
വാഷിങ്ടൺ: അമേരിക്കയിൽ ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡ് ഒഴിവാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്1ബി ഉൾപ്പെടെയുള്ള ചില താൽക്കാലിക തൊഴിൽ വീസകളുള്ളവരെയാണ് തീരുമാനം നേരിട്ട് ബാധിക്കുക.
യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച പുതിയ ചട്ടഭേദഗതിയിലാണ് ഗ്രേസ് പീരിയഡ് സംബന്ധിച്ച നിർണായക മാറ്റം നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോലി അവസാനിച്ചാൽ പുതിയ സ്പോൺസറെ കണ്ടെത്തുന്നതിനായി 60 ദിവസം വരെ യുഎസിൽ തുടരാൻ വിദേശ തൊഴിലാളികൾക്ക് അനുമതിയുണ്ട്.
പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, എച്ച്1ബി ഉൾപ്പെടെയുള്ള ചില തൊഴിൽ വീസകളിലുള്ളവർക്ക് ജോലി അവസാനിക്കുന്നതോടെ യുഎസിൽ തുടരാനുള്ള അവസരം നഷ്ടപ്പെടും. പുതിയ തൊഴിൽദാതാവിനെ കണ്ടെത്താൻ ലഭിക്കുന്ന അധിക സമയവും ഇതോടെ ഇല്ലാതാകും.
വിദേശ വിദഗ്ധ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് പുതിയ ചട്ടം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ജീവനക്കാരുടെ തൊഴിൽ അവസാനിക്കുന്ന സാഹചര്യത്തിൽ കമ്പനികൾക്കും പുതിയ നിയമന നടപടികൾ വേഗത്തിലാക്കേണ്ടിവരും.
നിയമവിധേയമായ കുടിയേറ്റം കൂടുതൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. വിദഗ്ധ തൊഴിലാളികൾക്കുള്ള വീസ ഫീസിൽ വൻ വർധന വരുത്തിയതിനു പിന്നാലെയാണ് ഗ്രേസ് പീരിയഡ് സംബന്ധിച്ചും കടുത്ത നിലപാട് സ്വീകരിക്കുന്നത്.
അമേരിക്കയിലെ വിവിധ മിഷനുകളിൽ കുടിയേറ്റ വീസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്ന നടപടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഭിമുഖങ്ങൾ നിർത്തിവച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
2017ലാണ് തൊഴിൽ വീസയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽദാതാവിനെ കണ്ടെത്തുന്നതിനായി 60 ദിവസത്തെ ഗ്രേസ് പീരിയഡ് നിലവിൽ വന്നത്. പുതിയ ചട്ടഭേദഗതി നടപ്പായാൽ വർഷങ്ങളായി നിലവിലുള്ള ഈ ഇളവാണ് ഇല്ലാതാകുക.
അതേസമയം, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികളുടെ പ്രവർത്തനങ്ങളിൽ പുതിയ തീരുമാനം തടസ്സങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഡിഎച്ച്എസ് തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കുന്നു.










