04:25pm 03 September 2026
NEWS
കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ

26/01/2025  12:28 PM IST
nila
കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ

കുവൈറ്റ് സിറ്റി: ഹെയർ ഡ്രെസ്സർ ജോലിക്കായി കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ. സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടതോടെ നാട്ടിലേക്ക് തിരികെ വരാൻ പോലുമാകാത്ത സ്ഥിതിയിലാണ് യുവതി. തിരുവനന്തപുരം സ്വദേശിനിയായ സാനു ഷീലയാണ് ജോലി തേടി കുവൈറ്റിലെത്തി കേസിൽ പ്രതിയായി കുടുങ്ങിക്കിടക്കുന്നത്. 800 ദിനാർ അപഹരിച്ചെന്നും ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയെന്നുമാണ് യുവതിക്കെതിരെ സ്പോൺസർ നൽകിയിരിക്കുന്ന പരാതി. കേസിൻറെ പശ്ചാത്തലത്തിൽ യാത്രാ വിലക്കും ഏർപ്പെടുത്തിയതോടെ നാട്ടിലേക്ക് മടങ്ങാനും സാധിക്കുന്നില്ല. 

കഴിഞ്ഞ ഓഗസ്റ്റിലാണ് സാനു ഷീല കുവൈറ്റിലെത്തിയത്. സബാ അൽ സാലൈം ഏരിയയിലെ ലേഡീസ് സലൂണിൽ ഹെയർ ഡ്രെസ്സറായാണ് ജോലി ലഭിച്ചത്. സലൂണിൽ തന്നെ ജോലി ചെയ്യുന്ന ഒരു പരിചയക്കാരി മുഖേനയാണ് എത്തിയത്. ഒരു ലക്ഷം രൂപ കുവൈറ്റിലെ പരിചയക്കാരിക്ക് വീസയ്ക്ക് നൽകിയാണ് എത്തിയത്. സാനുവിനെ സലൂണിൽ എത്തിച്ച ശേഷം പരിചയക്കാരി അവിടുത്തെ ജോലി വിട്ടു പോയി. ഒരു മാസത്തോളം അവിടെ ജോലി ചെയ്തു. വിശ്രമം പോലും നൽകാതെ ജോലി എടുപ്പിച്ചു. കൂടാതെ ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ടു. എംബസിയിൽ ചെന്ന് സാനു പരാതി എഴുതി നൽകി.

എംബസി നിർദേശപ്രകാരം കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന (ഷൂൺ) ഓഫിസിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് സാനുവിനെതിരെ കേസുള്ള കാര്യം അറിയുന്നത്. തുടർന്ന് കേസ് അന്വേഷിക്കാൻ സബാ അൽ സാലൈം പൊലീസ് സ്റ്റേഷനിൽ ചെന്നു. സ്പോൺസർ നൽകിയ ഒളിച്ചോട്ടം, പണം അപഹരിച്ചു എന്നീ കേസുകളിൽ നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നു.

കുവൈറ്റിലുള്ള ഭർത്താവ് സുർജിത്ത് ഇടപെട്ട് ഒരു അഭിഭാഷകൻറെ സഹായത്തോടെ പുറത്തിറങ്ങി. തുടർന്ന് കേസ് നടത്തിപ്പിനായി ഘട്ടങ്ങളായി അഭിഭാഷകന് 1100 ദിനാർ നൽകി. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കുവൈറ്റിൽ എത്തിയപ്പോൾ തന്നെ സ്‌പോൺസർ സാനുവിൻറെ പാസ്പോർട്ട് മേടിച്ചിരുന്നു. ഇഖാമ അടിച്ചിട്ടുണ്ടോ എന്ന് പോലും സാനുവിന് അറിയില്ല. കേസ് ഇനി കോടതിയിൽ എത്തിയാൽ മാത്രമേ യാത്രാ വിലക്ക് അടക്കം മാറ്റാൻ കഴിയൂ എന്ന നിലയിലാണ്.

എത്രയും വേഗം നാട്ടിലേക്ക് മടക്കി അയക്കാൻ സഹായം അഭ്യർഥിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ശശി തരൂർ എം.പി. എന്നിവരെയും ഇവർ ബന്ധപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img