04:46pm 05 November 2026
NEWS
സംപ്രഭാതം
05/11/2026  11:51 AM IST
കുടിയേല ശ്രീകുമാർ
സംപ്രഭാതം

തേവലക്കര ഹൈസ്‌ക്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി വന്നതാണ് ശിവദാസൻ സാർ. പഠിച്ചതും പഠിപ്പിക്കുന്നതും മലയാളമാണ്. 
ശിവദാസൻ സാറിന്റെ മലയാളം ക്ലാസ്സിലിരിക്കാൻ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. അവസരം കിട്ടിയാൽ മറ്റ് ക്ലാസുകളിൽ നിന്നുപോലും കുട്ടികൾ കയറിയിരിക്കും. കഥാപ്രസംഗശൈലിയിലാണ് സാറിന്റെ ക്ലാസ്. കവിതകൾ ഈണത്തിൽ ചൊല്ലുമ്പോൾ അറിയാതെ കുട്ടികൾ ഡെസ്‌ക്കിൽ താളമിട്ടുപോകും. 

ശിവദാസൻ സാറിന്റെ ഘനഗാംഭീര്യമാർന്ന ശബ്ദം തൊട്ടടുത്ത ക്ലാസുകളിലെ കുട്ടികളുടെ ശ്രദ്ധ തിരിക്കും തൊട്ടടുത്തു നിന്ന് ക്ലാസെടുക്കാനാകാതെ അധ്യാപകർ നിസ്സഹായരാകും. ആഫീസ് റൂമിലെത്തെ പലരും പരിഭവപ്പെടും. 

ശിവദാസൻ സാറിന് മറ്റൊരു രീതിയിലും പഠിപ്പിക്കാനറിയില്ല. അതുകൊണ്ടുതന്നെ പരിഭവങ്ങൾക്കൊന്നും അദ്ദേഹം ചെവികൊടുക്കാറില്ല 
മലയാളികൾ മലയാളം തന്നെ പറയണമെന്നതിൽ ശിവദാസൻ സാറിന് നിർബന്ധമാണ്. ആദ്യദിവസം ക്ലാസിലേക്കു കയറിപ്പോൾ കുട്ടികൾ ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ തന്നെ സാറ് തന്റെ നിലപാട് വ്യക്തമാക്കി. അഭിവാദനം ചെയ്യാൻ എത്രയോ ഭംഗിയുള്ള വാക്കുകൾ മലയാളത്തിലുണ്ടായിട്ടും ഇംഗ്ലീഷ്‌കാരന്റെ വാക്കുകൾക്കു പിന്നാലെ ഓടുന്നതെന്തിനെന്നു ചോദിച്ചപ്പോൾ കുട്ടികൾ നിശബ്ദരായി.
'നിങ്ങൾക്ക് സുപ്രഭാതമെന്നു പറഞ്ഞാലെന്താ ?'

കുട്ടികൾ ആ വാക്ക് ആദ്യം കേൾക്കുന്ന കൗതുകത്തോടെ ശിവദാസൻ സാറിനെ ഉറ്റുനോക്കി.
' എന്നെ കാണുമ്പോൾ നമസ്‌ക്കാരം സാർ എന്ന് പറഞ്ഞാൽ മതി. ആരും ഇംഗ്ലീഷ് വാക്കുകൾ എഴുന്നള്ളിക്കണ്ട. ശിവദാസൻസാർ താക്കീതെന്നവണ്ണം കുട്ടികളോട് പറഞ്ഞു.

