
ന്യൂ ഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ് പരോളിലിറങ്ങിയതോടെ ഈ ആത്മീയ നേതാവ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ചർത്തകൾ വീണ്ടും സജീവമാണ്. 30 ദിവസമാണ് ഈ ആൾദൈവത്തിന് ഇക്കുറി പരോൾ അനുവദിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുണ്ടെങ്കിൽ ഗുർമീത് റാം റഹീം സിംഗിന് പരോൾ ലഭിക്കും എന്നതാണ് അവസ്ഥ. 2017 ൽ ബലാത്സംഗ കേസിൽ ജയിലിലായതിന് പിന്നാലെ ഇത് പന്ത്രണ്ടാമത്തെ തവണയാണ് ഗുർമീത് പരോളിൽ പുറത്തെത്തുന്നത്.
രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഗുർമീത് റാം റഹീമിനെ 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പരോൾ കാലാവധിയിലെ ആദ്യ 10 ദിവസം സിർസ ആശ്രമത്തിലും ബാക്കി 20 ദിവസം ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബർനവ ആശ്രമത്തിലുമാണ് ഗുർമീത് തങ്ങുക. അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് പരോൾ കാലയളവിൽ ദേര ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിർസ ആശ്രമം സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്, ഹരിയാനയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗുർമീത് പുറത്ത് എത്തിയിരിക്കുന്നത്.ഉത്തരേന്ത്യയിൽ ഇയാൾക്ക് വലിയ ആരാധകരാണുള്ളത്. ദേരയ്ക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി നേരത്തെയും ഇയാൾക്ക് പരോൾ ലഭിച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആൾദൈവത്തിന് തെരഞ്ഞെടുപ്പ് സമയത്ത് ജാമ്യം നൽകുന്നത് എന്ന ആരോപണം നേരത്തേ തന്നെ ഉയർന്നിട്ടുണ്ട്. ഹരിയാന നിയമസഭാ- പഞ്ചായത്ത് - മുനിസിപ്പൽ കോപ്പറേഷൻ തെരഞ്ഞെടുപ്പ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ്, ആദംപൂർ ഉപതെരഞ്ഞെടുപ്പ്, പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പ്, ബറോഡ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളിൽ എല്ലാം ഗുർമീതിന് പരോൾ അനുവദിക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു.
2020 ഒക്ടോബറിൽ ബറോഡ ഉപതെരഞ്ഞെടുപ്പിനാണ് ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം രാഷ്ട്രീയത്തിൽ ഇടപെടാനായി ആദ്യം പരോൾ നേടിയത്. അമ്മയെ കാണാൻ എന്ന പേരിലായിരുന്നു അത്. പിന്നീട്, 2022 ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 21 ദിവസത്തെ പരോൾ. 2022 ജൂണിൽ ഹരിയാനയിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനും ഇയാൾക്ക് ജാമ്യം ലഭിച്ചു. അന്ന് 30 ദിവസമാണ് ഇയാൾ ജയിലിന് പുറത്ത് കഴിഞ്ഞത്.
2022 ഒക്ടോബറിൽ ആദംപൂരിൽ ഉ തെരഞ്ഞെടുപ്പ് സമയത്ത് 40 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചത്. പിന്നീട് 2023 ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ ഹരിയാനയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അതിന് തൊട്ടുമ്പ് 30 ദിവസത്തെ പരോളാണ് ഈ ആൾദൈവത്തിന് അനുവദിച്ചത്. 2023 നവംബറിൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും ഗുർമീത് റാം റഹീമിനെ പ്രസാദിപ്പിക്കാൻ പരോൾ നൽകി. അന്ന് 29 ദിവസമാണ് ഇയാൾ ജയിൽമോചിതനായത്. 2024 ഒക്ടോബർ മാസത്തിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് 24 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചത്. ഇപ്പോഴിതാ, 30 ദിവസം ജയിലിന് പുറത്തുള്ള ഗുർമീത് റാം റഹീം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും ഹരിയാനയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിലും തന്റെ അനുയായികൾക്ക് കൃത്യമായ നിർദ്ദേശം നൽകും. ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാര സ്മരണയെന്നോണം അടുത്ത തെരഞ്ഞെടുപ്പ് കാലത്തും ആൾദൈവം ജയിലിന് പുറത്തെത്തുകയും ചെയ്യും.











