
ഹസ്സൻ: ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിന് സമീപം ഹസ്സനിലെ ലോഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരിയായ വർഷയാണ് മരിച്ചത്.
കസിനും സുഹൃത്തുമൊത്ത് വിനോദയാത്രയ്ക്കായാണ് വർഷ ഹസ്സനിലെത്തിയത്. തുടർന്ന് ഇവർ താമസിക്കുന്നതിനായി ഒരു ലോഡ്ജിൽ മുറിയെടുത്തു. ഇതിനിടെ കൈയിൽ കരുതിയിരുന്ന ചോക്ലേറ്റ് വർഷ കഴിച്ചു.
ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ ശുചിമുറിയിലേക്ക് നടക്കുന്നതിനിടെയാണ് യുവതി പെട്ടെന്ന് കുഴഞ്ഞുവീണത്.
യുവതിയുടെ മൃതദേഹത്തിൽ ബാഹ്യമായി പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
ചോക്ലേറ്റ് കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നമോ മരണത്തിന് കാരണമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.










