
ടെൽഅവീവ്: ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ഭൂഗർഭ തുരങ്ക ശൃംഖല കണ്ടെത്തി. ഇസ്രയേൽ സൈന്യത്തിലെ യാഹലോം എഞ്ചിനീയറിംഗ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവൽ കമാൻഡോ സ്ക്വാഡും ചേർന്നാണ് . ഏകദേശം ഏഴ് കിലോമീറ്റർ നീളമുള്ള ഈ തുരങ്കം കണ്ടെത്തിയത്. 25 മീറ്റർ ആഴത്തിലുള്ള ഈ തുരങ്കത്തിൽ 80 മുറികളുണ്ട്. വലിയ സിവിൽ, സൈനിക അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ വീഡിയോഐഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.
റഫാഹിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെയും, യുഎൻആർഡബ്ല്യുഎ സ്ഥാപനങ്ങളും പള്ളികളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങിയ മേഖലകളുടെ അടിയിലൂടെയാണ് ഈ തുരങ്കം പോകുന്നത്. 2014-ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ഹാദർ ഗോൾഡിന്റെ മൃതദേഹം ഈ തുരങ്കത്തിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും ഈ മാസം ആദ്യം അത് ഇസ്രയേലിന് നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളും സൈന്യം സ്ഥിരീകരിച്ചു.
ആയുധശേഖരണ കേന്ദ്രമായും ആക്രമണങ്ങൾ ആസൂത്രണം ചെയ്ത കമാൻഡ് ബങ്കറുമായുമാണ് തുരങ്കം ഉപയോഗിച്ചതെന്ന് ഐഡിഎഫ് പറയുന്നു. ഇതോടൊപ്പം, ഹമാസ് നേതാക്കളായ മുഹമ്മദ് സിൻവാർ, മുഹമ്മദ് ഷബാന എന്നിവരുടെ കമാൻഡ് മുറികളും കണ്ടെത്തിയിട്ടുണ്ട്.