ശിവദാസൻ സാറിന്റെ കടുത്ത മാതൃഭാഷാ സ്‌നേഹം അനേകം ശത്രുക്കളെ സമ്പാദിക്കുന്നതിനിട യാക്കിയുണ്ട്. സഹപ്രവർത്തകയായ ജെസി ടീച്ചർ മകന്റെ കല്യാണക്കുറി കൊടുത്തതാണ് ഒരു സന്ദർഭം. ഇംഗ്ലീഷിൽ അച്ചടിച്ച കല്യാണക്കുറി വായിക്കാതെ അവരുടെ മുമ്പിൽ വച്ച് ശിവദാസൻ സാർ വലിച്ചുകീറി ദൂരെയെറിഞ്ഞു. അത് ആഫീസ് മുറിയിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലകൾ ഇപ്പോഴും ശമിച്ചിട്ടില്ല. ഭൂരിഭാഗം അധ്യാപകരും ജെസി ടീച്ചർക്ക് പിന്തുണ നൽകിയതോടെ ശിവദാസൻ സാർ ഒറ്റപ്പെട്ടു . എന്നാലും ശിവദാസൻ സാർ തന്റെ ഒറ്റയാൾ പോരാട്ടം തുടർന്നുകൊണ്ടിരുന്നു. 

ശിവദാസൻ സാറിനോടു സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ വരാതിരിക്കാൻ സഹപ്രവർത്തകർ പരമാവധി ശ്രദ്ധിച്ചു. ആരിൽ നിന്നെങ്കിലും ഒരു ഇംഗ്ലീഷ് വാക്ക് ഉതിർന്നാൽ ശിവദാസൻ സാറിന്റെ മട്ട് മാറും.. കണക്കറ്റ് ശകാരിക്കും. കുട്ടികൾക്കിടയിൽ ' മലയാളി മാമൻ' എന്ന ഓമനപ്പേരിലാണ് ശിവദാസൻ സാർ അറിയപ്പെടുന്നത്.

നവംബർ മാസത്തിൽ മലയാള ഭാഷാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനസമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി ശിവദാസൻ സാർ തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഭാഷാപണ്ഡിതനും വാഗ്മിയുമായ ഡോ. വാഴക്കാടൻ ഉദ്ഘാടനം ചെയ്യുന്ന സമ്മളത്തിന്റെ അദ്ധ്യക്ഷൻ ശിവദാസൻ സാറായിരുന്നു. പത്ത് മണിക്ക് തുടങ്ങേണ്ട സമ്മേളനം ഉദ്ഘാടകനെക്കാത്ത് അനിശ്ചിതമായി നീണ്ടു. പതിനൊന്ന് മണിക്ക് വാഴക്കാടനെത്തി. അതോടെ യോഗം തുടങ്ങി. വൈകിയതിനാൽ അദ്ധ്യക്ഷപ്രസംഗത്തിനു മുതിരാതെ ശിവദാസൻ സാർ ഉദ്ഘാടകനെ വിളിച്ചു. മൈക്കിനു മുമ്പിലേക്കു വന്ന ഡോ.വാഴക്കാടൻ പറഞ്ഞു. 'ഡിയർ സ്റ്റുഡന്റ്‌സ്, ഞാനല്പം ലേറ്റായിപ്പോയി ... സോറി ....

അടുത്ത വാക്കുച്ചരിക്കും മുമ്പ് അദ്ധ്യക്ഷസ്ഥാനത്തു നിന്നും എണീറ്റ ശിവദാസൻ സാർ വാഴക്കാടന്റെ ചെകിടത്താഞ്ഞൊരടി കൊടുത്തു. വേദിയിലും സദസിലുമുള്ളവരെല്ലാം സ്തബ്ധരായി. ചെകിട് പൊത്തിപ്പിടിച്ച് വാഴക്കാടൻ സീറ്റിലിരുന്നു. അല്പസമയത്തിനുശേഷം സംഘാടക സമിതിക്ക് പരാതി നൽകിയ വാഴക്കാടൻ നേരെ പോലീസിൽ പരാതിപ്പെട്ടു.

