
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി അധികൃതർ. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കൂടുതൽ സുഖകരമാക്കുന്നതിനായി പാസഞ്ചർ ടെർമിനലിലുടനീളം കുട്ടികൾക്കായുള്ള 'ബേബി സ്ട്രോളർ' (Baby Stroller) സേവനം ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.വിമാനത്താവളത്തിന്റെ 'എക്സ്' (X) പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നിലവിൽ കോൺകോഴ്‌സ് A, B, C, D, E എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 'സ്ട്രോളർ പാർക്കിംഗ് ഏരിയകളിൽ' (Stroller Parking Areas) നിന്നാണ് യാത്രക്കാർക്ക് ഇവ ലഭ്യമാകുക.
മൊത്തം 300 സ്ട്രോളറുകളാണ് യാത്രക്കാരുടെ സൗകര്യാർത്ഥം ടെർമിനലിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളുമൊത്തുള്ള വിമാനത്താവള യാത്ര കൂടുതൽ സുഗമമാക്കാൻ ഈ സേവനം സഹായിക്കുമെന്ന് അധികൃതർ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.










