08:19pm 10 November 2026
NEWS
ഹജ്ജ് 2026 അപേക്ഷ സമർപ്പണം വ്യാഴാഴ്ച (7.8.2025) അവസാനിക്കും.
05/08/2025  04:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹജ്ജ് 2026 അപേക്ഷ സമർപ്പണം വ്യാഴാഴ്ച (7.8.2025) അവസാനിക്കും.
സംസ്ഥാനത്ത് നിന്നുള്ള മൊത്തം അപേക്ഷരുടെ എണ്ണം വിലയിരുത്തിയ ശേഷം കൂടുതൽ ക്വാട്ട ആവശ്യപ്പെടും. അടുത്ത വർഷത്തെ (2026) ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷാ സമർപ്പണം 2025 ആഗസ്റ്റ് 7 ന് അവാസനിക്കും. അപേക്ഷാ സമർപ്പണത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായ മൊത്തം അപേക്ഷകളുടെ എണ്ണം വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട അനുവദിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് നിന്നും ഇതുവരെ 23630 അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 4696 പേർ 65+വയസ് പൂർത്തിയായ റിസർവ്വഡ് കാറ്റഗറിയിലുള്ളവരും 3142 പേർ പുരുഷ തുണയില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലുൾപ്പെട്ടവരും 854 പേർ 2025 വർഷത്തെ അപേക്ഷകരിൽ നിന്നും കാത്തിരിപ്പ് പട്ടികയിൽ നിന്നും അവസരം ലഭിക്കാത്തവരും ഈ മൂന്ന് വിഭാഗങ്ങൾക്കും തെരഞ്ഞെടുപ്പൽ മുൻഗണന ലഭിക്കും. മൊത്തം അപേക്ഷകരിൽ 14938 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളത്.  ലഭ്യമായ അപേക്ഷകൾ സൂക്ഷമ പരിശോധന നടത്തിയ ശേഷം കവർ നമ്പർ അനുവദിക്കുന്ന പ്രവൃത്തികൾ ഹജ്ജ് ഹൗസിൽ ധ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളിലോ രേഖകളിലോ വ്യക്തയില്ലാത്തവ ഉണ്ടെങ്കിൽ ആയത് ക്ലിയർ ചെയ്യേണ്ടതാണ്. നറുക്കെടുപ്പിന് മുമ്പായി പരമാവധി വേഗത്തിൽ കവർ നമ്പർ ലഭ്യമാക്കുന്നതിന് അവധി ദിവസങ്ങളിലുൾപ്പടെ പ്രവൃത്തിക്കുന്നുണ്ട്.  ഹജ്ജ് കമ്മിറ്റിയുടെ ഹെൽപ്‌ഡെസ്‌കളും, അപേക്ഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകുന്നതിന്ന് ഹജ്ജ് ട്രൈനർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.  ആഗസ്റ്റ് 12-ന് നറുക്കെടുപ്പ് പൂർത്തിയാക്കി ഒന്നാം ഘട്ട പണമടക്കലിനുള്ള നിർദ്ദേശം ലഭിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് അപേക്ഷരുടെ എണ്ണത്തിൽ വർദ്ധനവുള്ളതിനാലും 2025 ൽ അവസരം ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നതിനാലും സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട അനുവദിച്ച് കിട്ടുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തെ സമീപിക്കും. ഇതര സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന പരമാവധി സീറ്റുകളിലേക്ക് സംസ്ഥാനത്ത് നിന്നുള്ള അപേക്ഷകരെ പരിഗണിക്കുന്നതിനുള്ള മാർഗ്ഗമാണ് ആരായുന്നത്.  2025 ൽ അവസരം ലഭിക്കാത്തവർക്ക് ഇത്തവണ നൽകിയിട്ടുള്ള പ്രത്യേക പരിഗണന അനേകം തീർത്ഥാടകർക്ക് ഏറെ സഹായകരമാവും. അഞ്ച് വർഷം തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് തൊട്ടടുത്ത വർഷം നേരിട്ട് അവസരം നൽകുന്ന രീതി വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിറുത്തലാക്കുകയായിരുന്നു. സഊദി അറേബ്യയുമായുള്ള ഹജ്ജ് ഉടമ്പടി പ്രകാരം ഇന്ത്യക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയിൽ, ഹജ്ജ് പോളിസിയിൽ പ്രതിപാദിച്ച പ്രകാരം എഴുപത് ശതമാനം സീറ്റ് ഹജ്ജ് കമ്മിറ്റിക്കും മുപ്പത് ശതമാനം പ്രൈവറ്റ് ടൂർ ഓപ്പറേറ്റേഴ്‌സിനും വീതം വെക്കുന്നത്. 
 
ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങളിൽ ഇത്തവണ കാര്യമായ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. അപേക്ഷയുടെ ആദ്യ ഘട്ടത്തിൽ തന്നെ നിശ്ചിത അളവിൽ സെറ്റ് ചെയ്ത പാസ്‌പോർട്ടിന്റെ ആദ്യ പേജ് അപ്ലോഡ് ചെയ്യുന്നതോടെ പാസ്‌പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പ്രത്യേക ഓൺലൈൻ കോഡ് മുഖേന സ്ഥിരീകരിച്ച് നിശ്ചിത കോളങ്ങളിൽ തെളിഞ്ഞു വരും. മെഷീൻ റീഡബിൾ പാസ്‌പോർട്ടിന്റെ സാധുതയും സ്ഥിരീകരണവും ഇത് വഴി പൂർത്തിയാക്കാനാവും. ഇതിന് ശേഷമുള്ള വിവരങ്ങൾ മാത്രം അപേക്ഷർ സ്വന്തമായി എന്റർ ചെയ്തു നൽകിയാൽ മതി. അപ്ലോഡ് ചെയ്ത പാസ്‌പോർട്ടിലെ അവ്യക്ത കാരണം മുൻ വർഷങ്ങളിൽ ചില തീർത്ഥാടകർക്ക് വിസ ഇഷ്യൂ ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനം വന്നതോടെ അത്തരം സാങ്കേതിക പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കാനാവും. 
 
അടുത്ത വർഷം മുതൽ ഇരുപത് ദിവസത്തെ സ്‌പെഷ്യൽ ഹജ്ജ് പാക്കേജും സംവിധാനിച്ചിട്ടുണ്ട്. ഇതിൽ താത്പര്യമുള്ളവർ അപേക്ഷാ സമർപ്പണ വേളയിൽ തന്നെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഷോർട്ട് ഹജ്ജ് പാക്കേജ് ഒപ്ഷൻ തെരഞ്ഞെടുക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരും പ്രായമായവരും ഉൾപ്പടെ ദീർഘ ദിവസ യാത്രക്ക് ബുദ്ധിമുട്ടുള്ള തീർത്ഥാടകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പുതിയ പാക്കേജ് പ്രഫഷണലുകൾക്കും ഏറെ പ്രയോജനമാവും. കേരളത്തിൽ നിന്നും കൊച്ചി മാത്രമാണ് ഷോർട്ട് ഹജ്ജിന് എംബാർക്കേഷൻ പോയിന്റ് ആയി ഉള്ളത്.
 
സഊദി അറേബ്യയിൽ താമസ സ്ഥലത്ത് കാറ്ററിങ്ങ് കമ്പനികൾ മുഖേന ഭക്ഷണം ലഭ്യമാവുന്നതിനുള്ള പ്രത്യേക ഓപ്ഷനും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിന് വരുന്ന നിരക്ക് പിന്നീട് അറിയിക്കും. 
 
മുൻഗണനാ ക്രമത്തിൽ അപേക്ഷർക്ക് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനാവും.  രാജ്യത്തെ ഏത് പുറപ്പെടൽ കേന്ദ്രവും അപേക്ഷകരുടെ താൽപര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെ തന്നെ ഹജ്ജ് തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവന, സൗകര്യങ്ങൾ ഒരുക്കാനും സഹായിക്കും. ഹജ്ജ് തീർത്ഥാടന യാത്രയിലും സഊദി അറേബ്യയിലെ സൗകര്യങ്ങളിലും അടുത്ത തവണ കാതലായ മാറ്റങ്ങൾ വരുത്താൻ പദ്ധതിയുള്ളതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ കഴിഞ്ഞ ദിവസം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച വേളയിൽ അറിയിച്ചിരുന്നു. 2025 ലെ ഹജ്ജ് തീർത്ഥാടകരിൽ നിന്നും ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പ്രത്യേകമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ചിരുന്നു. ഇതിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാവും അടുത്ത തവണ സൗകര്യങ്ങളിൽ മാറ്റം വരുത്തുക.
 
