05:47am 18 October 2026
NEWS
ഹാപ്പി വാളണ്ടിയേഴ്‌സ് ഡേ
13/02/2025  11:56 AM IST
ജി. കൃഷ്ണൻ. മാലം
ഹാപ്പി വാളണ്ടിയേഴ്‌സ് ഡേ

 'എടിയേ.... എടിയേ.....?'

എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ കിടന്നു കാറുന്നത്.?

ഫെബ്രുവരിയായി. ഈ മാസത്തെ പ്രത്യേകതയെക്കുറിച്ച് വല്ല ധാരണയുമുണ്ടോ നെനക്ക്.

70 കാരനായ ചാണ്ടിക്കുഞ്ഞ് രാവിലെ പത്രവായനയ്ക്കിടയിൽ ഭാര്യ ശോശാമ്മയോടായി ചോദിക്കുകയാണ്. 65 കാരിയായ ശോശാമ്മയ്ക്ക് അതിന് മറുപടിയുണ്ടായിരുന്നു.

 അതിന് ഫെബ്രുവരി മാസത്തിലൊന്നുമായിരുന്നില്ലല്ലോ നമ്മുടെ കല്യാണം....?

കല്യാണമാസം ഏതാണെന്നൊന്നും നീ എന്നെ പറഞ്ഞു പഠിപ്പിക്കേണ്ട.... ആ ദുരന്ത മാസത്തെ കുറിച്ച് ഞാൻ ദെവസോം എന്ന പോലെ ഓർക്കുന്ന കാര്യമാ... കാക്ക പോലും കർക്കിടക മാസത്തിൽ കല്യാണം കഴിക്കുവേലെന്നാ പണ്ടത്തെ പഴഞ്ചൊല്ല്...

നിങ്ങക്കല്ലാരുന്നോ മനുഷ്യാ, ധൃതി. ചിങ്ങമാസത്തിൽ മതീന്ന് എന്റപ്പൻ എത്ര പറഞ്ഞതാ... അപ്പൊ, സമ്മതിക്കു വേലാരുന്നല്ലൊ...

അതിന് നീ എന്നെ കുറ്റം പറഞ്ഞോ കേട്ടൊ. ഇടവമാസത്തിൽ നിന്റെ വീട് നനഞ്ഞൊഴുകീപ്പോ നീയല്ലേ പറഞ്ഞത് മഴക്കാലത്താണെങ്കിലും കല്യാണം കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് നിങ്ങടെ കൂടെ വന്ന് പൊറുക്കാമായിരുന്നെന്ന്.

'എന്നതായിപ്പൊ ഫെബ്രുവരി മാസത്തെ കൊണമെന്ന് പറ.'

'എീെ.... ഈ മാസം പ്രേമിക്കുന്നവരുടെയും പ്രേമിച്ചിട്ടുള്ളവരുടെയും മാസമാ...പതിനാലാം തീയതി... അന്ന് പ്രേമിച്ചിട്ടുള്ളവർക്കെല്ലാം വലിയ ആഘോഷമായിരി ക്കുമെന്ന്. ഇന്നലെ റേഷൻ കടേൽ ചെന്നപ്പോ ചിന്നപ്പനാണിത് എന്നോട് പറഞ്ഞത്. റേഷൻ വാങ്ങിക്കാൻ വന്നവരൊന്നും കേൾക്കാതെ മാറ്റി നിർത്തിയാ ചിന്നപ്പനെന്നോടിത് പറഞ്ഞത്. എന്തോന്നാ ഏതാണ്ടൊരു പേരും പറഞ്ഞു. വാളണ്ടയിസ് ഡേന്നൊ മറ്റൊ. എനിക്കൊന്നും മനസ്സിലായില്ല.

എന്നിട്ട് ചിന്നപ്പൻ പിന്നെ എന്നാ പറഞ്ഞു..? ചിന്നപ്പനും പണ്ട് പ്രേമിച്ചില്ലേ കെട്ടിയത്..?

'അതേന്നെ '... അതെങ്ങനെയാ, മറക്കുന്നെ....? ചിന്നപ്പൻ അന്ന് ത്രേസ്യക്കുട്ടിക്ക് പ്രേമക്കത്തു കൊടുത്തു കൊടുത്തല്ലെ.. വശീകരിച്ചെടുത്തത്.

