05:43pm 09 November 2026
NEWS
​ഗാസയിൽ ഹമാസിന്റെ അവസാന നേതാവിനെയും ഇല്ലാതാക്കിയെന്ന് ബെഞ്ചമിൻ നെതന്യാഹു
28/05/2025  09:23 PM IST
nila
​ഗാസയിൽ ഹമാസിന്റെ അവസാന നേതാവിനെയും ഇല്ലാതാക്കിയെന്ന് ബെഞ്ചമിൻ നെതന്യാഹു

ഹമാസിന്റെ അവസാന നേതാവിനെയും ഇല്ലാതാക്കിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് തലവൻ  മുഹമ്മദ് സിൻവാറിനെ വധിച്ചെന്നാണ് നെതന്യാഹു പാർലമെന്റിൽ പ്രഖ്യാപിച്ചത്.  മുഹമ്മദ് സിൻവാറിനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഹമാസ് നേതാവ് യഹ്യാ സിൻവാറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവാർ. കഴിഞ്ഞ വർഷം ഒക്ടോബറിൽ  യഹ്യാ സിൻവാറിനെയും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. 

'ഞങ്ങൾ മുഹമ്മദ് സിൻവാറിനെ ഇല്ലാതാക്കി. ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ... ഇപ്പോൾ മുഹമ്മദ് സിൻവാർ.. ഇവരെയെല്ലാം ഞങ്ങൾ, ഇസ്രയേൽ ഇല്ലാതാക്കിയിരിക്കുന്നു,' പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞു.

ഗാസയിൽ ഹമാസിന്റെ നേതൃനിരയിൽ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിൻവാർ. ഭൂമിക്കടിയിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക ഇടത്തിലായിരുന്നു മുഹമ്മദ് സിൻവാർ ഉണ്ടായിരുന്നത്. ഹമാസ് യുദ്ധം നിയന്ത്രിക്കുന്നതിനായി സർവ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗർഭനിലയമായിരുന്നു ഇത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് ഇസ്രയേലി സൈന്യം ഈ സ്ഥലം തകർത്തത്.

ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ അടിയിലാണ് തീവ്രവാദികൾ ഈ ഭൂഗർഭനിലയം നിർമിച്ചിരുന്നത്. ആശുപത്രിയുടെ അടിയിൽനിന്ന് പ്രത്യേകം നിർമിച്ച തുരങ്കപാതയിലൂടെയാണ് ഹമാസിന്റെ ഈ കേന്ദ്രത്തിലേക്ക് എത്താനാവുക. ഇവിടം തകർക്കുന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്തുവിട്ടിട്ടുണ്ട്. തുരങ്കപാതയുടേയും മറ്റും ദൃശ്യങ്ങൾ ഇസ്രയേലി സൈന്യം പുറത്തുവിട്ട വീഡിയോയിൽ കാണാനാവും.

ഈ മാസം 14-ന് ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാറിന് മാരകമായി പരിക്കേറ്റിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. എന്നാൽ, ഇയാൾ മരിച്ചുവോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. മുഹമ്മദ് സിൻവാർ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img