പിറ്റേന്നുതന്നെ ബോധപൂർവമായ കൈയേറ്റത്തിന് പോലീസ് ശിവദാസൻ സാറിനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. കുറ്റസമ്മതം നടത്തിയ ശിവദാസൻ സാറിന് ജഡ്ജി ആറുമാസത്തെ തടവിനു വിധിച്ചു. ശിവദാസൻ സാറിനെ പോലീസ് ജയിലിലെത്തിച്ചു.. കേസ്ഷീറ്റ് വായിച്ച ജയിൽ സൂപ്രണ്ട് അത്ഭുതപ്പെട്ടു. ഇങ്ങനെയൊരു കേസ് അത്യപൂർവമാണല്ലോ ? മലയാളത്തിനുവണ്ടി തല്ലുണ്ടാക്കിയ മഹാൻ എന്നു വിളിച്ച് സൂപ്രണ്ട് ശിവദാസൻ സാറിനെ സ്വാഗതം ചെയ്തു. മഹാനായാലും കുപ്പായമണിഞ്ഞാൽ പിന്നെ തടവുപുള്ളി തന്നെയാണല്ലോ. 

ശിവദാസൻ സാറിനെ ജയിൽവസ്ത്രം ധരിപ്പിച്ച് സെല്ലിലേക്കു മാറ്റി. പിറ്റേദിവസം മുതൽ മറ്റ് തടവുകാരോടൊപ്പം ശിവ ദാസൻസാർ കൃഷിപ്പണിക്കിറങ്ങി. ജയിലേക്കുള്ള പച്ചക്കറികൾ തടവുകാർ തന്നെയാണ് വിളയിപ്പിക്കുന്നത്. ജോലിക്ക് ചെറിയൊരു കൂലി നിശ്ചയിച്ചിട്ടുണ്ട്. തടവുകഴിഞ്ഞ് പോകുമ്പോൾ ഈയിനത്തിൽ നല്ലൊരു തുക ഓരോരുത്തർക്കും കിട്ടും. പേനപിടിച്ച കൈയിൽ തൂമ്പ വഴങ്ങില്ലല്ലോ. ശിവദാസൻസാറിന്റെ പങ്കപ്പാട് കണ്ട് ഒരുനാൾ ജയിൽ സൂപ്രണ്ട് കാബിനിലേക്ക് വിളിച്ചു. അധ്യാപകനായ താങ്കൾക്ക് കൃഷിപ്പണി വഴങ്ങില്ല. .ഇവിടെ 'ഡി' ബ്ലോക്കിൽ പതിനഞ്ച് തടവുകാരുണ്ട്. എല്ലാവരും തുറകളിൽ നിന്നുള്ളവരാണ്. വായ തുറന്നാൽ അസഭ്യമേ പറയൂ. കുറ്റം പറഞ്ഞിട്ടു കാര്യമില്ല . ജനിച്ചു വീഴുമ്പോഴേ കേൾക്കുന്നതല്ലേ ? താങ്കൾ അവർക്ക് ഭാഷ പഠിപ്പിച്ചു കൊടുക്കണം. എന്താ സമ്മതമല്ലേ ?
 
ശിവദാസൻ സാറിന് സന്തോഷമായി. ജയിലിലാണെ ങ്കിലും അന്തസ്സോടെ പറയാമല്ലോ. പ്രൊഫഷൻ പഠിപ്പിക്കലാണെന്ന്. തന്റെ ജയിൽശിക്ഷ കഴിയുമ്പോഴേക്കും അവരെ സഭ്യമായ ഭാഷക്കുടമയാക്കാം. ജയിലിലും ശിഷ്യന്മാരുണ്ടാകുമല്ലോ . അതോർക്കെ ശിവദാസൻ സാറിന് അഭിമാനം തോന്നി. 

 പിറ്റേദിവസം മുതൽ പഠനം ആരംഭിച്ചു. അക്ഷരങ്ങൾ എഴുതാനും കൂട്ടിവായിക്കാനും പഠിപ്പിച്ച ശേഷം അവരെ അക്ഷരങ്ങളുടെ വിശാല ലോകത്തേക്ക് ശിവദാസൻ സാർ കൂട്ടിക്കൊണ്ടുപോയി. ആറുമാസം കൊണ്ട് അവരെ അക്ഷരവിദ്യ പഠിപ്പിച്ചതിന് ശിവദാസൻ സാറിന് പ്രത്യേക ബഹുമതിപത്രം നൽകി ആദരിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞപ്പോൾ ശിവദാസൻ സാറിനെ കൂട്ടിക്കൊണ്ടുപോകാൻ മകൻ കാറുമായെത്തി. ശിവദാസൻസാർ എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങി. 

