07:40am 30 April 2026
NEWS
യുവതിയെ ഭർത്താവ് നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി
13/09/2025  12:19 PM IST
nila
യുവതിയെ ഭർത്താവ് നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി

പട്ടാപ്പകൽ നടുറോഡിൽവെച്ച് യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപത്തുവെച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു  സംഭവം. ഇരുപത്തെട്ടുകാരിയായ നന്ദിനിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് അരവിന്ദ് പരിഹാർ ആണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 

 ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നന്ദിനിയെ തടഞ്ഞുനിർത്തി വെടിയുതിർത്തത്. യുവതിയുടെ തലയിലാണ് വെടിയേറ്റത്. 

‘‘പകൽ സമയം ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കാൻ സാധിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുൻപ് നാട്ടുകാർ കൊലയാളിയെ മർദ്ദിച്ചു. നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല’’- ഗ്വാളിയർ എസ്പി ധരംവീർ യാദവ് പറഞ്ഞു. 

സെപ്റ്റംബർ 9ന് നന്ദിനി എസ്പി ഓഫിസിൽ അരവിന്ദിനെതിരെ പരാതി നൽകിയിരുന്നു. തന്നെ വഞ്ചിച്ചുവെന്നും വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും കാണിച്ചാണ് പരാതി നൽകിയിരുന്നത്.  2024 നവംബറിൽ അരവിന്ദും സുഹൃത്ത് പൂജ പരിഹറും തന്നെ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. ഇവർക്കിടയിൽ വഴക്കുകൾ സ്ഥിരമായിരുന്നെങ്കിലും പലതും ഒത്തുതീർപ്പാക്കി ദാമ്പത്യം തുടരുകയായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്ന സമയത്ത് നന്ദിനി ഭർത്താവിൽനിന്നു വേർപ്പെട്ടാണ് താമസിച്ചിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img