
സി.ജെ.പി പ്രക്ഷോഭത്തിന്റെ വെളിച്ചത്തിൽ, രാജ്യത്തെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്കരിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച ഉന്നതതല കർമ്മസമിതിയുടെ തലവൻ നന്ദൻ നിലേകനിയാണ്. ബംഗളുരു ആസ്ഥാനമായി ഉയർന്നുവന്ന ഐ ടി ഭീമൻ ഇൻഫോസിസിന്റെ സഹസ്ഥാപകനാണ് നിലേകനി. യുപിഎ അധികാരത്തിലിരിക്കെ 2009 ൽ ആധാർ കാർഡ് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ തലവൻ ഇദ്ദേഹമായിരുന്നു. ആധാർ കാർഡിന്റെ സൂത്രധാരനായാണ് പ്രഗത്ഭനായ നിലേകനി അറിയപ്പെടുന്നത്. 2014 ൽ ബംഗളുരു സൗത്ത് മണ്ഡലത്തിൽ നിന്നും ബിജെപി നേതാവ് അനന്തകുമാറിനെതിരെ ലോകസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. ആധാർ തയ്യാറാക്കുന്ന കാലത്ത് അതി രൂക്ഷമായ ഭാഷയിൽ ബിജെപി നിലേകനിയെ വിമർശിച്ചിരുന്നു.നിലേകനി അതിസമ്പന്നരുടെ പ്രതിനിധിയാണെന്നാണ് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നത്. ഇപ്പോൾ നിലേകനി നല്ലവനായോ? അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിക്കാനിടയായ സാഹചര്യമെന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കർണാടക പിസിസി അധ്യക്ഷൻ ബി കെ ഹരിപ്രസാദ് ചോദിക്കുന്നു. പൊതുപണത്തിന്റെ ദുരുപയോഗം, ആധാർ വൃഥാവ്യായാമം, ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നൊക്കെയായിരുന്നു ബിജെപിയുടെ ആരോപണങ്ങൾ. എന്നാൽ കാലക്രമത്തിൽ ആധാർ പൗരന്മാരുടെ സുപ്രധാന തിരിച്ചറിയൽ രേഖയായി അംഗീകരിക്കപ്പെട്ടു. നന്ദൻ നിലേകനിയുടെ കഴിവുകളെ പറ്റി ഞങ്ങൾക്ക് സംശയമില്ല. ഞങ്ങളുടെ ചോദ്യം പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സത്യസന്ധതയെ കുറിച്ചാണ്. നിലേകനിയെ കുറിച്ച് മുമ്പ് ഉയർത്തിയ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണം- ഹരിപ്രസാദ് ആവശ്യപ്പെട്ടു. പരിഷ്കരണത്തിലൂടെ പരീക്ഷാരംഗത്തെ ക്രമക്കേടുകൾ പരിഹരിക്കാനാവില്ല. അടിസ്ഥാനപരമായുള്ള ഒരു പൊളിച്ചെഴുത്താണ് ആവശ്യം- ഹരിപ്രസാദ് ചൂണ്ടിക്കാട്ടി.
Photo Courtesy - Google