സംസ്ഥാനത്ത് നിന്നും ഇത്തവണയും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. (കോഴിക്കോട്, കൊച്ചി, കണ്ണൂർ). 2023 മുതൽ കേരളത്തിൽ നിന്നും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയൂം ഹജ്ജ് ക്യാമ്പിനുമായി എല്ലാ സംവിധാനങ്ങളൂം ഒരുക്കാറുണ്ട്. ഇതുവരെ ലഭ്യമായ അപേക്ഷകളിൽ വളരെ കുറഞ്ഞ എണ്ണം അപേക്ഷകർ മാത്രമെ കോഴിക്കോട് വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളൂ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ഹജ്ജ് കമ്മിറ്റിയും ഇക്കാര്യം പ്രത്യേകം ഗൗരവത്തിലെടുത്ത് ചർച്ച ചെയ്യുകയും കരിപ്പൂർ വഴി പുറപ്പെടുന്നവരിൽ നിന്നും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈടാക്കി വരുന്ന അമിത വിമാന നിരക്ക് കുറക്കുന്നതിന്നും,  കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് പ്രത്യേക സർവ്വീസ് അനുമതി നൽകിയും കുടുതൽ എയർലൈൻസ് കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിയും വ്യോമയാന മന്ത്രാലായം പ്രത്യേക ഇടപെടൽ നടത്തിക്കൊണ്ട് ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന്ന് ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
 
ഹജ്ജ് തീർത്ഥാടകർക്ക് വ്യവസ്ഥാപിതമായ സേവന സൗകര്യങ്ങളൊരുക്കിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനം പ്രവർത്തിക്കുന്നത്. അപേക്ഷാ സമർപ്പണം മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സാങ്കേതിക പഠന ക്ലാസ്സുകൾ ഉൾപ്പെടെ ഹജ്ജ് ട്രൈനർമാരടെ നേതൃത്വത്തിലാണ് നടക്കുന്നത്. സംസ്ഥാനത്തുടനീളം അഞ്ഞൂറോളം ഹജ്ജ് ട്രൈനർമാരാണ് വിവിധ ജില്ലാ-മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സേവനത്തിലുള്ളത്. 2026 ലെ ഹജ്ജ് അപേക്ഷാ സമർപ്പണത്തിന് സംസ്ഥാനത്തുടനീളം മുന്നൂറിൽ പരം ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ച് തികച്ചും സൗജന്യമായി അപേക്ഷാ സമർപ്പണത്തിനുള്ള സൗകര്യം ഒരുക്കാനായത് അങ്ങേയറ്റം സന്തോഷകരമാണ്. ഇതിനായി അക്ഷീണം പ്രവർത്തിച്ച ഹജ്ജ് കമ്മിറ്റിയുടെ ട്രൈനർമാർ, വോളണ്ടിയർമാർ, സ്ഥല, സാങ്കേതിക സൗകര്യങ്ങൾ അനുവദിച്ച വിവിധ സ്ഥാപനങ്ങൾ കച്ചവക്കാർ, അഭ്യൂദായകാംക്ഷികൾ മുതലായവർക്ക് ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക നന്ദി അറിയിക്കുന്നു. 
 
ഹജ്ജ് കമ്മിറ്റിയിൽ നിന്നുള്ള നിർദ്ദേശങ്ങൾ അങ്ങേയറ്റം സമയബന്ധതിമായി തീർത്ഥാടകരിലെത്തിക്കാനും അപേക്ഷാ സമർപ്പണം മുതൽ തീർത്ഥാടകർ മടങ്ങിയെത്തുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിൽ കുറ്റമറ്റ സേവനം ഉറപ്പ് വരുത്താനും പ്രസ്തുത ട്രൈനേഴ്‌സ് ശ്രംഘല വഴി സാധ്യമാവുന്നുണ്ട്. 2026 വർഷത്തേക്കുള്ള ട്രൈനർമാരെ തെരഞെടുക്കുന്നതിന് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം  അപേക്ഷ സമർപ്പിച്ചവരിൽ നിന്നും പ്രത്യേക അഭിമുഖം നടത്തി സെലക്ഷൻ നടപടികൾ പൂരോഗമിച്ച് വരികയാണ്. സംസ്ഥാനത്തെ ഹജ്ജ് ട്രൈനിങ്ങ് സംവിധാനം ഇതര സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img