05:41pm 24 September 2026
NEWS
‘ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം’; വീണ്ടും സമരത്തിനൊരുങ്ങി സിജെപി
24/09/2026  04:33 PM IST
nila
‘ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം’; വീണ്ടും സമരത്തിനൊരുങ്ങി സിജെപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ എതിർക്കുന്നവർ ഒന്നിക്കണമെന്ന ആഹ്വാനവുമായി അഭിജിത് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചു. 


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് സിജെപി ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകുന്നു. എസ്ഐആർ നിർത്തിവെക്കണമെന്നും കമ്മീഷന്റെ തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. സ്കൂളുകളുടെ അവസ്ഥ, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ സംഘടനയുടെ പ്രചാരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ജനങ്ങൾക്ക് അവരുടെ വോട്ടവകാശം തന്നെ വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇത്തരം വിഷയങ്ങളിൽ നടത്തുന്ന പ്രചാരണങ്ങൾക്ക് എന്ത് പ്രയോജനമാണുള്ളതെന്ന ചോദ്യവും ദാസ് ഉന്നയിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ നേരത്തെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.

കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ നടപടിക്രമങ്ങളിലെ പാളിച്ചകൾ രേഖാമൂലം ചൂണ്ടിക്കാട്ടിയെന്ന വിവരമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ചില പരിഷ്കാരങ്ങൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപ്പാക്കിയതെന്ന് സന്ധുവും വിവേക് ജോഷിയും ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്. ഇംഗ്ലിഷ് ദിനപത്രമായ ‘ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇക്കാര്യം സംബന്ധിച്ച് ഇരുവരും വെവ്വേറെ കുറിപ്പുകൾ കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നത സംബന്ധിച്ച ചർച്ചകളും കൂടുതൽ ശക്തമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img