ഉം....ഉം... നിങ്ങളും മോശമാരുന്നോ? പലചരക്ക് കടേന്ന് സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസില് വരെ നിങ്ങളെനിക്ക് പ്രേമലേഖനം തന്നിട്ടുണ്ട്.

മുറി തൂത്തുവാരി ക്കൊണ്ടിരുന്ന ശോശാമ്മയുടെ മുഖത്തൊരു നാണം. ശൃംഗാര ഭാവത്തിൽ കൈയിലിരിക്കുന്ന ചൂല് വട്ടം കറക്കി.

എടീ, ശോശാമ്മേ.. ചിന്നപ്പനും ഭാര്യേം കൂടി ഈ പതിനാലാം തീയതി പ്രേമത്തിന്റെ ആണ്ട് ആഘോഷിക്കാൻ മൂന്നാറിന് പോകുവാന്ന്.

' അവര് തന്നെയോ..'

പിന്നല്ലാതെ.., പിള്ളേരേം കൂട്ടി വാളണ്ടയിസ് ആഘോഷിക്കാൻ പോകാൻ പറ്റുമോ..?

 എന്നാപ്പിന്നെ....

എന്നാപ്പിന്നെ..., പറയെടീ എളുപ്പം...

 ഞാനൊരു അഭിപ്രായം പറേന്നെന്നേയുളളൂ...ങ്ങള്, ചൂടാവരുത്.

'ഇല്ലെടി ശോശക്കുട്ടീ...നീ വേഗം പറ...'

എന്നാപ്പിന്നെ നമുക്കും അവരുടെ കൂടെയങ്ങ് പോയാലോ.? 

ഉം...അത് വേണേൽ ആലോചിക്കാം... ഞാനിപ്പോ ത്തന്നെ ചിന്നപ്പനോടൊന്ന് ഫോൺ ചെയ്തു ചോദിച്ചാലോ...?

'നിങ്ങള് അത്രയ്ക്കങ്ങോട്ട് ധൃതി വയ്ക്കാതെ... ഇതൊക്കെ ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങളാ.. നമ്മളീ വീട്ടീന്ന് പിള്ളേരോട് എന്നാ പറഞ്ഞോണ്ട് പോകും...

വാളണ്ടയിസിന് പോകുവാന്ന് പറഞ്ഞാൽ പോരെ..? അങ്ങനെ പറഞ്ഞാൽ കുഴപ്പമുണ്ടോ..

കൊഴപ്പമുണ്ടോന്ന് ചോദിച്ചാ.. ഇത്തിരി കുഴപ്പമുണ്ട്. ഇല്ലേന്ന് ചോദിച്ചാൽ ഇല്ല...നിങ്ങള് ആ ചിന്നപ്പനോട് ചോദിക്ക്..വീട്ടില് എന്നാ കള്ളം പറഞ്ഞാ മൂന്നാറിന് പോകുന്നേന്ന.്....

 നമ്മുടെ കാലത്ത് ഇതൊന്നും ഇല്ലാത്തോണ്ടാ ഒരു പരിചയക്കുറവ്. അടുത്ത കൊല്ലമാകുമ്പോ ഇത്രേം പേടിക്കാനില്ല.

'പിന്നെ...യ് അടുത്ത കൊല്ലം...? ഇതെന്നാ വർഷാ വർഷം അങ്ങ് ആഘോഷിക്കാനാണോ പരിപാടി?  ഒത്തിരി നാളായല്ലോന്ന് വച്ചാ ഞാനിപ്പമൊന്ന് മനസ്സുവെച്ചത്. നിങ്ങള് ചിന്നപ്പനെ വിളി.....

ചാണ്ടിക്കുഞ്ഞ് പത്രം മേശപ്പുറത്തിട്ടിട്ട് ചാരുകസേരേന്ന് ചാടിയെണീറ്റു. ലാന്റ് ഫോണിനടുത്തേക്കു നടന്നു.

ശോശാമ്മ ശബ്ദം താഴ്ത്തി പറഞ്ഞു.

