
മുംബൈ: ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് 11 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ മിസിസ് കേരള 2025 റണ്ണറപ്പ് ഹർഷ സണ്ണിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്. ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തു ഹർഷയ്ക്ക് കൈമാറിയത് ആരാണെന്നും ഇന്ത്യയിലെത്തിയ ശേഷം അത് ആർക്കാണ് കൈമാറേണ്ടിയിരുന്നതെന്നുമുള്ള ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്.
വയനാട് സ്വദേശിനിയായ 28-കാരി ഹർഷ സണ്ണി മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്സുള്ള ഹർഷ, ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൻ തോതിലുള്ള ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിലായത്. പിടിച്ചെടുത്ത ലഹരിവസ്തുവിന്റെ വിപണിമൂല്യം ഏകദേശം 11 കോടി രൂപയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇൻ്റലിജൻസ് യൂണിറ്റും കസ്റ്റംസും ഇവരെ തടഞ്ഞു. തുടർന്ന് യുവതിയുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധയിൽ പച്ച നിറത്തിലുള്ള പദാർത്ഥം 12 പാക്കറ്റുകളിലായി കണ്ടെത്തി. വിമാനത്താവളത്തിൽ വെച്ചുതന്നെ എൻഡിപിഎസ് കിറ്റ് ഉപയോഗിച്ചു നടത്തിയ രാസപരിശോധനയിലാണ് ഹൈഡ്രോഫോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ലഹരിക്കടത്ത് ശൃംഖലയുമായി ഹർഷയ്ക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. അതേസമയം, താൻ നിരപരാധിയാണെന്നും ബാങ്കോക്കിൽ വച്ച് പരിചയപ്പെട്ട ഒരാളാണ് ബാഗ് കൈമാറിയതെന്നും അത് മുംബൈയിലെത്തിക്കാനാണ് ആവശ്യപ്പെട്ടതെന്നുമാണ് ഹർഷയുടെ വിശദീകരണം.
എന്നാൽ ഈ വാദം അന്വേഷണ സംഘം പൂർണമായി അംഗീകരിച്ചിട്ടില്ല. ഇത്രയും വലിയ അളവിലുള്ള ഹൈഡ്രോപോണിക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും അതിന്റെ അന്തിമ ലക്ഷ്യം എന്തായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഹർഷയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ പിന്നാമ്പുറ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.










