
കൊച്ചി: രാജ്യത്തിന്റെ കാലാവസ്ഥാ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും തീരദേശ സമൂഹങ്ങളുടെ ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിലെ കടൽപായൽ വിഭവങ്ങളുടെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കുഫോസ് (കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാല ) സ്ഥാപക വൈസ് ചാൻസലർ ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു.
കുഫോസിൽ നടന്ന “Indian Seaweed Industry: Opportunities and Challenges for a Sustainable Future” എന്ന ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST), സ്‌പോൺസർ ചെയ്ത ഈ സെമിനാർ SEAWEED 2026 അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ്.
കുറഞ്ഞ ചെലവിൽ ആരംഭിക്കാവുന്നതും 40–50 ദിവസത്തിനകം വിളവെടുക്കാനാകുന്നതുമായതിനാൽ തീരദേശ സമൂഹങ്ങൾക്ക് മികച്ച വരുമാനവും തൊഴിൽ അവസരവും നൽകുന്ന മേഖലയാണ് കടൽപായൽ കൃഷി. പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക പുരോഗതി, സാമൂഹിക സമത്വം എന്നിവയെ ഒരുമിപ്പിക്കുന്ന മേഖല കൂടിയാണ് കടൽപായൽ വ്യവസായം .
കടൽപായൽ കൃഷിക്കായി പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രോസസ്സിംഗ്, വിപണനം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന മൂല്യശൃംഖല ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ത്യയുടെ തീരദേശ മേഖലകളിൽ കടൽപായൽ കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാപ്പിംഗ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. എ ബിജുകുമാർ, ഡോ രാധിക രാജശ്രീ എസ് ആർ, ഡോ. അരൂപ് ഘോഷ്, ഡോ ടി കെ ശ്രീനിവാസ ഗോപാൽ, ഡോ കെ ദിനേശ്, ഡോ കെ പദ്മ കുമാർ, ഡോ നെവിൻ കെ ജി എന്നിവർ പങ്കെടുത്തു.








