09:18am 07 June 2026
NEWS
ഗുരുവായൂർ ദേവസ്വം നിയമനം: എഴുത്തുപരീക്ഷ കഴിഞ്ഞ് 11 മാസം കഴിഞ്ഞിട്ടും റാങ്ക് പട്ടികയില്ല; ഉദ്യോഗാർഥികൾ ആശങ്കയിൽ
07/06/2026  07:53 AM IST
nila
ഗുരുവായൂർ ദേവസ്വം നിയമനം: എഴുത്തുപരീക്ഷ കഴിഞ്ഞ് 11 മാസം കഴിഞ്ഞിട്ടും റാങ്ക് പട്ടികയില്ല; ഉദ്യോഗാർഥികൾ ആശങ്കയിൽ

കോഴിക്കോട്: ഗുരുവായൂർ ദേവസ്വംബോർഡിലെ 38 തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷ കഴിഞ്ഞ് ഏകദേശം 11 മാസം പിന്നിട്ടിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിലും നിയമനനടപടികൾ പൂർത്തിയാക്കാത്തതിലും പ്രതിഷേധവുമായി ഉദ്യോഗാർഥികൾ രംഗത്ത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയതായി ഉദ്യോഗാർഥി കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.

2025 മാർച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ച നിയമനത്തിനായുള്ള പരീക്ഷ 2025 ജൂലൈ 13-നാണ് നടന്നത്. സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷയെഴുതിയിരുന്നു. എന്നാൽ കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികൾ നീളുന്നതാണ് റാങ്ക് പട്ടിക പ്രസിദ്ധീകരണവും നിയമനവും വൈകാൻ കാരണമെന്നാണ് ഉദ്യോഗാർഥികളുടെ വിലയിരുത്തൽ.

300 മുതൽ 1000 രൂപവരെ അപേക്ഷാഫീസ് അടച്ചാണ് ഉദ്യോഗാർഥികൾ പരീക്ഷയിൽ പങ്കെടുത്തത്. അതേസമയം, ഗുരുവായൂർ ദേവസ്വംബോർഡിൽ നിലവിൽ ജോലി ചെയ്യുന്ന 722 താത്കാലിക ജീവനക്കാർ നിയമന അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇവരിൽ പലരും പരീക്ഷയും എഴുതിയിട്ടുണ്ട്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് സുപ്രീംകോടതി പിന്നീട് സ്റ്റേ അനുവദിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്ന മുൻകാല സുപ്രീംകോടതി വിധികൾ നിലനിൽക്കുന്നതിനിടയിലും, കോടതിയുടെ നിർദേശപ്രകാരം ഇവർക്ക് വയസിളവും പ്രവൃത്തി പരിചയത്തിന് ഗ്രേസ് മാർക്കും നൽകി പരീക്ഷ നടത്തുകയായിരുന്നു.

റാങ്ക് പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ള 36 മുതൽ 40 വയസ് വരെയുള്ള നിരവധി ഉദ്യോഗാർഥികൾക്ക് പ്രായപരിധി കാരണം ഭാവിയിൽ മറ്റ് പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാതെ വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ആവശ്യമായ വലിയ സാമ്പത്തിക ബാധ്യതയും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നപരിഹാരത്തിനായി ജനപ്രതിനിധികളെ സമീപിക്കാനാണ് അവരുടെ തീരുമാനം.

അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് താത്കാലിക ജീവനക്കാർ നൽകിയ ഹർജി സുപ്രീംകോടതി ജൂലൈ 21-ന് പരിഗണിക്കാനിരിക്കുകയാണെന്ന് കെ.ഡി.ആർ.ബി ചെയർമാന്റെ ഓഫീസ് അറിയിച്ചു. കേസ് പരിഗണിച്ച് തുടർനിർദേശം ലഭിക്കുന്നതുവരെ റാങ്ക് പട്ടിക സംബന്ധിച്ച് തീരുമാനമെടുക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മൂല്യനിർണയ നടപടികൾ പൂർത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിനിടെയാണ് കോടതി ഉത്തരവ് ലഭിച്ചതെന്നും അവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img