
ദേശീയഗീതമായ വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ദേശീയ തലത്തിൽ കോൺഗ്രസിനെതിരേ വിവാദം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനത്തിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ വന്ദേമാതരത്തെ അപമാനിച്ചെന്നും അത് നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ നടപടിയാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് വിവാദം ആളിക്കത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.
രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ചു എന്നാരോപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇതിനോടകം സോണിയാഗാന്ധിക്കെതിരെ പല ബി.ജെ.പി സംഘപരിവാർ പ്രവർത്തകരും കേസുകൊടുത്തുകഴിഞ്ഞു. തുടർനടപടികൾ കോടതിയിലെത്തുമ്പോൾ കടുത്ത നടപടികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില കോടതികൾ കേന്ദ്ര ഭരണകൂടത്തോടും അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തോടും കൂറുപ്രകടിപ്പിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല.
വന്ദേമാതര ഗീതം മുഴുവനായി ആലപിക്കുന്നതിനെ വിലക്കുന്നത് നിയമവിരുദ്ധമായി മാറിയിട്ട് അധികദിവസങ്ങൾ പോലും ആയിട്ടില്ല. രാജ്യസഭ ജൂലൈ 29 നും ലോക്‌സഭ ജൂലൈ 30 നും പാസാക്കിയ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ(ഭേദഗതി)ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 നാണ്. പ്രതിപക്ഷ പാർട്ടികളുടെ വൻപ്രതിഷേധത്തിനിടെ മിനിറ്റുകൾകൊണ്ടാണ് വന്ദേമാതരം ബിൽ ലോക്‌സഭയിൽ നാടകീയമായി പാസാക്കിയെടുത്തത്.
2026 ലെ വർഷകാല സമ്മേളനത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ഉണ്ടായ പരാജയവും ക്ഷീണവും മറക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള അവസരമായി എ.ഐ.സി.സി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തെ ബി.ജെ.പി വിനിയോഗിക്കുകയാണ്. വന്ദേമാതരത്തിൽ ഭൂരിപക്ഷ മതത്തിന്റെ ആരാധനാമൂർത്തികളെയുൾപ്പെടെ പരാമർശിക്കപ്പെടുന്ന ഭാഗത്തെ കോൺഗ്രസ് എതിർക്കുന്നു അവഹേളിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പിയുടെ ദുഷ്ടലാക്ക് ഭിന്നതയിലൂടെ നേട്ടം കൊയ്യുക എന്ന ബി.ജെ.പിയുടെ സ്ഥിരം തന്ത്രമാണെന്നു മതേതര കക്ഷികൾ വിലയിരുത്തുന്നു.
അയോധ്യയിലെ സംഭാവന ക്കൊള്ള, നീറ്റ്- യു.ജി ചോദ്യച്ചോർച്ചയെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭം വിഷയങ്ങളിൽ ബി.ജെ.പിക്ക് 2014 ൽ അധികാരത്തിൽവന്ന ശേഷമുള്ള ഏറ്റവും വലിയ ക്ഷീണമാണുണ്ടായതെന്ന് തെളിയിക്കുന്നതായിരുന്നു പാർലമെന്റിന്റെ 2026 ലെ വർഷകാല സമ്മേളനം. ഒരു പ്രമുഖ മന്ത്രിയുടെ രാജിക്കും മന്ത്രിസഭയിലെ രണ്ടാമനായ ആഭ്യന്തര മന്ത്രിയുടെ പാർലമെന്റിൽ നിന്നുള്ള സമ്പൂർണ്ണ വിട്ടുനിൽക്കലിനും പ്രധാനമന്ത്രിയുടെ നാമമാത്രമായ സാന്നിധ്യത്തിനും ഇടയായി എന്നതുതന്നെ അതിനുള്ള തെളിവാണ്.
ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ 19 ദിവസങ്ങളിലാണ് പാർലമെന്റ് വർഷകാല സമ്മേളനം നടന്നത്. അസാധാരണ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും 12 പ്രധാനപ്പെട്ട ബില്ലുകൾ സർക്കാർ പാസാക്കിയെടുത്തു. ആദ്യദിവസം ലോക്‌സഭയിലെത്തിയ പ്രധാനമന്ത്രി പിന്നീട് അവസാനദിവസമാണെത്തിയത്. സമ്മേളനകാലത്തുടനീളം ലോക്‌സഭയിൽ ചോദ്യോത്തര വേള മുടങ്ങി.
വർഷകാല സമ്മേളനത്തിന്റെ ആദ്യനാലുദിവസങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. രാജിക്കുശേഷം, വിദ്യാർത്ഥി മാർച്ചിന് നേർക്കുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെ കാര്യമാത്രപ്രസക്തമായ ചർച്ച നടന്നത് പരീക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള ശിക്ഷ കർശനമാക്കൽ ബില്ലിൽ മാത്രം.
