
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയിൽ നാളെ (ഏപ്രിൽ 18, ശനി) മുതൽ കർശനമായ മൂന്ന് സുരക്ഷാ നടപടികൾ ആരംഭിക്കുന്നു. 1447-ാമത് ഹജ്ജ് സീസണിന് മുന്നോടിയായാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് നാളെ മുതൽ മക്കയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മക്കയിൽ ഇഷ്യൂ ചെയ്ത ഇഖാമ ഉള്ളവർക്കും, ഹജ്ജ് പെർമിറ്റോ 'അബ്ഷീർ' (Absher) വഴി ലഭ്യമാക്കിയ പ്രത്യേക തൊഴിൽ അനുമതിയോ ഉള്ളവർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.ഉംറ വിസയിൽ സൗദിയിൽ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി നാളെയാണ്. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നാളെ മുതൽ മെയ് 31 (ഞായർ) വരെ 'നുസുക്' (Nusk) പ്ലാറ്റ്‌ഫോം വഴി പുതിയ ഉംറ പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചു. സൗദി പൗരന്മാർക്കും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കും താമസക്കാർക്കും ഇത് ബാധകമാണ്.
ഹജ്ജ് വിസ ഒഴികെയുള്ള മറ്റ് വിസകളിൽ എത്തിയവർക്ക് മക്കയിൽ തുടരാനോ പ്രവേശിക്കാനോ അനുമതി ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകർക്ക് സുഗമമായും സമാധാനപരമായും കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ കർശന നിയന്ത്രണങ്ങളിലൂടെ സൗദി ഗവൺമെന്റ് ലക്ഷ്യമിടുന്നത്.










