
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഹരിപ്പാട് നഗരത്തിലെത്തി തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കൊല്ലത്തേക്ക് മടങ്ങിയത്. കൃത്യം ആസൂത്രണം ചെയ്തതുപോലെ നടപ്പാക്കിയതിന്റെ ആവേശത്തിലായിരുന്നു സംഘം എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സി.സി.ടി.വി. ദൃശ്യങ്ങളും തട്ടുകടയിലുണ്ടായിരുന്നവരുടെ മൊഴികളുമാണ് ഇതുസംബന്ധിച്ച വിവരങ്ങൾക്ക് ആധാരം.
ശനിയാഴ്ച രാത്രി കൊല്ലത്തുനിന്നുള്ള ട്രെയിനിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തി. തുടർന്ന് ഏകദേശം ഒരു കിലോമീറ്റർ നടന്ന് രാത്രി ഒൻപതരയോടെ ശിവൻകുട്ടിയുടെ വീട്ടിലെത്തി. കൊലപാതകത്തിന് ശേഷം ഇതേ വഴിയിലൂടെ ഹരിപ്പാട്ടേക്ക് മടങ്ങിയ സംഘം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു. പിന്നീട് ബസിൽ കൊല്ലത്തേക്ക് പോയി.
തിങ്കളാഴ്ച രാവിലെയെങ്കിലും പിടിക്കപ്പെടില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതികളെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തതോടെ സംഘം ആശങ്കയിലായി. പരസ്പരം ഫോൺ വിളിച്ചും നേരിട്ടും ബന്ധപ്പെട്ടിരുന്ന ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച രാത്രിയോടെ ഹരിപ്പാട്ടുനിന്നുള്ള പോലീസ് സംഘങ്ങൾ കൊല്ലം പറവൂരിലെത്തി പ്രതികളുടെ വീടുകളിൽനിന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു.
ആഴ്ചകളോളം കൊലപാതകത്തിന് ആസൂത്രണം
കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടിചെട്ടിയാർ (67) കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ആഴ്ചകൾ നീണ്ട ആസൂത്രണമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ബന്ധുവായ പതിമൂന്നുകാരി പെൺകുട്ടിയും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ വഴിയും കൊലപാതകം എങ്ങനെ നടത്താമെന്ന് ചർച്ച ചെയ്തിരുന്നു.
വിഷം നൽകുക, വാഹനാപകടമായി ചിത്രീകരിക്കുക തുടങ്ങിയ മാർഗങ്ങൾ വരെ പരിഗണിച്ച ശേഷമാണ് കൊലപാതകത്തിലേക്ക് എത്തിയത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗവും രാത്രി വൈകിയുള്ള പുറത്തിറങ്ങലും ശിവൻകുട്ടി വിലക്കിയിരുന്നതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ശിവൻകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കാനും നേരത്തെ പദ്ധതിയിട്ടിരുന്നു.
മോഷണവും ലക്ഷ്യം; ആഭരണങ്ങൾ കണ്ടെത്തി
കൊലപാതകത്തിന് ശേഷം വീട്ടിൽനിന്ന് ഏകദേശം നാലരപ്പവൻ സ്വർണാഭരണങ്ങൾ പ്രതികൾ എടുത്തതായി പോലീസ് പറഞ്ഞു. ഇതിൽ ഒരു മോതിരം 16,000 രൂപയ്ക്ക് വിറ്റിരുന്നു. വിറ്റ പണവും വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് ഐഫോണും കാമുകന് ബൈക്കും വാങ്ങുന്നതിനായി പണം ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പെൺകുട്ടിയുടെ കാമുകനായ പ്ലസ് ടു വിദ്യാർഥിയും രണ്ട് സുഹൃത്തുക്കളുമാണ് കൊലപാതകത്തിൽ പങ്കെടുത്തതായി പോലീസ് പറയുന്നത്. ഇവരിൽ ഒരാൾ പ്ലസ് വൺ വിദ്യാർഥിയും മറ്റൊരാൾ പഠനം നിർത്തിയയാളുമാണ്. കൊല്ലം പരവൂർ സ്വദേശികളായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീടിനുള്ളിൽ കടന്നത് ശൗചാലയത്തിന്റെ മേൽക്കൂര വഴി
ശനിയാഴ്ച രാത്രി ഒൻപതരയ്ക്കും പുലർച്ചെ മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ശൗചാലയത്തിന്റെ അസ്ബസ്റ്റോസ് ഷീറ്റ് മരത്തടി ഉപയോഗിച്ച് ഉയർത്തി എയർഹോളിലൂടെ പ്രതികൾ വീട്ടിനുള്ളിൽ പ്രവേശിച്ചതായാണ് കണ്ടെത്തൽ.
ശിവൻകുട്ടിയെ കിടക്കവിരി ഉപയോഗിച്ച് കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം അതേ വിരികൊണ്ട് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. പോസ്റ്റ്മോർട്ടത്തിലും ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംശയം തോന്നാതിരിക്കാൻ പെൺകുട്ടിയുടെ നീക്കങ്ങൾ
ശിവൻകുട്ടിയുടെ മകൾ പ്രസവശുശ്രൂഷയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് വീട്ടിൽ ശിവൻകുട്ടി മാത്രമായത്. ഭാര്യയും മകളോടൊപ്പമായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ പെൺകുട്ടി വീട് പൂട്ടിക്കിടക്കുകയാണെന്നും ശിവൻകുട്ടിയെ കാണാനില്ലെന്നും ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞു. ഞായറാഴ്ച രാവിലെയും വൈകുന്നേരവും വീട്ടിലെത്തിയ പെൺകുട്ടി ശിവൻകുട്ടിയുടെ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.
തിങ്കളാഴ്ച രാവിലെ അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ശിവൻകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടി. പോലീസ് എത്തിയപ്പോൾ ശനിയാഴ്ച രാവിലെയാണ് അവസാനമായി ശിവൻകുട്ടിയെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നുമായിരുന്നു മൊഴി.
പോലീസിന് സംശയം തോന്നിയത് പെരുമാറ്റത്തിൽ
ശിവൻകുട്ടിക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ സംശയിക്കണമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഈ മൊഴി ശരിയാണെന്ന് തോന്നിയെങ്കിലും പിന്നീട് വനിതാ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തി.
തിങ്കളാഴ്ച രാത്രി ചോദ്യംചെയ്യലിനൊടുവിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്. കൊലപാതകത്തിൽ പങ്കുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം കൊല്ലം പറവൂരിലെത്തി മണിക്കൂറുകൾക്കകം മൂന്നുപേരെയും പിടികൂടുകയായിരുന്നു.
കൊലപാതകത്തിനിടെ പ്രതികൾ വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിച്ചതായും പോലീസ് പറയുന്നു. കൊലപാതകവിവരം പുറത്തുവന്ന ദിവസം പോലീസ് വീട്ടിലെത്തിയപ്പോൾ പരീക്ഷയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പെൺകുട്ടി തിടുക്കം കാട്ടിയതും അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുണർത്തിയിരുന്നു.