19 ദിവസം പാർലമെന്റ് സമ്മേളിക്കേണ്ടിയിരുന്നത് 114 മണിക്കൂറാണ്. എന്നാൽ ലോക്‌സഭ 17.5 മണിക്കൂറും രാജ്യസഭ 37.49 മണിക്കൂറുമേ ചേർന്നുള്ളൂ. വർഷകാല സമ്മേളനം ബി.ജെ.പിക്ക് രാഷ്ട്രീയമായി വലിയ നഷ്ടമുണ്ടാക്കിയെന്നതിൽ സംശയമില്ല. ആഭ്യന്തരമന്ത്രിക്ക് സഭയെ അഭിമുഖീകരിക്കാൻ ധൈര്യം ഉണ്ടായില്ല എന്നതും ലോക്‌സഭയുടെ നേതാവായ പ്രധാനമന്ത്രി 19 ദിവസത്തെ സമ്മേളനകാലത്ത് ഏതാനും മിനിറ്റുമാത്രമാണ് സഭയലെത്തിയത് എന്നതും നേതൃത്വത്തിന്റെ ആത്മവിശ്വാസക്കുറവിന്റെ പ്രകടനം കൂടിയായിരുന്നു.
എന്തുവന്നാലും പാസാക്കും എന്ന് ആഭ്യന്തരമന്ത്രി ഉറപ്പിച്ചുപറഞ്ഞ എഫ്.സി.ആർ.എ ഭേദഗതിബിൽ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടേണ്ടി വന്നതും കൃഷിവകുപ്പ് സഹമന്ത്രി കുമ്പളക്കൃഷി ചെയ്യാൻ സർക്കാരിൽ നിന്നെടുത്ത ഒരു കോടിയോളം രൂപ തിരിച്ചടക്കേണ്ടി വന്നതും നഷ്ടം തന്നെ. പാർലമെന്റ് സമ്മേളനത്തിൽ നിന്ന് ആഭ്യന്തരമന്ത്രി തുടർച്ചയായി വിട്ടുനിൽക്കുന്നതിലുള്ള പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കാൻ രാജ്യസഭാദ്ധ്യക്ഷനായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജുവിനോടാവശ്യപ്പെട്ടത് ബി.ജെ.പിയെ ഞെട്ടിച്ചു.
പരീക്ഷാക്രമക്കേടും അയോദ്ധ്യ സംഭാവന കൊള്ളയും ഉന്നയിച്ച് പ്രതിപക്ഷം സമ്മേളനകാലത്ത് സഭയിൽ ശക്തമായ പ്രതിഷേധം നടത്തിയപ്പോൾ കേന്ദ്ര സർക്കാർ അത് അവസരമാക്കി ചർച്ച കൂടാതെ ബില്ലുകൾ പാസാക്കിയെടുക്കുകയായിരുന്നു. ഇതിൽ സർക്കാരുമായി സമവായത്തിലെത്തിയതിനാൽ പൊതുപരീക്ഷ(അന്യായ മാർഗ്ഗങ്ങൾ) തടയൽ ഭേദഗതി ബില്ലിൽ മാത്രമാണ് കുറച്ചെങ്കിലും ചർച്ച നടന്നത്. മറ്റുബില്ലുകൾ എല്ലാം മിനിറ്റുകൾക്കകം പ്രതിപക്ഷ ഭേദഗതികൾ തള്ളി ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
അയോധ്യയിലെ സംഭാവന കൊള്ളയിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കേൾക്കുന്നതുപോലും ഭരണപക്ഷം ഭയപ്പെട്ടു എന്നതാണ് വാസ്തവം. സഭയുടെ കാര്യോപദേശ സമിതിയോഗത്തിൽ ഈ പ്രതിപക്ഷ ആവശ്യം ഭരണപക്ഷം കേട്ടതായേ നടിച്ചില്ല. പ്രതിപക്ഷത്തുള്ള നേതാക്കൾക്കെതിരെ ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി ഇ.ഡി, സി.ബി.ഐ, ആദായനികുതി ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തി ജയിലിലടയ്ക്കാൻ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ തേടുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനകൾ കൊള്ളയടിച്ചതിന്റെ അമ്പരപ്പിക്കുന്ന വിവരങ്ങൾ രാജ്യം അതിശയത്തോടെ കാണുമ്പോഴും ഇ.ഡിയേയോ സി.ബി.ഐയേയോ കൊണ്ട് അന്വേഷണം നടത്താത്തത് എന്തുകൊണ്ടെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജു ഖാർഗെയുടെ ചോദ്യത്തിന് ഭരണപക്ഷത്തുനിന്ന് ഒരാളും മറുപടി പറഞ്ഞില്ല.
