
ജറുസലം: 2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ നാലു യുവതികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇസ്രയേലിന്റെ നാല് യുവ വനിതാ സൈനികരെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. ലിറി അൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരെയാണ് ഇന്ന് മോചിപ്പിക്കുക. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇവരെ കൈമാറുക.
2023 ഒക്ടോബർ 7 ന് ഗാസ അതിർത്തിയോട് ചേർന്നുള്ള നഹൽ ഓസ് സൈനിക താവളത്തിൽ ഒരു നിരീക്ഷണ യൂണിറ്റിൽ നിന്നാണ് ഹമാസ് ഇവരെ പിടികൂടിയത്. 15 മാസത്തിന് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നത്. ഇവരോടൊപ്പം മറ്റ് മൂന്ന് വനിതാ സൈനികരായ അഗം ബെർഗർ, നോവ മാർസി, ഒറി മെഗിദിഷ് എന്നിവരെയും ബന്ദികളാക്കിയിരുന്നു. നോവ മാർസിയാനോയുടെ മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചയച്ചിരുന്നു. 2023 ഒക്‌ടോബർ അവസാനത്തിൽ ഇസ്രയേൽ സൈന്യം ഒറി മെഗിദിഷിനെ ജീവനോടെ മോചിപ്പിച്ചു. അഗം ബെർഗർ ഇപ്പോഴും ഗാസയിൽ തടവിലാക്കപ്പെട്ട് ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു.