 ദേ.....കുറച്ച് പതുക്കെ പറയണം കേട്ടോ... കാര്യങ്ങൾ. മോനും മരുമോളും പള്ളീൽ പോയിരിക്കുവാന്നും പറഞ്ഞ് ഉറക്കെ വിളിച്ചു കാറരുത്.... കൊച്ചുമകൻ അപ്പുറത്തെ മുറിയിലുണ്ട് ...അവനിതെല്ലാം മനസ്സിലാക്കുന്ന പ്രായമായീന്നൊള്ള വിചാരം വേണം...

 ചാണ്ടിക്കുഞ്ഞ് അതെല്ലാം എനിക്കറിയാമെന്ന ഭാവത്തിൽ ഫോൺ ഡയൽ ചെയ്യുന്നു.

ഫോണിൽ സംസാരിച്ചതിനു ശേഷം തിരിച്ചു വന്നിട്ട് ഭാര്യയോടായി പറഞ്ഞു.

എടിയേ... ചിന്നപ്പനെല്ലാം പറഞ്ഞു. അവർക്ക് അടിമാലീൽ ഒരു വീടൊണ്ടെന്ന.് അവിടെ  പോകുവാന്നുപറഞ്ഞാ മൂന്നാറിന് പോകുന്നതെന്ന്..  കഴിഞ്ഞ വർഷോം ഇവര് മൂന്നാറിന് പോയെന്ന്.

ങാ.. ചിന്നപ്പൻ പിന്നെ വേറൊരു കാര്യം കൂടി പറഞ്ഞു...

പറഞ്ഞൊ...,അതെന്നതാ...

പ്രഷറിന്റെയും, കൊളസ്‌ട്രോളിന്റെയും, ഷുഗറിന്റെയും മരുന്നൊന്നും മറക്കരുത്. പിന്നെ മകരം തീർന്നെങ്കിലും മൂന്നാറിൽ നല്ല തണുപ്പാ....കമ്പിളിപ്പൊതപ്പും കൊഴമ്പും എണ്ണേം ചൂടുവെള്ളത്തിന്റെ ബാഗും തൈലവും വേദനേടെ മരുന്നും കഫക്കെട്ടിന്റെ സിറപ്പും ഇൻസുലിൻ സൂചിയും രാസനാദി പൊടിയും തണുപ്പടിക്കുമ്പോൾ കാല് വീണ്ടു കീറും, അന്നേരം തേയ്ക്കാനുള്ള വാസിലെയിനും ആവി പിടിക്കുന്ന പുട്ടുകൊടവും, കാലിന്റെ മസിലിൽ ചൂടുവയ്ക്കാനുള്ള കിഴിയും ഗ്യാസിന്റെ മരുന്നും പൈൽസിന്റെ ഗുളികയും ഒക്കെ എടുത്തോളണമെന്ന്. ഇതെല്ലാം മറന്നു പോയാൽ അവിടെ ചെന്നിട്ട് ആകെ കുഴയുമെന്ന്.

'എന്റീ....ശോയെ....'

'എന്താടീ.....ശോശേ.....?'

ഞാനൊരു മൂന്നാറിനും മാന്നാറിനും വരുന്നില്ല. നിങ്ങടെ ഇരട്ടി മരുന്നാ എനിക്കുള്ളത്. എല്ലാം കൂടി കൊണ്ടുപോകണേൽ വല്ല ലോറീം വേണ്ടിവരും... ഞാനില്ല...പതിനാലാം തീയതി അല്ലേ നമുക്കിവിടെങ്ങാനും 'വാളണ്ടീസ്' ആഘോഷിക്കാം. അതിനിപ്പൊ മൂന്നാറ് വരെയൊന്നും പോകണ്ടല്ലോ... ഈ വാളണ്ടീസൊക്കെ കണ്ടുപിടിച്ചവനെവേണം തൊഴിക്കാൻ.....

 ചാണ്ടിക്കുഞ്ഞ് ചാരുകസേരയിലേക്കു ചാഞ്ഞു കിടന്നു. ശോശാമ്മയുടെ മുഖത്തൊരു ചിരിയും വീണു....

 

 

Photo Courtesy - subhash.kalloor

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.