02:50pm 04 November 2026
NEWS
കരുണാകരനും മുരളിയും
03/11/2026  08:28 PM IST
വി. സുരേശൻ
കരുണാകരനും മുരളിയും

 

ഇത് ഒരു സംഭവകഥയാണ്. ഞാൻ തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജിൽ പഠിക്കുന്ന കാലം. കോളേജിന് മുമ്പിലെ ജംഗ്ഷനിൽ നിൽക്കുമ്പോൾ സഹപാഠികൾ കാട്ടുന്ന പല വികൃതിത്തരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ രസകരമായ ഒരു അനുഭവം പറയാം.
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു വയസ്സൻ അതുവഴി കടന്നുപോകാറുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേകത അദ്ദേഹത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ രൂപസാദൃശ്യം ഉണ്ട് എന്നുള്ളതാണ്.

അതുകൊണ്ടുതന്നെ ജംഗ്ഷനിൽ നിൽക്കുന്ന കുമാരന്മാർ അദ്ദേഹത്തെ കാണുമ്പോൾ കരുണാകരാ എന്ന് ഉറക്കെ വിളിക്കും. അത് ഇഷ്ടപ്പെടാതെ അദ്ദേഹം തിരിഞ്ഞുനിന്ന് ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്യും.

'വഴിയെ പോകുന്നവരുടെ നെഞ്ചത്ത് കയറാതെ പോയി നാലക്ഷരം പഠിയെടാ.'
'അച്ഛന്റെയും അമ്മയുടെയും പണം പാഴാക്കാൻ വന്നിരിക്കുന്ന ഓരോ ജന്മങ്ങൾ.'
'നോക്കിക്കോ ഞാൻ കോളേജിലേക്ക് വന്ന് പ്രിൻസിപ്പാളിനോട് കംപ്ലയിന്റ് ചെയ്യുന്നുണ്ട്.'
എന്നൊക്കെ പറയും. ഇതൊക്കെ കേൾക്കുന്തോറും കുമാരന്മാർക്ക് ആവേശം കൂടുകയാണ് ചെയ്യുന്നത്. കരുണാകരാ വിളി അവർ ആവർത്തിച്ചുകൊണ്ടേയിരിക്കും. എന്നും ഉച്ചയ്ക്ക് ഈ സ്ഥിരം ഡയലോഗുകൾ എല്ലാവരും കേൾക്കുകയും കുറെപ്പേർ ആസ്വദിക്കുകയും ചെയ്യാറുണ്ട്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ മറ്റുള്ളവർക്ക് കാണാൻ നല്ല ചേലാണല്ലോ.

പിന്നെപ്പിന്നെ അദ്ദേഹവും സഭ്യതയുടെ സീമകൾ ലംഘിക്കാൻ തുടങ്ങി. കരുണാകരാ എന്ന വിളി കേൾക്കുന്നതും അദ്ദേഹം അവിടെ നിൽക്കുന്ന കുമാരന്മാരെ അശ്ലീലം കൊണ്ട് അഭിഷേകം ചെയ്യാൻ തുടങ്ങി. അത് കുമാരൻമാർക്ക് കൂടുതൽ ആവേശം പകർന്നു എന്നതാണ് വാസ്തവം.
അങ്ങനെയിരിക്കെ ഒരു ദിവസത്തെ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹം പതിവുപോലെ ജംഗ്ഷൻ കടന്നതും ഒരുവൻ 'കരുണാരാ' എന്ന് വിളിച്ചു. അദ്ദേഹം കേട്ടഭാവം കാണിക്കാതെ നടക്കുകയാണ്. അതുകൊണ്ട് രണ്ടാമൻ 'കരുണാരൻ മാമാ' എന്ന് വിളിച്ചു. എന്നിട്ടും പ്രതികരണമില്ല. മൂന്നാമൻ 'കരുണാര അണ്ണാ' എന്നുവിളിച്ചു.  എന്നിട്ടും അനങ്ങുന്നില്ല. നാലാമൻ 'കരുണാകരൻ മച്ചമ്പീ' എന്നുവിളിച്ചു. അടുത്തയാൾ 'എടേ കരുണാരാ' എന്നായി.

എന്നിട്ടും അദ്ദേഹം കേട്ട ഭാവം കാണിക്കുന്നില്ല. കുമാരൻമാർക്കും വാശി കേറി. രണ്ടുമൂന്നുപേർ അദ്ദേഹത്തിന്റെ പുറകെ വച്ചുപിടിച്ചു. 'എടേ കരുണാരാ നിന്നെത്തന്നെയാണ് ഞങ്ങളീ വിളിക്കുന്നത്' എന്ന് തൊട്ടുപിന്നിൽ പോയി പറഞ്ഞു.

അദ്ദേഹം തിരിഞ്ഞുപോലും നോക്കുന്നില്ല.
'എടാ തന്റെ വായീന്ന് രണ്ട് തെറി കേൾക്കാനാണ് ഞങ്ങൾ ഇതൊക്കെ വിളിക്കുന്നത് കേട്ടാ.. തെറി പറയാതെ നിന്നെ ഞങ്ങൾ വിടൂല' എന്നുപറഞ്ഞ് അവർ അയാളുടെ പുറകെ കൂടി.
പിള്ളേർ വിടുന്നില്ലെന്ന് കണ്ട് ഒടുവിൽ അദ്ദേഹം തിരിഞ്ഞുനിന്നു. പിള്ളേർ ഒന്ന് അമ്പരന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചോദിച്ചു. 
'നിങ്ങൾക്ക് എന്തുവേണം?'
ഒരുവൻ പറഞ്ഞു; 'ഞങ്ങൾ എന്നും കരുണാരാന്ന് വിളിക്കുമ്പോ തെറി പറയൂലേ? ഇന്നെന്താ അങ്ങനെ തെറി പറയാൻ ഒരു പ്രയാസം? അതിന്റെ കാരണം ഞങ്ങൾക്കറിയണം.'

അപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആ മറുപടി വന്നത്.
'മുരളീധരൻ എന്തൊക്കെ വേണ്ടാതീനം കാണിച്ചാലും കരുണാകരൻ അതൊക്കെ ക്ഷമിക്കും. അങ്ങനെയാണ് വേണ്ടതും. ഞാനും അത്രയേ ചെയ്തുള്ളൂ.'

ഇതുകേട്ട ചില മുതിർന്നവർ ഉറക്കെ ചിരിച്ചു.
കുമാരന്മാർ കാറ്റുപോയ ബലൂൺപോലെ അരികിലേക്ക് ഒതുങ്ങി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.