നഗരപാതയിലൂടെ മുന്നോട്ടു നീങ്ങേ എതിരെ വന്ന ലോറിയിൽ ഉരസാതിരിക്കാൻ വലത്തോട്ടു വെട്ടിക്കെ കാർ ഒരു ഗട്ടറിൽ വീണു. 
'എടാ.... നായിന്റെ മോനേ നേരെ നോക്കി വണ്ടിയോടിക്കടാ...' ശിവദാസൻ സാറിന്റെ ആക്രോശം കേട്ട് മകൻ സ്തബ്ധനായി. നാളിതുവരെ ഇങ്ങനൊരു വാക്ക് അച്ഛൻ പറഞ്ഞിട്ടില്ല. അച്ഛനിൽ വന്ന മാറ്റം അവനെ അത്ഭുതപ്പെടുത്തി. വഴിയിലുടനീളം അവൻ നിശബ്ദനായിരുന്നു. പിറ്റേന്ന് രാവിലെ അവൻ അമ്മയോടിക്കാര്യം പറഞ്ഞു.

'എടാ, നിന്നെയത്രയല്ലേ പറഞ്ഞുള്ളൂ. രാവിലെ ചായ വൈകിയതിന് എന്നെ വിളിച്ച ചീത്തയ്ക്ക് കണക്കില്ല .ജയിലിൽ പോയശേഷം ഈ മനുഷ്യനാളാകെ മാറി. വായിൽ നിന്നും അസഭ്യങ്ങളല്ലാതെയൊന്നും വരുന്നില്ല. എല്ലാം ജയിലിൽ നിന്നും പഠിച്ചതായിരിക്കും.
അമ്മയും മകനും ശിവദാസൻ സാറിനുവന്ന മാറ്റത്തെക്കുറിച്ച്   സംസാരിച്ചു കൊണ്ടിരിക്കെ വീട്ടുജോലിക്കാരനായ വേലപ്പൻ ഓടിവന്നു.
'കൊച്ചമ്മേ ... അങ്ങതിലെ മോഹനനെ ഇവിടുത്തെ സാർ കുത്തി. കവലയിൽ ആളുകൂടിക്കിടക്കുന്നു. സാറെങ്ങോട്ടോ ഓടിപ്പോയി' .
' എന്തിനാടാ അങ്ങേരീ കടുംകൈ ചെയ്തത്.?'

'സാർ ജയിലീന്നു വന്നതല്ലേ ? കണ്ടപ്പോൾ സുഖമല്ലേയെന്നു ചോദിച്ചു.. സാർ എടുത്തവായിൽ അവന്റെ തന്തയ്ക്ക്  വിളിച്ചു. പിന്നെ പൊരിഞ്ഞ അടിയായി. അതിനിടയിൽ കൈയിലിരുന്ന പിച്ചാത്തി നൂത്ത് സാറുകുത്തി.' വേലപ്പൻ ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. ഓടുന്നതിനിടയിൽ ശിവദാസൻ സാറിനെ നാട്ടുകാർ കൈയോടെ പിടിച്ച് പോലീസിലേൽപ്പിച്ചു.' കുത്തേറ്റ മോഹനൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. കൊലക്കേസുപ്രതിയായി ശിവദാസൻസാർ ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും ജയിലിലെത്തി. കേസ് ഷീറ്റിലേക്ക് കണ്ണോടിച്ച ശേഷം ജയിൽ സൂപ്രണ്ട് 'ഡി'ബ്ലോക്ക് ചൂണ്ടിക്കാണിച്ചിട്ട് വാർഡനോടു പറഞ്ഞു. 'ഇയാളെ അതിനകത്തിട്ടേക്കൂ'.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.