02:56pm 04 November 2026
NEWS
ദൈവത്തിന്റെ കൈ
03/11/2026  08:41 PM IST
പി.ആർ. കൃഷ്ണൻ കുട്ടി
ദൈവത്തിന്റെ കൈ

ദേ അമ്മേ .. ഞാൻ നമ്മുടെ ബാത് റൂമിൽ ഫിറ്റ് ചെയ്യാൻ വരുത്തിയ 'പുതിയ മിറർ ബോക്‌സ്' കണ്ടോ ?
ഓൺലൈനിൽ വരുത്തിയ കുളിമുറിയിലേക്കുള്ള പുതിയ  ബോക്‌സ് തുറന്ന് പുറത്തെടുത്ത ഹരീഷ് ഉറക്കെ വിളിച്ചു പറഞ്ഞു.
' നന്നായി... പഴേതിന്റെ കണ്ണാടി പൊട്ടിയിട്ട് കൊറച്ചു നാളായി' എന്ന് പറഞ്ഞ് അമ്മ ഇന്ദിര അടുക്കളയിൽ നിന്ന് ഡ്രോയിങ് റൂമിലെത്തി
'ങ്ങാ... ഒരു മാതിരി വലിയതാണല്ലോ ടാ.... തരക്കേടില്ല' എന്ന്  പറഞ്ഞതിന് ശേഷം പാക്ക് ചെയ്ത് വന്ന കാർഡ് ബോർഡ് ബോക്‌സിൽ പകുതിയോളം നിറഞ്ഞിരുന്ന പ്ലാസ്റ്റിക് റിബണിന്റെ കഷണങ്ങൾ ചൂണ്ടിക്കൊണ്ട് ഇന്ദിര ചോദിച്ചു
'എന്താടാ... ഇതെല്ലാം ?'

'അമ്മേ... അത് ബോക്‌സ് വാഹനത്തിൽ കൊണ്ടുവരുമ്പോൾ അതിലെ മിറർ കുലുങ്ങി പൊട്ടാതിരിക്കാൻ തിരുകിവച്ചിരുന്നതാ..’
' ഇത്രയധികമോ ?'
' ങ്ങാ.. ബോക്‌സിൽ ഇങ്ങിനെ കുത്തി നിറച്ച് വച്ചില്ലെങ്കിൽ 'ഷേക്ക്' ആയി മിറർ പൊട്ടും..'
'ദേ... ഇത്ര വളരെ പ്ലാസ്റ്റിക് വേസ്റ്റ് കോർപ്പറേഷൻകാര് കൊണ്ടുപോകത്തില്ല... ഇന്നലെത്തന്നെ കൊടുത്ത പ്ലാസ്റ്റിക് അധികമാണെന്ന് പറഞ്ഞ് അവര് എന്നോട് വഴക്കിട്ടതാ... 
ബോക്‌സ് വാങ്ങിയവര് 
എവിടാന്ന് വെച്ചാൽ.. ഇതും കൊണ്ടെ കളഞ്ഞോണം.

'എന്താ ഇവിടെ ഒരു ബഹളം ?'
മുറിയിൽ ഉച്ചയുറക്കത്തിലായിരുന്ന ഇന്ദിരയുടെ ഭർത്താവ് രവീന്ദ്രൻ എഴുന്നേറ്റ് പുറത്തേക്ക് വന്ന് ചോദിച്ചു
'അച്ഛാ... ഈ മിറർബോക്‌സ് പാക്ക് ചെയ്ത് വന്ന പ്ലാസ്റ്റിക് വേസ്റ്റ് കളയുന്ന കാര്യം പറഞ്ഞ് അമ്മ ബഹളം കൂട്ടുവാ...'
' ഓ... അതാണോ കാര്യം... അത് നാളെ രാവിലെ നടക്കാൻ പോണവഴി ഞാൻ കൈകാര്യം ചെയ്‌തോളാം.. അതിന് ഇനി ബഹളം വെയ്ക്കണ്ട..' രവീന്ദ്രൻ പറഞ്ഞു

' ദേ മനുഷ്യാ.. സീസീടീവി ഒക്കെ റോഡരികില് വച്ചിട്ടൊള്ള കാലമാ... വല്ലയിടത്തും  പണ്ടത്തെപ്പോലെ ചവറ് വലിച്ചെറിയാനൊന്നും പറ്റത്തില്ല.. കേസാവും..'
' അതൊക്കെ എനിക്കറിയാം... നീയിപ്പൊ ബോക്‌സിൽ നിന്ന് ആ വേസ്റ്റ്  ഒരു ക്യാരി ബാഗിൽ നിറച്ചുവെയ്ക്ക്...' എന്നുപറഞ്ഞ് രവീന്ദ്രൻ വീണ്ടും മുറിയിലേക്ക് പോയി
പിറ്റേ ദിവസം വെളുപ്പിന് രവീന്ദ്രൻ കുറച്ചകലെ  ഒരു മരച്ചുവട്ടിൽ വേസ്റ്റ്  കുന്നുകൂടി കിടക്കുന്ന ഒരു സ്ഥലത്ത് തന്റെ കയ്യിലിരുന്ന വേസ്റ്റ് വലിച്ചെറിഞ്ഞ് വേഗം അവിടെനിന്ന് നടന്ന് നീങ്ങി.

