12:34pm 20 October 2026
NEWS
വിശപ്പിനോട് പൊരുതി സഹോദരങ്ങളെ ചേർത്തുപിടിച്ച് 11കാരി; കാർത്തികപ്പള്ളിയിൽ നിന്നും പുറത്തുവരുന്നത് ആരുടെയും കണ്ണുനനയിക്കുന്ന ജീവിതങ്ങളുടെ വെളിപ്പെടുത്തലുകൾ
20/10/2026  10:48 AM IST
nila
വിശപ്പിനോട് പൊരുതി സഹോദരങ്ങളെ ചേർത്തുപിടിച്ച് 11കാരി; കാർത്തികപ്പള്ളിയിൽ നിന്നും പുറത്തുവരുന്നത് ആരുടെയും കണ്ണുനനയിക്കുന്ന ജീവിതങ്ങളുടെ വെളിപ്പെടുത്തലുകൾ

ഹരിപ്പാട്: കളിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ നാല് ചുവരുകൾക്കുള്ളിൽ സഹോദരങ്ങളുടെ വിശപ്പകറ്റാൻ പാടുപെട്ട പതിനൊന്നുകാരി. അമ്മയുടെ സ്നേഹവും പരിചരണവും ലഭിക്കേണ്ട കുഞ്ഞുങ്ങൾക്ക് താങ്ങായി മാറിയ ഈ ബാലികയുടെ ജീവിതം നാടിന്റെ കണ്ണുനിറയ്ക്കുകയാണ്. പോഷകാഹാരക്കുറവിനെത്തുടർന്നുണ്ടായ അനീമിയ കാരണം രണ്ടുവയസ്സുകാരനായ സഹോദരൻ രാഹുൽ മരിച്ചതോടെയാണ് കുടുംബത്തിലെ കുട്ടികൾ നേരിടുന്ന ദുരിതങ്ങൾ പുറത്തറിയുന്നത്.

ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്–താര ദമ്പതികളുടെ ആറാമത്തെ മകനാണ് രാഹുൽ. കഴിഞ്ഞ ദിവസമാണ് പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയയെ തുടർന്ന് കുട്ടി മരിച്ചത്. മൂന്ന് വർഷം മുൻപ് ദമ്പതികളുടെ മറ്റൊരു ആൺകുട്ടിയും മരിച്ചിരുന്നു. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും മാതാപിതാക്കൾ നൽകിയിരുന്നില്ലെന്നാണ് വിവരം.

കുടുംബത്തിലെ ദുരവസ്ഥ കണക്കിലെടുത്ത് മൂന്ന്, അഞ്ച്, ഏഴ്, പത്ത് വയസ്സുള്ള നാല് പെൺകുട്ടികളെ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്ത് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

സഹോദരങ്ങൾക്ക് താങ്ങായത് ബാല്യം മറന്നുള്ള ജീവിതം

വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവന്നത് പതിനൊന്നുകാരിയായ മൂത്ത പെൺകുട്ടിക്കായിരുന്നു. അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളും ഇളയ കുട്ടികളുടെ പരിചരണവും അവളുടെ ചുമതലയിലായിരുന്നു. പഠിക്കാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ കഴിയാതെ സഹോദരങ്ങളുടെ വിശപ്പകറ്റാനുള്ള ശ്രമത്തിലായിരുന്നു കുട്ടിയെന്ന് സമീപവാസികൾ പറയുന്നു.

മൂടിയില്ലാത്ത കിണറ്റിൽനിന്ന് വെള്ളം കോരിയെടുക്കുന്നതുൾപ്പെടെ അപകടസാധ്യതയുള്ള ജോലികളും അവൾ ചെയ്തിരുന്നു. സുരക്ഷിതമല്ലാത്ത കിണറ്റിൽനിന്ന് വെള്ളമെടുക്കരുതെന്ന് മാതാപിതാക്കളോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വീട്ടിൽ ഭക്ഷണം പാകം ചെയ്യാത്ത ദിവസങ്ങളിൽ സുമനസ്സുകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങി ഇളയ സഹോദരങ്ങൾക്ക് നൽകിയിരുന്നതും ഈ പതിനൊന്നുകാരിയായിരുന്നു. സ്വന്തം ബാല്യം പോലും ആസ്വദിക്കാൻ കഴിയാതെ സഹോദരങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ച കുട്ടിയുടെ അവസ്ഥ നാട്ടുകാരെ ഏറെ വേദനിപ്പിക്കുകയാണ്.

രാഹുലിന്റെ മരണം അറിയാതെ അമ്മയും സഹോദരിമാരും

രണ്ടുവയസ്സുകാരന്റെ മരണവിവരം അമ്മ താരയെയും നാല് സഹോദരിമാരെയും ഇതുവരെ അറിയിച്ചിട്ടില്ല. ഏഴാമത്തെ പ്രസവത്തിനുശേഷം ആശുപത്രിയിൽ വിശ്രമത്തിലാണ് താര. രക്തസമ്മർദമുള്ളതിനാൽ മരണവിവരം അറിയിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചതായാണ് ഭർത്താവ് രാജേഷ് പറഞ്ഞത്. അനിയന് സുഖമില്ലാത്തതിനാൽ ആശുപത്രിയിലാണെന്നാണ് സഹോദരിമാരോട് അറിയിച്ചിരിക്കുന്നത്. ഇവർ നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

താരയ്ക്ക് ഇപ്പോൾ ജനിച്ച കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. നവജാതശിശുവിനെ അമ്മയുടെ പരിചരണത്തിൽത്തന്നെ തുടരാനാണ് തീരുമാനം.

മുൻ പ്രസവങ്ങളുടെ സമയത്തും താര കൃത്യമായ ചികിത്സ തേടിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. പ്രസവസമയത്ത് മാത്രമാണ് ആശുപത്രിയിൽ എത്തിയിരുന്നത്. രക്തസമ്മർദമുള്ളതിനാൽ ചികിത്സ തേടണമെന്ന് ആശാ പ്രവർത്തകർ പലതവണ നിർദേശിച്ചെങ്കിലും ഒരിക്കൽ മാത്രമാണ് ആശുപത്രിയിൽ പോയതെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img