
ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. പ്രാദേശിക സമയം ഇന്നു രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നായിരുന്നു പ്രഖ്യാപനം എങ്കിലും. ഇതിന് തൊട്ടുമുമ്പ് കരാർ നടപ്പാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരാറിൽ നിന്നും പിന്മാറുന്നതായി നെതന്യാഹു പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് മധ്യസ്ഥരായ ഖത്തർ മുഖേന വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് ഇസ്രേയലിന് കൈമാറിയതോടെയാണ് വെടനിർത്തൽ കരാർ നടപ്പാക്കിയത്.
മൂന്നു വനിതകളുടെ പേരുകളാണ് ഖത്തർ മുഖേന ഹമാസ് ഇസ്രയേലിന് കൈമാറിയത്. വെറ്ററിനറി നഴ്സായ ഡോറോൻ സ്റ്റൈൻബ്രെച്ചർ (31), ഇസ്രയേൽ–ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെൻ (24) എന്നിവരെയാണ് ഹമാസ് ആദ്യം വിട്ടുനൽകുന്നത്. എന്നാൽ ബന്ദികളെ എവിടെവച്ച് കൈമാറുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം പ്രാദേശിക സമയം വൈകുന്നേരം നാലിന് (ഇന്ത്യൻ സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഇതും എവിടെവച്ചാണെന്നു പുറത്തുവന്നിട്ടില്ല.
അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഗാസ ആക്രമിച്ചത്. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ - ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്.











