10:16am 12 November 2026
NEWS
നാലുപതിറ്റാണ്ടിന്റെ സൗഹൃദവും സ്നേഹവും ബാക്കിയാക്കി ഹമീദ് വൈക്കലശ്ശേരി നാട്ടിലേക്ക്; ഹൃദ്യമായ യാത്രയയപ്പ് നൽകി ദോഹ
12/11/2026  10:07 AM IST
nila
നാലുപതിറ്റാണ്ടിന്റെ സൗഹൃദവും സ്നേഹവും ബാക്കിയാക്കി ഹമീദ് വൈക്കലശ്ശേരി നാട്ടിലേക്ക്; ഹൃദ്യമായ യാത്രയയപ്പ് നൽകി ദോഹ

ദോഹ:ഖത്തർ പ്രവാസ ജീവിതത്തിന്റെ നാലുപതിറ്റാണ്ടിന്റെനിറവിൽ നിന്നും 
നാട്ടിലേക്ക് മടങ്ങുന്ന ഹമീദ് വൈക്കലശ്ശേരിക്ക് സ്നേഹനിർഭരമായ 
 യാത്രയയപ്പ് നൽകി.
ഖത്തറിലെ വിവിധ  സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽനടന്ന
യാത്രയയപ്പ് ചടങ്ങിൽ 
പരസ്പരസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഊഷ്മളമായ മാനുഷിക ബന്ധത്തിന്റെ മാതൃകയായിരുന്നു 
ഹമീദ് വൈക്കലശ്ശേരിയെന്ന്  സംസാരിച്ചവർ പറഞ്ഞു.
പ്രിയപ്പെട്ട ഇടങ്ങളിൽ നിന്നോ ആളുകളിൽ നിന്നോ മടങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ വേദന നല്ലൊരു സൗഹൃദം നഷ്ടപ്പെടുന്നു എന്നതാണ്. ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളും പങ്കുവെച്ച സന്തോഷങ്ങളും ഓർമ്മകളായി മാറുമ്പോൾ ആ വേർപാട് മനസ്സിന് വലിയ ഭാരമാകുന്ന
വികാരനിർഭരമായ വേദിയായി യാത്രയയപ്പ് ചടങ്ങ്. അബ്ദുൽ നാസർ നാച്ചി അധ്യക്ഷത വഹിച്ച യോഗം എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഹമീദ് വൈക്കലശ്ശേരിയുമായുള്ള സുദീർഘമായ സൗഹൃദനാളുകൾ  പങ്കുവച്ചുകൊണ്ട് സലീം നാലകത്ത് , ജാഫർ തയ്യിൽ, പോക്കർ കക്കാട്ട് , പി.എ തലായി , ബഷീർ ഖാൻ , മുസ്തഫ എലത്തൂർ, ആദം കുഞി , എ .വി എ ബക്കർ, പി.പി.എ റഷീദ് ,നാസർ തൃശൂർ, കെ എസ് ഉതുമ , നൗഷാദ് മാങ്കടവ് , ഇല്യാസ് മാസ്റ്റർ , പി വി എ നാസർ, ഫൈസൽ കേളോത്ത് , കബീർ ചാലിശ്ശേരി, സഖാവ് ബഷീർ എന്നിവർ സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ ഹമീദ് വൈക്കലശ്ശേരി തന്റെ പഴയകാല പ്രവാസജീവിതത്തിന്റെ മധുരമുള്ള ഓർമ്മകളും അനുഭവങ്ങളും ഹൃദയസ്പർശിയായി പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് യാതൊരുവിധ സ്വാധീനവുമില്ലാത്ത ഒരുപ്രദേശത്തുനിന്നാണ് താൻ ഖത്തറിലേക്ക് എത്തിയതെന്നും, എന്നാൽ ഈ മണ്ണിലെത്തിയ ശേഷം ജാതിമത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും വലിയ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇത്രയും കാലം ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിൽ ആരുടെയെങ്കിലും സ്വാധീനം കൊണ്ടോ വ്യക്തിപരമായ പ്രചോദനം കൊണ്ടോ അല്ല താൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മറിച്ച്,പാതിരാത്രികളിൽ പോലും തെരുവോരങ്ങളിൽ പ്രസംഗിച്ചുകൊണ്ടിരുന്ന സി.എച്ച്. മുഹമ്മദ് കോയസാഹിബിനെപ്പോലുള്ള മഹാരഥന്മാരുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടാണ് നാട്ടിൽ മുസ്‌ലിം ലീഗിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയതെന്ന് അദ്ദേഹം അഭിമാനത്തോടെ ഓർമിച്ചു.ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നല്ലൊരു സൗഹൃദവലയം സൃഷ്ടിച്ചെടുത്താണ് ഈപ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും നന്മ മാത്രംസംസാരിക്കുകയും, നല്ലതിനുവേണ്ടി മാത്രംപ്രവർത്തിക്കുകയും ചെയ്യുന്ന ഒരുപറ്റം നല്ല മനുഷ്യരോടൊപ്പം ചേർന്നുനിൽക്കാൻ സാധിച്ചതിൽ അതീവ ചാരിതാർത്ഥ്യമുണ്ട്. ഇനിയുള്ള നാളുകളിൽ നാട്ടിലെപൊതുപ്രവർത്തനങ്ങളിലും രാഷ്ട്രീയപരിപാടികളിലും സജീവമായി പങ്കാളിയായി, തന്നാൽ കഴിയുന്ന സേവനങ്ങൾ തുടരുമെന്നും ഉറപ്പുനൽകിയാണ് അദ്ദേഹം തന്റെ മറുപടി പ്രസംഗംഅവസാനിപ്പിച്ചത്.ചടങ്ങിൽ റഈസ് വയനാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞുനിന്ന സദസ്സിന് സംഗീതത്തിന്റെ മാധുര്യം പകർന്നുകൊണ്ട് അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഗാനങ്ങളും ആലപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img