05:03am 06 November 2026
NEWS
സ്വവര്‍ഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തി
06/02/2025  07:54 PM IST
nila
സ്വവര്‍ഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തി

സ്വവർഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിന്റെ ഇന്റലിജൻസ്, ആഭ്യന്തര മന്ത്രാലയം, സൈനിക വിഭാഗങ്ങളിലുള്ള 94 പേരെയാണ് ഹമാസ് തന്നെ കൊലപ്പെടുത്തിയത്. സ്വവർഗാനുരാഗികളായ ഹമാസ് അംഗങ്ങൾ ബന്ദിക്കളാക്കിയ ഇസ്രയേലി പുരുഷന്മാരെ ലൈം​ഗികവേഴ്ച്ചക്ക് ഉപയോ​ഗിച്ചെന്നും ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് ലഭിച്ച രഹസ്യരേഖകളിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

സ്വവർഗലൈംഗികബന്ധം, നിയമാനുസൃതമായി ബന്ധമില്ലാത്ത സ്ത്രീകളുമായുള്ള ബന്ധം, കുട്ടികൾക്കെതിരായ ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണ് 94 പേർക്കെതിരെ ചുമത്തിയത്. സ്വവർഗാനുരാഗം ഗാസയിൽ നിയമവിരുദ്ധമാണ്. സ്വവർഗാനുരാഗികൾക്ക് ജയിൽശിക്ഷയോ വധശിക്ഷയോ നൽകണമെന്നതാണ് ഗാസയിലെ നിയമം. 2012 മുതൽ 2019 വരെയുള്ള കാലയളവിനിടെ സ്വവർഗാനുരാഗികളായ ഹമാസ് അംഗങ്ങൾക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അജ്ഞാതകേന്ദ്രങ്ങളിൽനിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ നടപടിയെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

2016-ൽ ഹമാസിന്റെ മുതിർന്ന കമാൻഡറായ മഹ്‌മൂദ് ഇഷ്താവിയെ സ്വവർഗാനുരാഗത്തിന്റെ പേരിൽ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റൊരു പുരുഷനുമായി മഹ്‌മൂദിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇയാൾ ഇസ്രയേൽ ചാരനാണെന്നും ഹമാസ് ആരോപിച്ചിരുന്നു. ഏകദേശം ഒരുവർഷത്തോളം നീണ്ട ക്രൂരമായ പീഡനത്തിന് ശേഷമാണ് മഹ്‌മൂദിനെ ഹമാസ് പിന്നീട് വധിച്ചതെന്നും രേഖകളിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img