02:30am 20 November 2026
NEWS
പി.എസ്.സി. നിയമനത്തിൽ തിടുക്കം പ്രതിസന്ധി ഒഴിവാക്കാൻ; മന്ത്രിസഭയിലെ ചർച്ചകൾ ജനാധിപത്യത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി
19/11/2026  03:48 PM IST
ന്യൂസ് ബ്യൂറോ
പി.എസ്.സി. നിയമനത്തിൽ തിടുക്കം പ്രതിസന്ധി ഒഴിവാക്കാൻ; മന്ത്രിസഭയിലെ ചർച്ചകൾ ജനാധിപത്യത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: പി.എസ്.സി.യിലെ അഞ്ച് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്താനുള്ള നീക്കത്തെച്ചൊല്ലി മന്ത്രിസഭയിൽ ചോദ്യങ്ങളുയർന്നതോടെ, കമ്മീഷന്റെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാഹചര്യം മുൻകൂട്ടിക്കണ്ടാണ് നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. അതേസമയം, മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യപരമായ ചർച്ചകളുടെ ഭാഗമാണെന്നും തീരുമാനങ്ങൾ കൂട്ടായ ധാരണയോടെയാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.എസ്.സി. അംഗങ്ങളായി പരിഗണിക്കുന്നവരുടെ പേരുകൾ മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോഴാണ് നിയമനത്തിലെ അടിയന്തരപ്രാധാന്യവും മുൻകൂർ ചർച്ചകളുടെ അഭാവവും മന്ത്രിമാർ ചോദ്യംചെയ്തത്. നിലവിലെ പി.എസ്.സി.യുമായി ബന്ധപ്പെട്ട കേസും അന്വേഷണവും കമ്മീഷന്റെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ടെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചതായി വിവരം.
നിലവിലെ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുന്ന സാഹചര്യം വന്നാൽ കമ്മീഷന്റെ പ്രവർത്തനം തുടരാൻ ആക്ടിംഗ് ചെയർമാനെ നിയോഗിക്കേണ്ടിവരും. അംഗമല്ലാത്ത ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കാൻ കഴിയാത്തതിനാൽ, പുതുതായി നിയമിക്കുന്നവരിൽ ഒരാളെ താൽക്കാലികമായി ചുമതലപ്പെടുത്താൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പി.എസ്.സി.ക്കെതിരായ നടപടിക്ക് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ കമ്മീഷന്റെ പ്രവർത്തനത്തെ ബാധിക്കാമെന്നുമുള്ള വിലയിരുത്തലാണ് നിയമനങ്ങൾ വേഗത്തിലാക്കുന്നതിന് പിന്നിലെന്നാണ് വിവരം. പിന്നീട് ഒഴിവുവരുന്ന 16 സ്ഥാനങ്ങളിലെ പ്രാതിനിധ്യം കോൺഗ്രസും ഘടകകക്ഷികളും തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടെയാണ് തർക്കത്തിന് താൽക്കാലിക വിരാമമായത്.
അഞ്ച് സ്ഥാനങ്ങളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനുമാണ്. കോൺഗ്രസ് പട്ടികയിൽ അവസാനഘട്ടത്തിൽ സനൽകുമാറിനെ ഉൾപ്പെടുത്തിയാണ് ധാരണയിലെത്തിയത്. കെ.സി. വേണുഗോപാൽ പക്ഷം മുന്നോട്ടുവച്ച സുധാ മേനോന്റെ പേരിനെച്ചൊല്ലിയും ചർച്ചയുണ്ടായി. അഹമ്മദാബാദിൽ സ്ഥിരതാമസമായതിനാൽ നിയമനം പ്രായോഗികമാകില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതിനെത്തുടർന്നാണ് പകരം സനൽകുമാറിനെ പരിഗണിച്ചത്. സുധാ മേനോന് മറ്റൊരു പദവി നൽകാനാണ് ധാരണയെന്നാണ് വിവരം. നിയമനപ്പട്ടിക ഉടൻ ഗവർണർക്ക് അയയ്ക്കും.
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിലും അർഹമായ പരിഗണന ലഭിക്കാത്തതിലുമുള്ള അതൃപ്തി ആർ.എസ്.പി. പ്രതിനിധിയായ മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ പ്രകടിപ്പിച്ചു. എന്നാൽ, യോഗത്തിനുശേഷം പരസ്യപ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. മന്ത്രിസഭയിലെ ചർച്ചകൾ പുറത്തുപറയുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു പ്രതികരണം.
മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി, വാർത്താസമ്മേളനത്തിൽ യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സ്ഥിരീകരിച്ചു. ഉന്നതവിദ്യാഭ്യാസ ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നെന്നും മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിച്ച് മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടരമണിക്കൂർ നീണ്ട യോഗത്തിൽ ഒരുമണിക്കൂറോളം ഉന്നതവിദ്യാഭ്യാസ ബില്ലിനായി ചെലവഴിച്ചു. വിവിധ അഭിപ്രായങ്ങളും എതിർപ്പുകളും ഉയർന്നു. ചില നിർദേശങ്ങൾ തിരുത്തി; സ്വന്തം നിലപാടിലും മാറ്റമുണ്ടായി. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതികളോടെയാണ് ബിൽ അംഗീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മന്ത്രിമാർക്ക് അഭിപ്രായം പറയാൻ അവസരമുള്ളപ്പോൾ ചർച്ചകളും തർക്കങ്ങളും സ്വാഭാവികമാണ്. മുഖ്യമന്ത്രി കർശനമായി നിർദേശങ്ങൾ അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല. ധാരണയിലെത്താത്ത വിഷയങ്ങൾ മാറ്റിവയ്ക്കുമെന്നും ഏകകണ്ഠമായാണ് മന്ത്രിസഭ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിയെ വിമർശിച്ചുകൊണ്ടായിരുന്നു വിശദീകരണം.
എൽ.പി.എസ്.ടി. സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും അരമണിക്കൂറോളം ചർച്ച നടന്നു. അനുവദനീയമായ പരിധിക്കുള്ളിൽ സ്വീകരിക്കാവുന്ന നടപടികൾ പരിശോധിച്ചെന്നും സമരക്കാരുമായി ചർച്ച തുടരാൻ പൊതുവിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സമരക്കാരെ ശത്രുക്കളായി കാണുന്നില്ലെന്നും അവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ ഘടകകക്ഷികൾ ആവശ്യപ്പെടുന്നത് വേഗത്തിലുള്ള തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായി. ശേഷിക്കുന്ന രണ്ടോ മൂന്നോ കക്ഷികളുമായുള്ള ചർച്ചകൾ കൂടി കഴിഞ്ഞാൽ തീരുമാനത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img