07:57pm 14 June 2024
NEWS
ഹാസൻ ലൈംഗികപീഡനം: പിടിക്കാൻ എസ്ഐടിയും വഴുതാൻ പ്രജ്വലും
30/05/2024  12:48 PM IST
വിഷ്ണുമംഗലം കുമാർ
ഹാസൻ ലൈംഗികപീഡനം: പിടിക്കാൻ എസ്ഐടിയും വഴുതാൻ പ്രജ്വലും

ദേശീയതലത്തിൽ ചർച്ചയായ ഹാസൻ ലൈംഗിക പീഡനക്കേസിൽ പ്രതിസ്ഥാനത്തുള്ള ജെഡിഎസ് എം പി പ്രജ്വൽരേവണ്ണയെ ഏതുവിധേനെയും നാളെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. മ്യുണിക്കിൽ നിന്നുള്ള      ലുഫ്താൻസ വിമാനത്തിൽ നാളെ പുലർച്ചെ പന്ത്രണ്ടരയ്ക്ക് ബംഗളുരുവിൽ എത്തുമെന്നാണ് രണ്ടുദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോവിലൂടെ പ്രജ്വൽ അറിയിച്ചത്. വിമാനടിക്കറ്റ് കൺഫേം ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രജ്വൽ കബളിപ്പിക്കുമെന്ന സംശയം എസ്ഐടിയ്ക്കുണ്ട്. ജർമ്മനിയിൽ നിന്നും ഇന്ത്യയിലെത്തുന്ന പ്രജ്വൽ മറ്റു വിമാനം വഴിയോ റോഡു മാർഗ്ഗമോ ബംഗളുരുവിലേക്ക് എത്തിച്ചേരാനിടയുണ്ട്. എസ് ഐ ടി യ്ക്ക് നേരിട്ട് പിടികൊടുക്കാതിരിക്കാൻ അയാൾ പരമാവധി ശ്രമിക്കുമെന്നാണ് സൂചന. ബംഗളുരുവിലെ പ്രത്യേക കോടതി പ്രജ്വലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് പ്രജ്വലിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാൻ പ്രത്യേക കോടതി വിസമ്മതിച്ചിരുന്നു. മെയ് 18 ന് ഇതേ കോടതിയിൽ നിന്ന് എസ് ഐ ടി അറസ്റ്റ് വാറണ്ട് കൈപ്പറ്റിയിരുന്നു. കുറ്റങ്ങൾ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ്        മുൻകൂർ ജാമ്യഹരജിയിൽ പറയുന്നത്. 'വോട്ടെടുപ്പിന് ശേഷം ജർമ്മനിയിലേക്ക് പോയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ്. കേസ്സിനെ കുറിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇല്ലാകാര്യങ്ങൾ അതിശയോക്തിയോടെ രാഹുൽഗാന്ധിയും മറ്റും പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി. കടുത്ത മനപ്രയാസമാണ് കേസ്സും തുടർന്നുള്ള സംഭവവികാ സങ്ങളും ഉളവാക്കിയത്'. മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഹാസനിലെ ആർ സി റോഡിലുള്ള പ്രജ്വലിന്റെ ഔദ്യോഗികവസതി ഇന്നലെ റെയ്ഡ് ചെയ്ത എസ് ഐ ടി കിടക്ക, തലയണ തുടങ്ങിയ സാധനങ്ങൾ എടുത്തുകൊണ്ടുപോയി. ഫോറൻസിക് വിദഗ്ദരെയും കൂട്ടിയാണ് എസ് ഐ ടി റെയ്ഡ് നടത്തിയത്. പ്രജ്വലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുരോഗമന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ഇന്ന് ഹാസനിൽ പ്രതിഷേധറാലി നടത്തുന്നുണ്ട്. സി പി എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെ നിരവധി പ്രമുഖർ റാലിയെ അഭിസംബോധന ചെയ്യും.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL