06:51am 07 November 2026
NEWS
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

10/02/2025  06:46 PM IST
nila
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കോട്ടയം: ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവി പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്റെ ബിസിനസ് പങ്കാളിയെന്ന് റിപ്പോർട്ട്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേർന്ന് ഗുഡ്‌ലിവിങ് പ്രോട്ടോകോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതിന്റെ രേഖകൾ പുറത്തുവന്നു. 2019 ഡിസംബർ 20-ന് രജിസ്റ്റർ ചെയ്ത കമ്പനിയിൽ 2021 മാർച്ച് 10 വരെ പ്രമീളാദേവി ഡയറക്ടറായിരുന്നു. പ്രമീളാദേവിയെ കൂടാതെ അനന്തുകൃഷ്ണനും തൃശ്ശൂർ സ്വദേശി അമ്പാട്ട് മുകുന്ദൻ, ശോഭന എന്നിവരായിരുന്നു ഡയറക്ടർമാർ. പ്രമീളാദേവി രാജിവെച്ചതിന് ശേഷം മകൾ ഡയറക്ടറായി. പ്രമീളാദേവിയുടെ വീടിരിക്കുന്ന പ്രദേശമായ കാഞ്ഞിരപ്പള്ളി ആനക്കല്ല് ആയിരുന്നു കമ്പനിയുടെ ആസ്ഥാനം. അനന്തുകൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്ന പ്രമീളാദേവിയുടെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞത്. 

ബി.ജെ.പി മുൻ സംസ്ഥാനസമിതി അംഗം ഗീതാകുമാരിയാണ് പ്രമീളാദേവിക്കെതിരേ ആരോപണം ഉന്നയിച്ചത്. പ്രമീളാദേവിയുടെ ഉറപ്പിന്മേൽ പാതിവിലത്തട്ടിപ്പ് കേസിൽ പ്രതിയായിട്ടുള്ള അനന്തുകൃഷ്ണന് 25 ലക്ഷം രൂപ നൽകിയെന്നാണ് ഗീതാകുമാരി ആരോപിച്ചത്. എന്നാൽ ഈ ആരോപണം നിഷേധിച്ച പ്രമീളാദേവി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനന്തുവിനെ പൊതുപരിപാടികളിൽ വെച്ചുള്ള പരിചയമാണെന്നാണ് പ്രമീളാദേവി മുമ്പ് പ്രതികരിച്ചിരുന്നത്.

നേതാക്കന്മാരുടെ പലരുടെയും ഒപ്പം അനന്തുകൃഷ്ണനുണ്ട്. വനിതാ കമ്മീഷന്റെ പരിപാടികളിൽ അയാൾ പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങളുണ്ടാകും. അതിൽ കൂടുതൽ എനിക്കറിയില്ല. ഞാൻ പങ്കെടുക്കുന്ന പല സ്ഥലങ്ങളിലും അയാൾ വന്നിട്ടുണ്ടാകും. പല പൊതുപരിപാടികളിലും വന്നിട്ടുണ്ടാകും. അതിനപ്പുറം എനിക്കറിയില്ല. അനന്തുവും ഞാനും തമ്മിലുള്ള ബാങ്ക് ട്രാൻസാക്ഷൻസ് പരിശോധിക്കാം.- എന്നാണ് അന്ന് പ്രമീളാദേവി പറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img