
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാമെന്ന് ഹമാസ്. എന്നാൽ നിർദ്ദേശത്തിന്റെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നുവെന്നും മറ്റുള്ളവർക്ക് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ഗാസയുടെ നിയന്ത്രണം കൈമാറാമെന്നും ബന്ദികളെ മോചിപ്പിക്കാമെന്നുമാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്നതിനുമായി എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് പറഞ്ഞു. “ഈ കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥർ വഴി ഉടൻ ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത പ്രസ്ഥാനം സ്ഥിരീകരിക്കുന്നു”- പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.
ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇരുപതിന നിർദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വച്ചത്. ഇസ്രയേൽ ഈ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രതികരണം.











