02:50pm 05 November 2026
NEWS
തുരുമ്പൻ രാജാവ്
05/11/2026  11:58 AM IST
പ്രതീഷ് കാരപ്പാടം
തുരുമ്പൻ രാജാവ്

തവളക്കുഴി പഞ്ചായത്തിലെ ഏറ്റവും വലിയ തലവേദന എതാണെന്ന് ചോദിച്ചാൽ നാട്ടുകാർ ഒരേ സ്വരത്തിൽ പറയും: 'അത് സുകുമാരൻ നായരുടെ പശുവും, പിന്നെ സൽമാന്റെ ഓട്ടോറിക്ഷയുമാണെന്ന്..'
സൽമാന്റെ 'ഓട്ടോ' നാട്ടിൽ 'തുരുമ്പൻ രാജാവ്' എന്നാണ് അറിയപ്പെടുന്നത്. 

സ്റ്റാർട്ട് ചെയ്താൽ ആൽത്തറ ജംഗ്ഷൻ മുഴുവൻ കരിമ്പുക കൊണ്ട് മൂടും. ഒരു കിലോമീറ്റർ ഓടിയാൽ രണ്ട് കിലോമീറ്റർ തള്ളേണ്ടി വരും.
അങ്ങനെയുള്ള ആ ഓട്ടോയിലാണ് ഒരു ശനിയാഴ്ച വൈകുന്നേരം നാട്ടിലെ പ്രമാണിയായ പപ്പൻപിള്ള കയറിയത്. ടൗണിൽ പോയി ബാങ്കിലെ കുറച്ചു കാര്യങ്ങൾ തീർക്കണമായിരുന്നു.

'സൽമാനേ, വണ്ടിക്ക് വല്ല കുഴപ്പവുമുണ്ടോ? എന്നെ കൃത്യസമയത്ത് ബാങ്കിൽ എത്തിക്കണം. അഞ്ച് മണിക്ക് ബാങ്ക് അടയ്ക്കും,
'പപ്പൻപിള്ള വാച്ചിൽ നോക്കി പറഞ്ഞു.

'നിങ്ങൾ ധൈര്യമായിരിക്ക് പിള്ളേച്ചാ... ഈ സൽമാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങളെ ഞാൻ വഴിയിൽ ഉപേക്ഷിക്കില്ല.' സൽമാൻ ഓട്ടോയുടെ ലിവർ ഒരൊറ്റ വലി വലിച്ചു. വണ്ടി രണ്ട് തവണ ചുമച്ചുകൊണ്ട് സ്റ്റാർട്ടായി.

വഴിയിൽ വെച്ച് സൽമാന്റെ കൂട്ടുകാരൻ പോക്കറും വണ്ടിക്ക് കൈകാണിച്ച് കയറി.

യാത്ര തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി കൃത്യം ഒരു വിജനമായ റബ്ബർ തോട്ടത്തിന്റെ നടുക്കെത്തിയപ്പോൾ പതിവുപോലെ 'ബുടു ബുടു' എന്ന് ശബ്ദമുണ്ടാക്കി നിന്നുപോയി. സൽമാൻ ഇറങ്ങി വണ്ടിയുടെ പുറകിൽ തട്ടിനോക്കി, പ്ലഗ്ഗ് ഊരി തുടച്ചു, സീറ്റിന്റെ അടിയിൽ നോക്കി. ഒരു രക്ഷയുമില്ല.

'സൽമാനേ... സമയം നാലരയായി. നീ എന്നെ ചതിച്ചോ?' പപ്പൻപിള്ളയുടെ ബിപി കൂടാൻ തുടങ്ങി.
'പിള്ളേച്ചാ, ചെറിയൊരു കംപ്ലെയ്ന്റാണ്. നിങ്ങളും പോക്കറും കൂടി പുറകിൽ നിന്ന് ഒരൊറ്റ തള്ള് തന്നാൽ വണ്ടി റെഡിയാകും,' 
വേറെ വഴിയില്ലാത്തതുകൊണ്ട് 65 വയസ്സുള്ള പപ്പൻപിള്ളയും പോക്കറും കൂടി മുണ്ടു മടക്കിക്കുത്തി ഓട്ടോ തള്ളാൻ തുടങ്ങി. വിയർത്തു കുളിച്ച് ഒരു അഞ്ഞൂറ് മീറ്റർ തള്ളിയപ്പോൾ വണ്ടി സ്റ്റാർട്ടായി!

'കേറിക്കോ... കേറിക്കോ!' സൽമാൻ വിളിച്ചുപറഞ്ഞു.

പക്ഷേ, പപ്പൻപിള്ളയും പോക്കറും ഓടി വണ്ടിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും സൽമാൻ വണ്ടി മുന്നോട്ട് എടുത്തു കഴിഞ്ഞിരുന്നു. വണ്ടി സ്ലോ ചെയ്താൽ വീണ്ടും ഓഫാകുമെന്ന് പേടിച്ചിട്ട് സൽമാൻ വണ്ടി നിർത്താതെ പതുക്കെ മുന്നോട്ട് പൊയ്‌ക്കൊണ്ടേിരുന്നു!
'ഡാ സൽമാനേ... വണ്ടി നിർത്തടാ! ഞങ്ങൾ പുറത്താണ്.' പപ്പൻപിള്ള പുറകെ ഓടിക്കൊണ്ട് നിലവിളിച്ചു.

