
കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവതി അറസ്റ്റിൽ. ഹരിയാണയിലെ ഭിവാനി സ്വദേശിനിയായ രവീണയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രവീണയും കാമുകൻ സുരേഷും ചേർന്നാണ് യുവതിയുടെ ഭർത്താവ് പ്രവീണിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയത്. എട്ടു വർഷം മുമ്പാണ് രവീണയും പ്രവീണും വിവാഹിതരായത്. ഇവർക്ക് ആറു വയസുള്ള ഒരു മകനുമുണ്ട്. ഇതിനിടെയാണ് യുവതി പ്രണയത്തിലായത്. എന്നാൽ, കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങൾക്കിടെ അപ്രതീക്ഷിതമായി വിട്ടിലെത്തിയ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് രവീണ.2017 ൽ പ്രവീണിനെ വിവാഹം കഴിച്ച രവീണ, രണ്ടു വർഷങ്ങൾക്ക് മുമ്പാണ് സുരേഷുമായി സൗഹൃദത്തിലാകുന്നത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേർന്ന് രവീണയും വീഡിയോകൾ ചെയ്തു തുടങ്ങി. പ്രവീണിന് എതിർപ്പുണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്യുന്നത് തുടർന്നു. മാർച്ച് 25-ന്, പ്രവീൺ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ രവീണയെയും സുരേഷിനെയും ഒരുമിച്ച് കാണുകയായിരുന്നു. ഇതോ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി.
ഇതിനു പിന്നാലെ അന്നു രാത്രി തന്നെ രവീണയും സുരേഷും ചേർന്ന് ഒരു ഷാൾ ഉപയോഗിച്ച് പ്രവീണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി നഗരത്തിന് പുറത്തുള്ള ഒരു ഓടയിൽ തള്ളി. രവീണയും സുരേഷും പ്രവീണിന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രവീണിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.