രണ്ടു ദിവസം കഴിഞ്ഞു... ഏകദേശം രാവിലെ പതിനൊന്ന് മണിയായിക്കാണും. പുറത്ത് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് രവീന്ദ്രൻ വന്ന് വാതിൽ തുറന്നപ്പോൾ കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ആണ്.
' ഹരീഷ് എം ആർ ഈ വീട്ടിലാണോ താമസം?' ആഗതരിൽ ഒരാൾ ചോദിച്ചു
' അതെ... എന്റെ മകനാണ്...എന്താ കാര്യം?' രവീന്ദ്രൻ ചോദിച്ചു

മറ്റേയാൾ ഒരു ഫയലിൽ നിന്ന് ഒരു ചെറിയ ബില്ല് തപ്പിയെടുത്ത് നീട്ടിക്കൊണ്ട് ചോദിച്ചു
' ഈ ബില്ല് ഹരീഷിന്റെ പേരിലുള്ളതാണ്.. ഒരു ബാത്ത്‌റൂം ബോക്‌സ് വാങ്ങിയതിന്റെ...'

' നിങ്ങൾക്കിതെവിടുന്ന് കിട്ടി? '
' പറയാം... ഈ ബില്ല് ഞങ്ങൾക്ക് കിട്ടിയത്.. നിങ്ങൾ ജംഗ്ഷനടുത്തുള്ള മരച്ചുവട്ടിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വേസ്റ്റിൽ നിന്നാണ്...'
' ഇവിടാരും അവിടെ വേസ്റ്റൊന്നും കൊണ്ടിടാറില്ല.. നിങ്ങൾക്ക് വീട് മാറിപ്പോയതാകും' രവീന്ദ്രൻ പറഞ്ഞു.
'അങ്ങിനെയൊന്നുമല്ല... ഞങ്ങള് വന്ന കാര്യം പറയാം... നിങ്ങൾ പൊതുസ്ഥലത്ത് വേസ്റ്റ് വലിച്ചെറിഞ്ഞതിന്റെ പിഴ ഒരാഴ്ചയ്ക്കകം 25000 രൂപയടയ്ക്കണം... കേസ് വേറെയുണ്ട്... ഈ നോട്ടീസ് കൈപ്പറ്റി ഒന്ന് ഒപ്പിട്ടു തരണം.'

'നിങ്ങൾക്ക് ഈ ബില്ല് വഴിയിൽ കിടന്ന് കിട്ടിയതായി കൂടെ ? ഞങ്ങൾ വലിച്ചെറിഞ്ഞ വേസ്റ്റ് ആണെന്ന് എന്താ തെളിവ് ?' രവീന്ദ്രൻ ദേഷ്യത്തിൽ ചോദിച്ചു.

' നാലുദിവസം മുൻപാണ് അവിടെ ഞങ്ങൾ സി.സി.ടി.വി. സ്ഥാപിച്ചത്... അതിൽ താങ്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്... പിന്നെ.. ദൈവത്തിന്റെ കൈ പോലെ ഈ ബില്ലും.... ദാ... ഒപ്പിട്ട് ഈ നോട്ടീസ് വാങ്ങൂ..'
ഒപ്പിട്ട് നോട്ടീസ് കൈപ്പറ്റിയ രവീന്ദ്രൻ അടുക്കളയിലേക്ക് നോക്കി അലറിവിളിച്ചു  ചോദിച്ചു
'എടീ... മൂധേവീ... ബില്ലെടുത്ത് മാറ്റിയിട്ട് വേണ്ടേടീ... വേസ്റ്റ് കളയാൻ തന്നു വിടാൻ..'

' ദേ... എന്റെ വായിലിരിക്കണത് കേക്കണ്ട... ആക്രാന്തം പിടിച്ച് ബോക്‌സ് തുറന്ന മോനോട് പോയി ചോദിക്ക്.. ബില്ലെന്താ എടുത്ത് മാറ്റാതിരുന്നതെന്ന്...'

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.