12:10pm 29 October 2026
NEWS
17-ാം വയസ്സിൽ സിറിയയിലേക്ക്, ഐഎസ് ഭീകരനുമായുള്ള വിവാഹം; ഹലീമയ്ക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും
29/10/2026  06:49 AM IST
nila
17-ാം വയസ്സിൽ സിറിയയിലേക്ക്, ഐഎസ് ഭീകരനുമായുള്ള വിവാഹം; ഹലീമയ്ക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും

ന്യൂയോർക്ക്: കൗമാരപ്രായത്തിൽ പിതാവ് സിറിയയിലെത്തിച്ച യുവതിക്ക് ഐഎസ് ഭീകരസംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഎസ് കോടതിയിൽ തിരിച്ചടി. ഭീകരസംഘടനയിൽ ആയുധപരിശീലനം നേടിയ കേസിൽ യുഎസ് പൗരയായ ഹലീമ സൽമാൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കുറ്റത്തിന് പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ശിക്ഷ പ്രഖ്യാപിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കോടതി വിധി കേട്ടതോടെ ഹലീമയും അമ്മയും പൊട്ടിക്കരഞ്ഞു.

ബ്രൂക്ലിനിൽ ജനിച്ചുവളർന്ന ഹലീമയ്ക്ക് 17 വയസ്സുള്ളപ്പോഴാണ് ജീവിതം മാറിമറിഞ്ഞത്. 2017-ൽ തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനെന്നു പറഞ്ഞ് പിതാവ് കുടുംബത്തെ യാത്രയ്ക്കു കൊണ്ടുപോയെങ്കിലും ഇവർ എത്തിയത് സിറിയയിലായിരുന്നു. അവിടെവച്ച് ഐഎസ് ഭീകരനുമായി ഹലീമയുടെ വിവാഹം നടന്നു. ഭീകരസംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഹലീമ പങ്കാളിയായിരുന്നുവെന്നാണ് യുഎസ് പ്രോസിക്യൂഷന്റെ ആരോപണം.

2019-ൽ സിറിയയിലെ ബാഗൂസിൽവച്ച് ഐഎസ് വിരുദ്ധ സേന ഹലീമയെ കസ്റ്റഡിയിലെടുത്തു. പിന്നീട് 2024-ൽ ന്യൂയോർക്കിൽ തിരിച്ചെത്തിയപ്പോഴാണ് യുഎസ് അധികൃതർ അറസ്റ്റ് ചെയ്തത്. ആയുധപരിശീലനം നേടിയെന്ന കേസിൽ വിചാരണ നേരിട്ട ഹലീമ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

റൈഫിൾ കൈവശം വച്ചിരിക്കുന്ന ഹലീമയുടെ ദൃശ്യങ്ങൾ, ഐഎസ് പതാകയ്ക്ക് സമീപം നിൽക്കുന്ന ചിത്രങ്ങൾ, ഭർത്താവിന് അയച്ച സന്ദേശങ്ങൾ എന്നിവയാണ് പ്രോസിക്യൂഷൻ പ്രധാന തെളിവുകളായി കോടതിയിൽ അവതരിപ്പിച്ചത്. ആയുധം ഉപയോഗിക്കാൻ അവർക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും ഐഎസിനോട് കൂറുപുലർത്തിയിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒസാമ ബിൻ ലാദനെക്കുറിച്ചുള്ള ഒരു ഗാനം ഭർത്താവിന് അയച്ചുകൊടുത്തിരുന്നുവെന്നും ക്രോസ് വിസ്താരത്തിനിടെ ഹലീമ സമ്മതിച്ചു.

എന്നാൽ, ഐഎസിൽ സ്വമേധയാ ചേർന്നതല്ലെന്നും പിതാവും പിന്നീട് ഭർത്താവും തന്നെ നിർബന്ധിത സാഹചര്യത്തിലാക്കിയതാണെന്നുമാണ് ഹലീമയുടെ വാദം. തുർക്കിയിലേക്കാണ് യാത്രയെന്നാണ് പിതാവ് പറഞ്ഞിരുന്നതെന്നും സിറിയയിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അവർ കോടതിയിൽ മൊഴി നൽകി. സിറിയയിൽ എത്തിയപ്പോൾ സായുധർ തങ്ങളെ വളഞ്ഞതോടെ കടുത്ത ഭയവും ആശയക്കുഴപ്പവും അനുഭവപ്പെട്ടുവെന്നും ഹലീമ പറഞ്ഞു.

ഭർത്താവിന്റെ നിർദേശങ്ങൾ അനുസരിക്കാൻ നിർബന്ധിതയായിരുന്നുവെന്നും അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. 18-ാം വയസ്സിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതായും വിവാഹമോചനത്തിനായി പലതവണ ശ്രമിച്ചതായും ഹലീമ അവകാശപ്പെട്ടു. സംഭവിച്ച കാര്യങ്ങൾക്ക് പിതാവിനെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, ഭീകരസംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് ഹലീമ നിയമപരമായി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ബ്രൂക്ലിനിലെ യുഎസ് അറ്റോർണി ജോസഫ് നോസെല്ല ജൂനിയർ പ്രതികരിച്ചു. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഹലീമയുടെ ശിക്ഷ ഫെബ്രുവരി രണ്ടിന് പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img