05:38pm 05 November 2026
NEWS
ഓർഗാനിക്ക് അവിയലിന്റെ തനിയാവർത്തനം
04/11/2026  08:05 PM IST
അഡ്വ. തറമേൽ രാധാകൃഷ്ണൻ
ഓർഗാനിക്ക് അവിയലിന്റെ തനിയാവർത്തനം
മജിസ്‌ട്രേറ്റ് ഇരിക്കുന്നിടം കോടതി എന്നുപറയുന്നപോലെ മലയാളി എവിടെ ഉണ്ടോ അവിടെ ഓണവും ഉണ്ടാവണമല്ലോ.
നമുക്ക് എന്തും വേണ്ടാന്നുവയ്ക്കാം. ഓണം ഒഴികെ. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു ഓണം ആണ്. കേരളത്തിൽ അല്ല, അങ്ങ് ദൂരെ രാജസ്ഥാൻ മരുഭൂമിയിൽ.
 
രാജസ്ഥാനിലെ ബിർക്കാനീർ ടൗണിലെ എയർഫോഴ്‌സ് റഡാർ യൂണിറ്റിൽ ജോലി നോക്കുന്ന കാലം.
ഏഷ്യയിലെ ഏറ്റവും വലിയ കനാൽ പ്രോജക്റ്റായ ഇന്ദിരാഗാന്ധി കനാൽ പ്രോജക്ടിലെ ഒരു ലിഫ്റ്റ് കനാലിൽ ആണ് ഓണാഘോഷം.
നല്ലൊരു പൂന്തോട്ടവും ഗസ്റ്റ് ഹൗസും ഒക്കെ അവിടെയുണ്ട്. ഞങ്ങൾ കുറച്ച് അവിവാഹിതരും വിവാഹിതരും അവരുടെ കുടുംബങ്ങളും എല്ലാം ചേർന്ന്  അൻപതോളം വരുന്ന ഭാരതീയ വായുസേനയിലെ ടീം മല്ലൂസ് ഓണം നടത്തിപ്പ് ഞങ്ങൾ ബാച്ചിലേഴ്‌സിനാണ്.
 
പാചകം ക്രോണിക് ബാച്ചിലറായ പണിക്കർ ചേട്ടന്റെ നേതൃത്വത്തിലും.
പണിക്കരേട്ടന്റെ എറണാകുളംകാരൻ.
കമലഹാസനെപ്പോലെ ഒലിച്ചിറങ്ങുന്ന മീശയാണ് ഹൈലൈറ്റ്.
 
ഓണത്തലേന്ന്. അതായത് ഉത്രാടരാത്രി ഞങ്ങൾ ഉത്സാഹക്കമ്മിറ്റിക്കാർ ഒരു 'അവയിലബിൾ പോളിറ്റ്ബ്യൂറോ' കൂടി. തയ്യാറെടുപ്പുകൾ വിലയിരുത്തണമല്ലോ. സദ്യക്കുള്ള ഇല, നേന്ത്രക്കായ, ചേന തുടങ്ങിയ പച്ചക്കറികളും, ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയ ലൊട്ടുലൊട്ടുക്കുകളും മെസ്സ് കോൺട്രാക്ടർ ഗംഗാറാം വഴി ഞങ്ങൾ സ്വരൂപിച്ചിരുന്നു.
 
ചർച്ച പുരോഗമിക്കും തോറും മേശപ്പുറത്തെ കുപ്പിയിലെ സുവർണ്ണ ദ്രാവകത്തിന്റെ അളവും കുറഞ്ഞുകുറഞ്ഞു വന്നു.
മഹാബലിയാവാൻ നറുക്കുവീണത് കൂത്താട്ടുകുളം ചാക്കോയ്ക്ക്. അൻപത്താറിഞ്ച് നെഞ്ചളവും സുരേഷ് ഗോപി ഫിഗറും ഉണ്ടെങ്കിലും ചാക്കോ സൽമാൻഖാൻ ഫാനാണ്. മീശ ഇല്ല. മീശ ഇല്ലാത്ത മാവേലിയോ... ഛായ്... അരോചകം.
 