'നിർത്താൻ പറ്റില്ല പിള്ളേച്ചാ! നിർത്തിയാൽ ഇത് പിന്നെ ചത്താലും സ്റ്റാർട്ടാവില്ല. നിങ്ങൾ ഓടി വന്ന് ചാടിക്കേറിക്കോ!' സൽമാൻ വണ്ടിയിൽ ഇരുന്ന് പിന്നോട്ട് നോക്കി വിളിച്ചുപറഞ്ഞു.
അവസാനം പോക്കറ് എങ്ങനെയൊക്കെയോ ഓടി ഓട്ടോയുടെ പുറകിൽ ചാടിക്കയറി. പക്ഷേ പപ്പൻ പിള്ളയ്ക്ക് ആ വേഗതയിൽ ഓടാൻ പറ്റിയില്ല. പിള്ള ദേഷ്യം കൊണ്ട് വിറച്ച് വഴിയിൽ നിന്നു.

സൽമാൻ ദൂരെ നിന്ന് കൈ വീശി കാണിച്ചുകൊണ്ട് പറഞ്ഞു: 'പിള്ളേച്ചാ... ഞാൻ ബാങ്കിലേക്ക് പോവുകയാണ്. നിങ്ങളുടെ പാസ്സ്ബുക്ക് എന്റെ കൈയിലുണ്ടല്ലോ. ഞാൻ പോയി പൈസ വാങ്ങിച്ചോളാം!'

അടുത്ത ദിവസം രാവിലെ ചായക്കടക്കാരൻ ഗോപിയുടെ കടയിൽ പപ്പൻപിള്ള ചായ കുടിക്കാൻ ഇരിക്കുകയാണ്. മുഖത്ത് ഒരൊറ്റ തുള്ളി ചോരയില്ല. 
അങ്ങോട്ടേക്ക് സൽമാൻ വളരെ കൂളായി ഓട്ടോയും കൊണ്ട് വന്നു നിർത്തി.

'എന്താ പിള്ളേച്ചാ, ഇന്നലെ ബാങ്കിലെ കാര്യം കഴിഞ്ഞപ്പോൾ വല്ലാതെ അങ്ങ് ക്ഷീണിച്ചുപോയോ?' സൽമാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
പപ്പൻപിള്ള ചായക്കപ്പ് മേശപ്പുറത്ത് വെച്ചിട്ട് പതുക്കെ എഴുന്നേറ്റു. എന്നിട്ട് സൽമാന്റെ അരികിലേക്ക് നടന്നു ചെന്നു.
'സൽമാനേ... നിന്റെ ഓട്ടോയുടെ ആർസി ബുക്കിൽ ഉടമസ്ഥന്റെ പേര് എന്താ എഴുതിയിരിക്കുന്നത്?' പിള്ളേച്ചൻ ശാന്തമായി ചോദിച്ചു.
'അതെന്താ പിള്ളേച്ചാ അങ്ങനെഒരു ചോദ്യം? അത് എന്റെ പേരിൽ തന്നെയാണ്.' സൽമാൻ കോളർ പൊക്കി..

'അത് തിരുത്തണം,' പപ്പൻ പിള്ള പറഞ്ഞു. 'ഇനി മുതൽ ആ ഓട്ടോയുടെ ഉടമസ്ഥന്റെ സ്ഥാനത്ത് എന്റെ പേര് വെക്കണം. കാരണം, ഇന്നലെ ആ വണ്ടി ഡീസൽ കൊണ്ട് ഓടിയ ദൂരത്തേക്കാൾ കൂടുതൽ എന്റെ ആയുസ്സും വിയർപ്പും കൊണ്ടാണ് ഓടിയത്. അതിന്റെ പകുതി ഓണർഷിപ്പ് എനിക്ക് വേണം!'

അവിടെയുണ്ടായിരുന്ന ആളുകളൊക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി.. ചായക്കടക്കാരൻ ഗോപി പറഞ്ഞു:
 'അത് ശരിയാ സൽമാനേ... ഇനി നിന്റെ ഓട്ടോയുടെ പുറകിൽ 'അമ്മയുടെ അനുഗ്രഹം' എന്ന് എഴുതുന്നതിന് പകരം'പിള്ളേച്ചന്റെ തള്ള്' എന്ന് എഴുതി വെക്കുന്നതാവും കൂടുതൽ ഭംഗി!'

സൽമാൻ ചമ്മിയ ചിരിയോടെ പതുക്കെ ഓട്ടോയിൽ കയറി ലിവർ വലിച്ചു. വണ്ടി വീണ്ടും കരിമ്പുക തുപ്പാൻ തുടങ്ങിയപ്പോൾ പപ്പൻ പിള്ള ഉറക്കെ വിളിച്ചു പറഞ്ഞു:
'ഡാ സൽമാനേ... ഇനി എങ്ങാനും നിന്റെ വണ്ടി എന്റെ വീടിന്റെ മുന്നിൽ വന്ന് ഓഫായാൽ ആ ഓട്ടോ വണ്ടിയോടെടുത്ത് ഞാൻ പറമ്പിലെ കിണറ്റിലിടും പറഞ്ഞേക്കാം!'

അത് കേട്ടതും സൽമാന്റെ ഓട്ടോ കരിമ്പുക വളയത്തിൽ പതുക്കെ മറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.