
ദോഹ: ഖത്തറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). രാജ്യത്ത് ആദ്യമായി അത്യാധുനിക ശസ്ത്രക്രിയാരീതിയായ 'ഡയറക്ട് സുപ്പീരിയർ അപ്രോച്ച്' (Direct Superior Approach) ഉപയോഗിച്ച് വിജയകരമായി ഇടുപ്പ് മാറ്റിവെക്കൽ (Total Hip Replacement) ശസ്ത്രക്രിയ പൂർത്തിയാക്കി.
അറുപതുകളിൽ പ്രായമുള്ള അമേരിക്കൻ സ്വദേശിനിയായ സ്ത്രീയിലാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ചത്. ഇടുപ്പിലെ സന്ധികൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതിനെത്തുടർന്ന് (Osteoarthritis) ഇവർക്ക് നടക്കാൻ പ്രയാസവും കടുത്ത വേദനയും അനുഭവപ്പെട്ടിരുന്നു. സ്വന്തം രാജ്യമായ അമേരിക്കയിൽ പോകാതെ ഖത്തറിൽ ശസ്ത്രക്രിയ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു എന്നത് ഖത്തറിന്റെ ആരോഗ്യമേഖലയിലുള്ള ആഗോള വിശ്വാസ്യതയ്ക്ക് തെളിവായി.ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടുപിന്നാലെ തന്നെ ഊന്നുവടിയില്ലാതെ നടക്കാൻ ഇവർക്ക് സാധിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്ത ഇവർക്ക് ഒരു മാസത്തിനുള്ളിൽ നീന്തൽ പരിശീലനം പുനരാരംഭിക്കാനും കഴിഞ്ഞു.ഈ ശസ്ത്രക്രിയാരീതിയിൽ ചുറ്റുമുള്ള പേശികളെയും മൃദുവായ കോശങ്ങളെയും ബാധിക്കാത്ത വിധം വളരെ ചെറിയ മുറിവിലൂടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കുന്നത്. ഇത് രോഗികൾക്ക് വേദന കുറയ്ക്കാനും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സഹായിക്കുന്നു.ഓർത്തോപീഡിക് ആൻഡ് ജോയിന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് മുബാറക് അൽ അതീഖ് അൽ ദോസരിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ലോകോത്തരമായ ചികിത്സാ സൗകര്യങ്ങൾ ഖത്തറിലെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ പരിശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.











