
കൊച്ചി: ഈ വര്‍ഷത്തെ ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിനു സമ്മാനിക്കും. അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 12 ന് കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അവാര്‍ഡ് സമ്മാനിക്കും. ഹാര്‍മണി ഫെസ്റ്റിവല്‍ ചീഫ് കോഓഡിനേറ്റര്‍ പാടുംപാതിരി ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രൊഫ. ജോര്‍ജ് എസ് പോള്‍, ഡോ. സി.കെ. തോമസ്, പ്രദീപ് സോമസുന്ദരന്‍, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, നൗഷാദ് കൈതവളപ്പില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡു ജേതാവിനെ തെരഞ്ഞെടുത്തത്. ചലച്ചിത്ര ഗാനരചനയ്ക്ക് ആറു തവണ സംസ്ഥാന അവാര്‍ഡു നേടിയ റഫീഖ് അഹമ്മദ് കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുകൂടിയാണ്.
മുന്‍ വര്‍ഷങ്ങളില്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, പത്മശ്രീ കലാമണ്ഡലം ഗോപി, കെ.എസ്. ചിത്ര, പത്മവിഭൂഷണ്‍ എസ്പി. ബാലസുബ്രഹ്‌മണ്യന്‍, ജെറി അമല്‍ദേവ്, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, ഔസേപ്പച്ചന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരാണ് ഹാര്‍മണി അവാര്‍ഡ് ജേതാക്കളായത്.
പതിനൊന്നാമത് ഹാര്‍മണി ഫെസ്റ്റിവല്‍ ജനുവരി പത്തിന് 'മുസിരിസ്' സെമിനാറോടെ കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തില്‍ ആരംഭിക്കും. വൈകുന്നേരം 4.30 ന് ഇ.ടി. ടൈസണ്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.ജെ. ചെറിയാന്‍, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജര്‍ ഡോ. മിഥുന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ ജനുവരി 11 നു സംഗീതോല്‍സവമാണ്. രാവിലെ മുതല്‍ നൂറിലേറെ സംഗീത പ്രതിഭകള്‍ ഗാനാര്‍ച്ചന നടത്തും. വൈകുന്നേരം 6.30 ന് മതഹൗസൗഹാര്‍ദ സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്‌മസ്വരൂപാനന്ദ തീര്‍ത്ഥ, കെ. റിയാസ് മൗലവി അല്‍ ഹസനി, ആലുവ സെമിനാരി വൈസ് റെക്ടര്‍ ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകളം എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, ഏറിയാട് പഞ്ചായത്ത് മെമ്പര്‍ ലൈല സേവ്യര്‍, ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ സിഎംഐ എന്നിവര്‍ പ്രസംഗിക്കും.
മൂന്നാംദിനമായ 12 നു വൈകുന്നേരം ഏഴിനു സമാപന സമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ്‍ എംഎല്‍എ അധ്യക്ഷനാകും. കവി റഫീഖ് അഹമ്മദിനു മന്ത്രി പുരസ്‌കാരം സമ്മാനിക്കും. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര സിഎംഐ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപാടത്ത് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എം.ഡി. പോളി, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, റീന മുരളി എന്നിവര്‍ നയിക്കുന്ന ഗാനമേളയുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍: ഹാര്‍മണി ഫെസ്റ്റിവല്‍ ചീഫ് കോഓഡിനേറ്റര്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, പ്രൊഫ. വി.എ. വര്‍ഗീസ്, ബേബി മൂക്കന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍.









