
ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ കൂട്ടക്കൊല നടത്തി ഹമാസ്. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സായുധ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി പരസ്യമായി വെടിവെച്ച് കൊല്ലുകയാണ് ഹമാസ്. എട്ടുപേരെ പരസ്യമായി വധശിക്ഷക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗാസ സമാധാനക്കരാറിന്റെ ഭാഗമായി ഹമാസിനെ നിരായുധീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഹമാസ് നടത്തുന്ന കൂട്ടക്കൊലപാതകം സമാധാനക്കരാറിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലസ്തീൻ വിമേചന ഗ്രൂപ്പുകളിലെ അംഗങ്ങളെ തെരുവിൽ ജനങ്ങൾക്കു മുന്നിൽവച്ചാണ് ഹമാസ് പ്രവർത്തകർ വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നും ഇസ്രയേലുമായി സഹകരിച്ചവരാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം. ഐഡിഎഫ് പിന്മാറ്റം ആരംഭിച്ചതോടെ ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസ് ഏറ്റെടുക്കുകയാണ്. ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ഹമാസ് പ്രവർത്തകർ ആയുധങ്ങളുമായി തെരുവുകളിലേക്ക് തിരിച്ചെത്തുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.











