
സ്കൂൾ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വയ്പ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിലാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വയ്പ്പിച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇന്നു നടത്തേണ്ടിയിരുന്ന കലോത്സവം മാറ്റിവെക്കുകയും ചെയ്തു.