സൊല്യൂഷനും ചാക്കോ തന്നെ കണ്ടെത്തി.
പണ്ടെങ്ങോ ക്രിസ്തുമസിനു പാപ്പാ ആയതിന്റെ മാസ്‌ക്ക് തപ്പിയെടുത്തു.
പക്ഷേ മാവേലിക്ക് വെള്ളതാടിയും വെളുത്തമീശയും ചേരുമോ? കൂട്ടത്തിലെ ആർട്ടിസ്റ്റ് ശിവൻകുട്ടി മാസ്‌ക്ക് കയ്യിൽ വാങ്ങി.
തടിയുടെ വളവും കേടും പരിശോധിക്കുന്ന ആശാരിയെപ്പോലെ മാസ്‌ക്ക് തിരിച്ചും മറിച്ചും നോക്കി, എന്നിട്ട് ഒരു പ്രഖ്യാപനം- 
'ഇത് ഇപ്പശര്യാക്കിത്തരാം' ശിവങ്കുട്ടിയണ്ണൻ പറഞ്ഞാ പറഞ്ഞതാ.
 
അതിപ്പോ ആർട്ടുവർക്കായാലും അടുക്കളപ്പണി ആയാലും. അരമണിക്കൂർ കൊണ്ട് മാസ്‌കിന്റെ താടി ട്രിം ചെയ്തു.
മീശ കളർ ചെയ്തു കറുപ്പിച്ചു. ചുവന്നമുഖം ചാക്കോയുടെ മുഖത്തിന്റെ കളറാക്കി. 
'പരകായപ്രവേശത്തിന്റെ അനിവാര്യതകൾ.'
 
തിരുവോണദിനം. പത്തുമണിക്ക് എല്ലാവരും കനാൽ ഗസ്റ്റ് ഹൗസിൽ എത്തി. മാവേലി രണ്ട് പട്ടുസാരികൾ ചുറ്റി, കിരീടവും മാലകളും അണിഞ്ഞു, മാസ്‌ക്ക് വച്ചു.  മലയാളി മങ്കമാർ പാചകത്തിന് അവധി കൊടുത്ത് അന്താക്ഷരിയും പരദൂഷണവുമായ മുറ്റത്തെ പൂന്തോട്ടത്തിൽ കൂടി.
മുണ്ടുടുത്ത മങ്കൻമാർ പച്ചക്കറി നുറുക്കലും പാചകവും, പിന്നെ ഭാര്യമാർ കാണാതെ രഹസ്യമായി മധുസേവയും ആയി അടുക്കളയിലും.
ടേപ്പ് റിക്കാർഡറിൽ നിന്നും തരംഗിണിയുടെ 'ഉത്രാടപ്പൂനിലാവേ' ഒഴുകിപ്പരന്നു.
 
രാജസ്ഥാനിലെ കനാൽ ഗസ്റ്റ്ഹൗസ് ഒരു കേരളാഹൗസായി പരിണമിച്ചു. മാവേലിക്ക് മാത്രം സങ്കടം.
മുഖംമൂടി വച്ചിരിക്കുന്നതിനാൽ സുരപാനം സാധ്യമാവുന്നില്ല.
ചീഫ് കുക്ക് പണിക്കരേട്ടൻ 'കൊക്കെത്ര കുളം കണ്ടതാ' എന്ന ഭാവത്തിൽ തന്റെ ഒലിച്ചിറങ്ങുന്ന കമലഹാസൻമീശ തടവി സൊല്യൂഷൻ കണ്ടെത്തി. പെപ്‌സി കുപ്പിയിൽ 'സാധനം' ഒഴിച്ച് ഒരു സ്ട്രാ ഇട്ട് കയ്യിൽ കൊടുത്തു. കൂത്താട്ടുകുളം മാവേലിയും ഹാപ്പിയായി. ആകെ മൊത്തം ടോട്ടൽ മൂഡ്.
 
സദ്യയ്ക്ക് ഇല ഇടാനുള്ള സമയമായി.
അന്തരീക്ഷം കൊതിയൂറുന്ന വിഭവങ്ങളുടെ മണം കൊണ്ട് നിറഞ്ഞു. ഇതിനിടെ കൂത്താട്ടുകുളം ഒരു കയ്യിൽ കുപ്പിയും മറുകയ്യിൽ ഓലക്കുടയും നിലത്തുറയ്ക്കാത്ത കാലുകളുമായി ഊട്ടുപുരയിൽ എത്തി. എങ്ങനെയോ കാല് സ്ലിപ്പായി നേരെ അവിയൽ പാത്രത്തിലേക്ക്.
അവിയൽ പാത്രത്തിൽ ആസനസ്ഥനായ കൂത്താട്ടുകുളത്തെ ജെസിബി സഹായമില്ലാതെ എല്ലാവരും കൂടി ഉയർത്തി. മഹാബലിയുടെ ഉത്തരീയവും അന്തരീയവും ചൂട് അവിയലിൽ മുങ്ങി. 
 
