
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും താൻ പണം വാങ്ങിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഏഴു ലക്ഷം രൂപ മാത്യു കുഴൽനാടന് നൽകിയെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയെന്ന റിപ്പോർട്ടർ ചാനലിന്റെ ആരോപണത്തിനെതിരെയും മാത്യു കുഴൽനാടൻ ആഞ്ഞടിച്ചു. അനന്തുകൃഷ്ണനിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ അദ്ദേഹം റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിച്ചു.
കൈരളി ടിവി നിങ്ങളേക്കാൾ ഭേദമാണെന്നായിരുന്നു റിപ്പോർട്ടർ ചാനലിനെതിരെ മാത്യു കുഴൽനാടന്റെ വാക്കുകൾ. അവർ അവരുടെ നയം വിട്ട് പെരുമാറില്ലെന്നും നിങ്ങൾക്ക് വിശ്വാസ്യത നഷ്ടമായെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. രാജാവിനേക്കാൾ വലിയ രാജഭക്തി നിങ്ങൾ കാണിക്കുമ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകും. സ്ഥാപിത രാഷ്ട്രീയം വെച്ചാണ് റിപ്പോർട്ടർ ചാനൽ ഇടപെടുന്നതെന്നും റിപ്പോർട്ടർ ചാനൽ പണം വാങ്ങിയാണ് വാർത്തകൾ ചെയ്യുന്നതെന്ന് സംശയിക്കുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.











