09:03pm 14 September 2026
NEWS
ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടി ജീവനൊടുക്കി
14/09/2026  03:50 PM IST
nila
ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടി ജീവനൊടുക്കി

ഗുവാഹത്തി: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ ഹാതിഗാവ് പൊലീസ് സ്റ്റേഷനിലായിരുന്നു കസ്റ്റഡിയിൽ.

തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാമാനുജിനെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് സംഭവം. നരകാസുർ പഹറിന് സമീപം പുലർച്ചെ രണ്ടുമണിയോടെ പൊലീസ് വാഹനത്തിന്റെ ടയർ പഞ്ചറായി. ടയർ മാറ്റിയ ശേഷം യാത്ര പുനരാരംഭിച്ചെങ്കിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ഒരു കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം ഡോർ തുറന്ന് രാമാനുജ് പുറത്തേക്ക് ചാടിയെന്നാണ് ഗുവാഹത്തി ഈസ്റ്റ് ഡിസിപി തബു റാം പെഗു വ്യക്തമാക്കിയത്. വാഹനത്തിൽനിന്ന് ചാടിയ ഇയാൾ സമീപത്തെ കൊക്കയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു.

പൊലീസ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി രാമാനുജിനെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയെ സംശയിച്ചതിനെ തുടർന്നാണ് സെപ്റ്റംബർ മൂന്നിന് രാമാനുജ് റിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തല വെട്ടിമാറ്റുകയായിരുന്നു. അതിനുശേഷം ദേഷ്യം തീരാതെ ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് അവളുടെ മുഖം പൂർണമായി വികൃതമാക്കുകയും ആയിരുന്നു. വെട്ടിമാറ്റിയ തല ഫ്ലാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.

സെപ്റ്റംബർ ആറിനാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസമായി ഇരുവരെയും പുറത്തുകണ്ടിരുന്നില്ലെന്നും അവരുടെ ഫോണുകൾ സ്വിച്ച് ഓഫായിരുന്നെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി. അഴുകിത്തുടങ്ങിയ നിലയിലാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. എന്നാൽ തല കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിനുള്ളിൽ തല സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img