
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് മൂന്നുപേരെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കത്തിന് മന്ത്രിസഭയിൽനിന്ന് എതിർപ്പ്. മതിയായ കൂടിയാലോചനകൾ നടത്താതെ തയ്യാറാക്കിയ നിയമനപ്പട്ടിക അംഗീകരിക്കാൻ ഹിന്ദുമന്ത്രിമാരിൽ ഭൂരിഭാഗവും തയ്യാറായില്ലെന്നാണ് വിവരം. ഇതോടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിമാർക്കിടയിൽ കുരുങ്ങി.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരാണ് അംഗങ്ങളെ തീരുമാനിക്കേണ്ടത്. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന പട്ടികയ്ക്ക് ഹിന്ദുമന്ത്രിമാർ അംഗീകാരം നൽകുകയാണ് പതിവ്. മുഖ്യമന്ത്രിയടക്കം ഒൻപത് മന്ത്രിമാരാണ് ഈ വിഭാഗത്തിലുള്ളത്. എന്നാൽ കെ.എ. തുളസി മാത്രമാണ് നിർദേശിച്ച പട്ടികയിൽ ഒപ്പുവെച്ചത്. മറ്റ് മന്ത്രിമാർ ഫയൽ ഒപ്പിടാതെ മാറ്റിവെച്ചിരിക്കുകയാണെന്ന വിവരം തുളസി അറിയുന്നത് പിന്നീടാണ്.
ബോർഡിലേക്ക് പൊതുവിഭാഗത്തിൽനിന്ന് രണ്ടുപേരെയും ജീവനക്കാരുടെ പ്രതിനിധിയായി ഒരാളെയുമാണ് നിയമിക്കേണ്ടത്. ഇതനുസരിച്ച് പാലക്കാട് ഡി.സി.സി. മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ ഉൾപ്പെടെ രണ്ട് കോൺഗ്രസ് നേതാക്കളുടെയും ഒരു ജീവനക്കാരന്റെയും പേരുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചത്. എന്നാൽ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് പാർട്ടിയുമായോ ബന്ധപ്പെട്ട മന്ത്രിമാരുമായോ ചർച്ച നടത്തിയില്ലെന്നതാണ് എതിർപ്പിന് പ്രധാന കാരണം.
സാമുദായിക പ്രാതിനിധ്യവും മന്ത്രിമാരുടെ വിയോജിപ്പിന് കാരണമായെന്നാണ് സൂചന. പൊതുവിഭാഗത്തിൽനിന്ന് നിർദേശിക്കപ്പെട്ട രണ്ടുപേരും നായർ സമുദായത്തിൽപ്പെട്ടവരാണ്. ജീവനക്കാരുടെ പ്രതിനിധി ഈഴവ വിഭാഗത്തിൽനിന്നും. പൊതുവിഭാഗത്തിലെ അംഗങ്ങളിൽ ഒരാൾക്കെങ്കിലും ഈഴവ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും ചില മന്ത്രിമാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ചെയർമാനടക്കം രണ്ടുപേരെ നിയമിച്ചിരുന്നു. കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ എ.വി. ഗോപിനാഥാണ് നിലവിലെ ചെയർമാൻ. ഇവരുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ശേഷിക്കുന്നുണ്ട്.
അതേസമയം, ദേവസ്വം ബോർഡുകളിലെ ചെയർമാൻ, അംഗത്വ സ്ഥാനങ്ങൾക്കായി കോൺഗ്രസ് നേതൃത്വത്തിന് പാർട്ടിയിലെ വിവിധ നേതാക്കളിൽനിന്ന് വലിയ സമ്മർദമാണ് നേരിടേണ്ടിവരുന്നത്. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിലും പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്.
ഇത്തരം നിയമനഫയലുകളിൽ മന്ത്രിമാർ എത്ര ദിവസത്തിനകം ഒപ്പിടണമെന്നതിന് പ്രത്യേക സമയപരിധിയില്ല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിർദേശങ്ങളുടെ സാഹചര്യം വിശദീകരിച്ചാൽ മന്ത്രിമാർ നിലപാട് മാറ്റിയേക്കാമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽത്തന്നെ ഭൂരിഭാഗം മന്ത്രിമാരും ഒരുമിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് വകുപ്പുമന്ത്രി സണ്ണി ജോസഫ് നേരത്തെ പരസ്യമായി പ്രതികരിച്ചത് വിവാദമായിരുന്നു. പുതിയ നിയമനത്തിലും മന്ത്രിമാരുമായി വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന പരാതി ഉയർന്നതോടെ സർക്കാരിനുള്ളിലെ ഏകോപനക്കുറവ് വീണ്ടും ചർച്ചയാകുകയാണ്.