കൂത്താട്ടുകുളം മുതൽ മൂലമറ്റം വരെ ചൂടടിച്ചെങ്കിലും, ഭാഗ്യം പൊള്ളിയില്ല.
 
അപ്പോഴേയ്ക്കും അടുത്ത പ്രശ്‌നം, മാവേലി 'ഇരുന്ന' അവിയൽ ഇനി എങ്ങനെ വിളമ്പും. അവിയൽ ഇല്ലാതെ എന്ത് ഓണസദ്യ. സീനാകെ കുളാമായി. പണിക്കരേട്ടന്റ ഒലിച്ചിറങ്ങുന്ന മീശ തടവി. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പഴുക്കാറായ നേന്ത്രക്കായ, തക്കാളി തുടങ്ങിയ എന്തൊക്കെയോ കിടുപിടികൾ അരിഞ്ഞുകൂട്ടി. 
ബാക്കി വന്ന അണ്ടിപരിപ്പ്, കിസ്മിസ്, തേങ്ങാപ്പാൽ, തൈര് തുടങ്ങിയവ ചേർത്ത് ഇളക്കി ഓർഗാനിക് അവിയൽ റെഡി. പണിക്കരേട്ടന്റെ സർജിക്കൽ സ്‌ട്രൈക്ക് ബോക്‌സോഫീസിൽ മെഗാഹിറ്റ്. സദ്യ കഴിഞ്ഞ കണവന്മാരും, കണവകളും അന്വേഷിച്ചത് ഓർഗാനിക് അവിയലിന്റെ റെസിപ്പിയായിരുന്നു.
 
കാലചക്രം ഉരുണ്ട് നീങ്ങി.
 
ഈയുള്ളവൻ കളത്രപുത്രാദികളോടെ അനന്തപുരിയിൽ വാസമായി. പുത്രന്റെ ഉപരിപഠനാർത്ഥം ഒരുനാൾ കൊച്ചിയിലെത്തി. 
ഉച്ചയൂണിന് ഹോട്ടൽ അന്വേഷിക്കുന്നു.
കൊച്ചിയിൽ എവിടെയും കോഴി പൊരിച്ചത്, കരിച്ചത്, പകുതി വെന്തത്, കുഴിമന്തി, കരമാന്തി ഇത്യാദി മാത്രം. ഇടപ്പള്ളി കവലയിൽ ഒരു ചെറിയ ബോർഡ് കണ്ണിൽപെട്ടു. 'ഇലയിൽ നാടൻ ഊണ്.' 'യുറേക്കാ... യുറേക്കാ. ഹോട്ടലിന്റെ പ്രവേശനം ചെറുതാണെങ്കിലും അകം കോട്ടയം അയ്യപ്പാസ് പോലെ വിശാലം. തൂശൻ ഇലയിൽ ഊണുവിളമ്പി. പക്ഷേ അക്കൂട്ടത്തിൽ ഒരു കറി. പഴുക്കാറായ നേന്ത്രക്കായ, തക്കാളി, അണ്ടിപ്പരിപ്പ്, തേങ്ങാപ്പാൽ, ഓർമ്മകൾ ഫൈറ്റർ ജെറ്റിൽ രാജസ്ഥാൻ മരുഭൂമിയിൽ എത്തി.
 
ഊണുകഴിഞ്ഞു കാശുകൊടുക്കാൻ കൗണ്ടറിൽ എത്തിയപ്പോൾ ഒരു ശങ്ക. കഷണ്ടി കയറിയതല... പക്ഷേ ഒലിച്ചിറങ്ങുന്ന നരച്ച മീശ...?
'പണിക്കരേട്ടാ... നിങ്ങൾ ഓർഗാനിക് അവിയൽ ഇതുവരെ വിട്ടില്ലേ....?'
 
'ഹാ... ഹാ... ഹാ... കൊറച്ച് തട്ടിപ്പും തരികിടയുമില്ലെങ്കിൽ കൊച്ചിയിൽ ജീവിക്കാൻ പറ്റൂല്ലടെയ്...'
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.