
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ് മേൽനോട്ട ചുമതല. ഓരോ ജില്ലയിലും പ്രത്യേക അന്വേഷണ സംഘങ്ങളാകും കേസ് അന്വേഷിക്കുക. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങളിലേക്ക് ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.
എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജന്റെ നേതൃത്വത്തിൽ അന്വേഷിക്കും. നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ഈ ജില്ലകളിലാണ്. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും.
അതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സോഷ്യോ ഇകണോമിക് ആൻഡ് എൻവയോൺമെൻ്റൽ ഡവലപ്മെൻ്റ് സൊസൈറ്റിക്കെതിരെയാണ് കേസ്. സൊസൈറ്റിയുടെ ഏരിയാ കോ-ഓർഡിനേറ്റർ ശ്രീജ ദേവദാസും ഏരിയാ കോ-ഓർഡിനേറ്റർ അനിതയുമാണ് പ്രതികൾ. മനിശ്ശേരി, കണ്ണിയംപുറം സ്വദേശികളുടെ പരാതികളിലാണ് നടപടി. പാതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് ഇരുവരിൽ നിന്നുമായി പണം തട്ടിയെന്നാണു കേസുകൾ.











