09:19am 13 November 2026
NEWS
ആലുവയിലെ ഹാലോവീൻ പാർട്ടി വിവാദം; പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാൻ പൊലീസ്, ലഹരി ഉപയോഗവും അന്വേഷണത്തിൽ
11/11/2026  09:01 PM IST
nila
ആലുവയിലെ ഹാലോവീൻ പാർട്ടി വിവാദം; പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാൻ പൊലീസ്, ലഹരി ഉപയോഗവും അന്വേഷണത്തിൽ

 

കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്.

പാർട്ടിയിൽ പങ്കെടുത്തവരിൽ 23 വയസ് തികയാത്തവർ മദ്യം ഉപയോഗിച്ചിട്ടുണ്ടോയെന്ന് എക്സൈസും പരിശോധിക്കുന്നുണ്ട്. രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശി അലക്സിന്റെ സുഹൃത്തും പാർട്ടി നടത്തിപ്പിൽ പങ്കാളിയുമായ യുവതിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടർന്നാണ് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അലക്സിനെ അറസ്റ്റ് ചെയ്തത്. പാർട്ടി സംഘടിപ്പിക്കുന്നതിൽ പങ്കാളിയായിരുന്ന ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഏകദേശം 20 മുതൽ 30 വരെ ആളുകൾ പാർട്ടിയിൽ പങ്കെടുത്തതായാണ് പ്രാഥമിക വിവരം. ഇതിൽ മൂന്നുപേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസിന്റെ നിഗമനം. റിസോർട്ട് ജീവനക്കാരിൽനിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും റജിസ്റ്ററും ഹാജരാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.

അലക്സിനൊപ്പം പാർട്ടിയുടെ നടത്തിപ്പിൽ സജീവമായി പ്രവർത്തിച്ചിരുന്ന 24കാരിക്കും പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഇവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റിസോർട്ടിന് ബാർ ലൈസൻസ് ഇല്ലാത്തതിനാൽ അവിടെനിന്ന് മദ്യം വിതരണം ചെയ്തിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. പങ്കെടുക്കാനെത്തിയവർ തന്നെയാണ് മദ്യം കൊണ്ടുവന്നതെന്നാണ് ഇവർ വ്യക്തമാക്കിയത്.

പ്രമുഖരുടെ മക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ച് എല്ലാ വശങ്ങളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അലക്സിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img