക് പോലും മായാതെ ഇറങ്ങിപ്പോയി!
ഞാൻ ഇറങ്ങാൻ നോക്കി.
അയ്യോടിയേ…
ഒരു ചുവടുവയ്ക്കാൻ പറ്റുന്നില്ല! കാലു പൊക്കണമെങ്കിൽ ചെറിയ ക്രെയിൻ വേണം.
എങ്ങനെയെങ്കിലും പടികൾ ഇറങ്ങി വീട്ടിലെത്തിയാൽ മതി.
പക്ഷേ കുത്തനെയുള്ള പടികൾ.
സഹായിക്കാൻ ഒറ്റ ഒരുത്തിയും മുന്നോട്ട് വരുന്നില്ല. ചിലരൊക്കെ കുനിഞ്ഞിരുന്ന് ചിരിക്കുന്നു.. എല്ലാത്തിനേം കാണിച്ചു തരാമെടീ...
കാലെടുത്ത് പൊക്കാൻ നോക്കിയപ്പോൾ മനസ്സിലായി... നമ്മൾ അബലയല്ല... തബലയാണെന്ന്...!
സന്ധ്യയാകുന്നു വേദനകൊണ്ട് കിടന്ന് കാറി.

കാറിച്ച കേട്ടതു കൊണ്ടാണെന്നു തോന്നുന്നു, ആരോ കെട്ടിയോനെ വിളിച്ചു. അങ്ങേർ പാഞ്ഞെത്തി.
കൂടെ നാലുപേരും.
ഒരു കയറ്റുകട്ടിലിൽ കിടത്തി തൂക്കി താഴെയിറക്കി!
ആ ജംഗ്ഷനിലെ സകലമാന വായ്‌നോക്കികളും ഉറ്റുനോക്കി ക്കൊണ്ടിരിക്കുന്നു..
ചത്ത് ... ചത്ത് ... ചത്ത്...!
ഇവനൊന്നും വീട്ടിൽ ഒരു പണിയുമില്ലേ.. ഒരു പാവം പെണ്ണിന്റെ കാലിന്റെ മസില് കോച്ചിപ്പിടിക്കുന്നത് അത്ര വലിയ കുറ്റമാ..?
കൂടെ വന്ന ചുമട്ടുകാർക്ക് കെട്ടിയോൻ രണ്ടായിരം രൂപ കൊടുത്തു.
അതിൽ നിന്നും ആയിരം രൂപ നോക്കുകൂലി ആയിട്ട് അവർ ഇങ്ങോട്ട് തന്നു.
കയറ്റുകട്ടിലിലെ എന്റെ കിടപ്പു നോക്കിയിരിക്കാൻ നല്ല രസമായിരുന്നുപോലും.. കാലൻമാർ...!
അതിനു ശേഷം ഒന്നരആഴ്ച അങ്ങേർ എണ്ണയിട്ടു തിരുമ്മി ത്തന്നതിനു ശേഷമാണ് പിച്ചവയ്ക്കാൻ തുടങ്ങിയത്.
അതുകൊണ്ട് പെണ്ണുങ്ങളേ… ആദ്യമായി ജിമ്മിൽ കയറുമ്പോൾ ഒറ്റയാളെയും കണ്ണടച്ച് വിശ്വസിക്കരുത്. പ്രത്യേകിച്ച് ജിമ്മർ ആന്റിമാരെ!
ഇപ്പോൾ ഒരു കാര്യംകൂടി മനസ്സിലായി..
'കെട്ടിയോനേ അടിക്കുന്നതിനേക്കാൾ നല്ലത് രണ്ടു മാന്തും കൊടുത്ത് കടിച്ചിട്ടോടുന്നതാ...!'

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.