എല്ലാ ബി.ജെ.പിക്കാരും സംഭാവന കൊള്ളക്കാരല്ലെങ്കിലും എല്ലാ സംഭാവന കൊള്ളക്കാരും ബി.ജെ.പിക്കാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവുമായ പ്രമോദ് തിവാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രത്തെക്കാൾ പ്രധാനമായിരുന്നു തിരഞ്ഞെടുപ്പ്. അതിനാൽ അപൂർണ്ണമായ ക്ഷേത്രത്തിൽ പ്രതിഷ്ഠാച്ചടങ്ങ് അദ്ദേഹം നിർവ്വഹിച്ചു. ക്ഷേത്രട്രസ്റ്റിലെ ഓരോ അംഗത്തേയും മോദി ഇഷ്ടപ്രകാരം നിയമിച്ചു. അദ്ദേഹം ഉത്തരവാദിത്തം ഏൽപ്പിച്ച ആളുകൾ ചെയ്ത പാപങ്ങളിൽ നിന്ന് മോദി എങ്ങനെ മോചിതനാകും? യു.പിയിലെ മുൻ ടൂറിസം മന്ത്രി കൂടിയായ പ്രമോദ് തിവാരി ചോദിച്ചു.
രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതിഷേധിച്ചും അതിന് പിന്നിലെ വൻകൊള്ളക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് നിവേദനം നൽകാനായി നൂറിലധികം സന്യാസികൾ ഓഗസ്റ്റ് 10 ന് ഡൽഹിയിലെത്തിയതും ബി.ജെ.പി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. അടുത്തവർഷം ജൂണിന് മുമ്പായി യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന കൊള്ള എന്ന വിഷയത്തെ മറികടക്കാൻ വന്ദേമാതര വിവാദം ആയുധമാക്കാൻ തന്നെയാണ് ബി.ജെ.പി തുനിയുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ വൻപ്രതിഷേധത്തിനിടെയാണ് വന്ദേമാതരം എന്ന ഗീതത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. നേരത്തെ ദേശീയ ഗാനത്തിന് മാത്രമുണ്ടായിരുന്നവ്യവസ്ഥകളാണ് വന്ദേമാതരത്തിനും ബാധകമായിരിക്കുന്നത്. ദേശീയഗീതത്തെ അവഹേളിച്ചാൽ 3 വർഷം വരെ തടവും പിഴയും ലഭിക്കാം. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആപ്തവാക്യം അന്വർത്ഥമാക്കാൻ വന്ദേമാതരത്തിന്റെ 6 ഖണ്ഡികകളും ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റോയി സഭയിൽ പറഞ്ഞു. ഇന്ത്യാ സഖ്യത്തിൽ നിന്ന് വേറിട്ട സമീപനം സ്വീകരിച്ച ഡി.എം.കെ ലോക്‌സഭയിൽ ബില്ലിന്റെ ചർച്ചയോട് സഹകരിച്ചെങ്കിലും വന്ദേമാതരം 2 ഖണ്ഡികകളിൽ മാത്രം ഒതുക്കി നിർത്താനുള്ള വിവേകം നമ്മുടെ ഭരണഘടനാശിൽപ്പികൾക്കുണ്ടായിരുന്നുവെന്ന് ഡി.എം.കെയിലെ കനിമൊഴി പറഞ്ഞു. ഈ ഗീതത്തിന്റെ പൂർണ്ണരൂപം രാജ്യത്തിന്റെ മതനിരപേക്ഷതക്കെതിരാണെന്നും കനിമൊഴി പറഞ്ഞു. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
വർഷകാല സമ്മേളനത്തിൽ കേരളത്തെ നേരിട്ട് ബാധിക്കുന്ന രണ്ട് ബില്ലുകൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' ആക്കുന്നതിനുള്ള ബില്ലും ഖനികളും ധാതുക്കളും (വികസനവും ക്രമീകരണവും) ഭേദഗതി ബില്ലും ആയിരുന്നു. കേരളം എന്ന പേരുമാറ്റം സംസ്ഥാനത്തിന് സ്വാഗതാർഹമാണെങ്കിലും ധാതുഖനനത്തിനുമേൽ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ പാസായത് കേരളത്തിന് തിരിച്ചടിയാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നീക്കമായതിനാൽ ബിൽ പാർലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
നിയമനിർമ്മാണത്തിനുള്ള ബില്ലുകൾ പാർലമെന്റിൽ വിശദ ചർച്ച കൂടാതെ പാസാക്കുന്നത് പാർലമെന്റിനോടും ജനാധിപത്യത്തോടുമുള്ള അനാദരവായി മോദിഭരണകൂടം കാണുന്നതേയില്ല. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച പന്ത്രണ്ട് ബില്ലുകളിൽ പത്തെണ്ണവും പാസാക്കിയത് ചർച്ച കൂടാതെയാണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയും സംവാദങ്ങൾക്കുള്ള വഴിയടച്ചുകൊണ്ടും ജനാധിപത്യ സംവിധാനത്തിൽ ഒരു ഭരണകൂടത്തിനും അധികകാലം അധികാരത്തിൽ പിടിച്ചുനിൽക്കാനാവില്ല.










