
2023 ഒക്ടോബറിൽ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ യുവതിയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ലിറി അൽബാഗ് എന്ന പത്തൊൻപതുകാരിയുടെ വീഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. തന്റെ മോചനം സാധ്യമാക്കണമെന്ന് യുവതി ഇസ്രയേൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതാണ് വീഡിയോ. ഹീബ്രു ഭാഷയിലാണ് യുവതി സംസാരിക്കുന്നത്.
ഗാസാ അതിർത്തിയിൽനിന്ന് മറ്റ് ആറ് സ്ത്രീകൾക്കൊപ്പമാണ് ലിറി അൽബാഗിനെയും ഹമാസ് തട്ടിക്കൊണ്ടുപോയത്. 2023-ൽ നടത്തിയ ആക്രമണത്തിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിൽ 96-പേർ നിലവിൽ ഗാസയിലാണ് ഉള്ളതെന്നാണ് വിവരം. 34 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
പെൺകുട്ടിയുടെ മോചനത്തിനായി ഇടപെടണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ലോക നേതാക്കളോടും അഭ്യർഥിച്ച് 19-കാരിയുടെ ബന്ധുക്കൾ രംഗത്തെത്തി. അതിനിടെ, നമ്മുടെ സ്വന്തം കുട്ടികളാണ് ബന്ദികളായി കഴിയുന്നത് എന്നകാര്യം പരിഗണിച്ച് ഉടൻ തീരുമാനമെടുക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. വീഡിയോ കാണാൻ വളരെ ബുദ്ധിമുട്ടാണെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. 'വീഡിയോയിലുള്ളത് ഞങ്ങളുടെ മകളല്ല, അവളുടെ നിഴൽ മാത്രമാണ്. അവളുടെ സ്ഥിതി വളരെ മോശമാണ്. അവൾ മാനസികമായി തകർന്നിരിക്കുന്നുവെന്ന് വീഡിയോയിൽനിന്ന് വ്യക്തമാണ് - കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി.











